നവീന്‍ പട്‌നായ്ക്കും ചന്ദ്രശേഖര്‍ റാവുവും സത്യപ്രതിജ്ഞക്കെത്തിയില്ല

Posted on: May 24, 2018 6:27 am | Last updated: May 24, 2018 at 12:29 am

ബെംഗളൂരു: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയില്ല. സത്യപ്രതിജഞയില്‍ പങ്കെടുക്കാത്ത പ്രതിപക്ഷ നേതാക്കളില്‍ പ്രമുഖരാണ് ഇരുവരും. മോദി സര്‍ക്കാറിന്റെ ശത്രുത പിടിച്ചുപറ്റാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് നവീന്‍ ചടങ്ങിനെത്താതിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിപക്ഷത്തിന്റെ ഒത്തുചേരല്‍ കൂടിയായാണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കണക്കാക്കപ്പെടുന്നത്. ആ നിലക്ക് മോദിയുടെ ശത്രുപക്ഷത്ത് നിലയുറപ്പിക്കാന്‍ നവീന്‍ പട്‌നായിക്കിന് താത്പര്യമില്ല.

തെലങ്കാന രാഷ്ട്രസമിതിയുടെ പ്രധാന എതിരാളിയായ കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ താത്പര്യമില്ലാത്ത തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും ചടങ്ങില്‍ പങ്കെടുത്തില്ല. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയിതര കോണ്‍ഗ്രസിതര ഫെഡറല്‍ ഫ്രണ്ടിന് വേണ്ടി മമത ബാനര്‍ജിക്കൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് ചന്ദ്രശേഖര റാവു. അതുകൊണ്ട് തന്നെ കഴിഞ്ഞദിവസം ബെംഗളൂരുവിലെത്തി കുമാരസ്വാമിയെ കണ്ട് ആശംസകള്‍ അറിയിച്ച റാവു ഹൈദരാബാദിലേക്ക് തിരിക്കുകയായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി പളനി സ്വാമി, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെഎന്നിവരും ചടങ്ങിനെത്തിയില്ല. ശിവേസനയിലെ ഏതെങ്കിലും പ്രതിനിധികളെ കര്‍ണാടകയിലെ ചടങ്ങിലേക്ക് അയക്കണമെന്ന് ദേവഗൗഡ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ എല്ലാവരും തിരക്കിലാണെന്ന മറുപടിയാണ് ലഭിച്ചത്. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് എല്ലാ ഭാവുകങ്ങളും ഉദ്ധവ് നേര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.