ലിവര്‍പൂളിനെ ബഹുമാനിക്കുന്നു, ഭയക്കുന്നില്ല : ക്രിസ്റ്റ്യാനോ

Posted on: May 24, 2018 6:05 am | Last updated: May 24, 2018 at 12:47 am

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ എതിരാളികളായ ലിവര്‍പൂളിനെ കുറിച്ച് റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഏറെ മതിപ്പ്. അതിവേഗക്കാരായ മൂന്ന് മുന്നേറ്റക്കാരുള്ള ലിവര്‍പൂളിന്റെ ആക്രമണ നിര മികച്ചതാണ്. ഏതാനും വര്‍ഷം മുമ്പ് റയല്‍ കളിച്ചത് പോലെയാണ് ലിവര്‍പൂള്‍ ഇപ്പോള്‍ കളിക്കുന്നത്.

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ആന്‍ഫീല്‍ഡ് ക്ലബ്ബിന് അര്‍ഹതക്കുള്ള അംഗീകാരമാണ്. ലിവര്‍പൂളിനെ അങ്ങേയറ്റം ബഹുമാനിക്കുന്നു. അതേസമയം ചാമ്പ്യന്‍സ് ലീഗ് തന്റെ ടീം ഉയര്‍ത്തുമെന്ന് ക്രിസ്റ്റ്യാനോ അവകാശവാദം ഉന്നയിച്ചു. ചരിത്രവും പരിചയ സമ്പത്തും റയലിന് തുണയാണെന്നും പോര്‍ച്ചുഗീസ് താരം. സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണക്ക് പതിമൂന്ന് പോയിന്റ് പിറകിലായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത റയലിന് സീസണില്‍ തല ഉയര്‍ത്തിപ്പിടിക്കാനുള്ള അവസരമാണ് ചാമ്പ്യന്‍സ് ലീഗ് കിരീടം.

കഴിഞ്ഞ രണ്ട് സീസണിലും റയലാണ് ചാമ്പ്യന്‍മാര്‍. ഹാട്രിക്ക് കിരീടം എന്ന ചരിത്ര നേട്ടത്തിനരികിലാണ് ക്രിസ്റ്റ്യാനോയും സംഘവും.ചാമ്പ്യന്‍സ് ലീഗ് തന്നെ സംബന്ധിച്ച് ഏറെ പ്രത്യേകതയുള്ള ടൂര്‍ണമെന്റാണ്. സീസണില്‍ ചാമ്പ്യന്‍സ് ലീഗിലെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളിലും ഞാന്‍ സ്‌കോര്‍ ചെയ്തു. വ്യക്തിപരമായി ഏറെ പ്രചോദിതനാണ്. ലാ ലിഗയിലേറ്റ തിരിച്ചടി മറക്കാന്‍ ചാമ്പ്യന്‍സ് ലീഗ് വിജയം അനിവാര്യമാണ് – ക്രിസ്റ്റ്യാനോ പറഞ്ഞു. ശനിയാഴ്ചയാണ് ഫൈനല്‍.