Connect with us

National

ബി ജെ പിയുടെ ആസ്തി കുത്തനെ വര്‍ധിച്ചു; കോണ്‍ഗ്രസില്‍ കനത്ത പ്രതിസന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: 2014ല്‍ അധികാരത്തിലെത്തിയതിന് ശേഷം ബി ജെ പിയുടെ ആസ്തി കുത്തനെ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കോര്‍പറേറ്റുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ സംഭാവന സ്വീകരിക്കുന്ന പാര്‍ട്ടി ഇപ്പോള്‍ ബി ജെ പിയാണ്. ഇതേത്തുടര്‍ന്നാണ് കോടികള്‍ ചെലവിട്ട് പഞ്ചനക്ഷത്ര ഹോട്ടലിന് സമാനമായ പാര്‍ട്ടി ആസ്ഥാനം പണികഴിപ്പിച്ചത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോമിന്റെ കണക്ക് അനുസരിച്ച് ബി ജെ പിയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം 1034 കോടിയാണ് . ഒറ്റ വര്‍ഷം കൊണ്ട് ആസ്തിയില്‍ 81 ശതമാനം വര്‍ധനയാണ് ഉണ്ടായത്.

അതേസമയം, കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. പ്രചാരണ പരിപാടികള്‍ക്ക് പോലും പണമില്ലാതെ കോണ്‍ഗ്രസ് വലയുകയാണ്. പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയിരുന്ന ട്രാവല്‍ അലവന്‍സ്, ടീ അലവന്‍സ് എന്നിവ ഇതിനോടകം തന്നെ നിര്‍ത്തലാക്കിയിട്ടുണ്ട്. 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നിരയെ നയിക്കേണ്ട കോണ്‍ഗ്രസ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് ബി ജെ പിക്കെതിരെ ദേശീയതലത്തിലുള്ള പ്രചാരണങ്ങളെ തന്നെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ അഞ്ച് മാസ കാലമായി പാര്‍ട്ടിയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് പല പി സി സി കമ്മിറ്റികളും വ്യക്തമാക്കുന്നത്. കേന്ദ്രത്തിലും മിക്ക സംസ്ഥാനങ്ങളിലും അധികാരം നഷ്ടമായതോടെ കോര്‍പറേറ്റുകളില്‍ നിന്നടക്കമുള്ള സംഭാവനകള്‍ നിലച്ചതാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറുള്ള വിവിധ കോര്‍പറേറ്റ് കമ്പനികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നതും ഇതിന് കാരണമായി. അതേസമയം, ഇപ്പോഴുള്ള പ്രതിസന്ധി തരണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പ്രവര്‍ത്തകരില്‍ നിന്ന് പണം സ്വരൂപിക്കാനും നേതാക്കളുടെ അലവന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വെട്ടിച്ചുരുക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. “ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ്” പോലുള്ള സാധ്യതകള്‍ പരീക്ഷിക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

കോര്‍പറേറ്റുകള്‍ക്ക് ഇപ്പോള്‍ കോണ്‍ഗ്രസിനേക്കാള്‍ താത്പര്യം ബി ജെ പിയോടാണെന്നുള്ളതുകൊണ്ട് 2019 ലെ തിരഞ്ഞെടുപ്പിനാവശ്യമായ ഫണ്ട് സ്വരൂപിക്കാന്‍ പൊതുജനത്തിന് മുന്നലെത്തുകയല്ലാതെ കോണ്‍ഗ്രസിന് വേറെ വഴിയില്ലെന്ന് വ്യക്തമാണ്. സംസ്ഥാന, പ്രാദേശിക തലങ്ങളിലും സ്ഥിതി വിഭിന്നമല്ല. രാജ്യത്തെ 21 സംസ്ഥാനങ്ങളില്‍ നേരിട്ടോ സഖ്യത്തിലോ ബി ജെ പി ഭരണം നടത്തുന്നുണ്ട്. ഇവിടങ്ങളിലും ബി ജെ പിക്ക് ഫണ്ട് കണ്ടെത്തുകയെന്നത് പ്രയാസകരമാകില്ല. ഗുജറാത്തിലെയും കര്‍ണാകയിലെയും തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ബി ജെ പിയോട് നേരിടാന്‍ പാകപ്പെട്ടുവരുന്നതിനിടെ സാമ്പത്തിക പ്രതിസന്ധി നേരിടുകയെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാകുമെന്നുറപ്പാണ്.

---- facebook comment plugin here -----

Latest