മോദിയുടെ ബിരുദം: ഹരജി തള്ളി ഡല്‍ഹി സര്‍വകലാശാല

Posted on: May 24, 2018 6:02 am | Last updated: May 24, 2018 at 1:05 am

ന്യൂഡല്‍ഹി: വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ തേടിയ അപേക്ഷകനെതിരെ ഡല്‍ഹി സര്‍വകലാശാല. മോദി ഡല്‍ഹി സര്‍വകലാശാലയില്‍ ബിരുദ പഠനം നടത്തിയെന്ന് അദ്ദേഹം അവകാശപ്പെടുന്ന 1978ലെ സര്‍വകലാശാല പരീക്ഷാ റെക്കോര്‍ഡ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട വിവരാവകാശ പ്രവര്‍ത്തകന്റെ ഹരജി അധികൃതര്‍ തള്ളി. ഇതിന് പിന്നില്‍ വിലകുറഞ്ഞ പ്രചാരണ തന്ത്രമാണെന്നാണ് സര്‍വകലാശാലയുടെ ന്യായീകരണം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും മറ്റ് രേഖകളും നല്‍കാന്‍ ഡല്‍ഹി സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കിയ കേന്ദ്ര വിവരാവകാശ കമ്മീഷണറെ നേരത്തെ തത്സ്ഥാനത്ത് നിന്ന് മാറ്റിയത് വിവാദമായിരുന്നു. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കുന്ന മാനവവിഭവ വകുപ്പിന്റെ ചുമതലയിലുണ്ടായിരുന്ന വിവരാവകാശ കമ്മീഷണര്‍ ആചാര്യുലുവിനെയായിരുന്നു മാറ്റിയിരുന്നത്. മോദി ബിരുദം നേടിയതായി പറയപ്പെടുന്ന 1978 ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ പഠിച്ചിറങ്ങിയ എല്ലാ ബി എ വിദ്യാര്‍ഥികളുടെയും വിവരങ്ങളും രേഖകളുടെ പകര്‍പ്പുകളും നല്‍കാനായിരുന്നു സര്‍വകലാശാലയോട് ആവശ്യപ്പെട്ടിരുന്നത്.