തൂത്തുക്കുടിയില്‍ വീണ്ടും പോലീസ് വെടിവെപ്പ്; ഒരു മരണം

പോലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു
Posted on: May 23, 2018 3:02 pm | Last updated: May 23, 2018 at 11:52 pm

തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വേദാന്തയുടെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്നവര്‍ക്കെതിരെ വീണ്ടും പോലീസ് വെടിവെപ്പ്. ഇന്നലെ നടന്ന വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച സമരക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെയും വെടിവെപ്പുണ്ടായത്. അണ്ണാ നഗറില്‍ പ്ലാന്റ് വിരുദ്ധ സമരവുമായി ഒത്തുകൂടിയവര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. കാളിയപ്പന്‍ (22) ആണ് മരിച്ചത്.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രദേശത്തെ വീട്ടുകാര്‍ പുറത്തിറങ്ങരുതെന്ന് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. അണ്ണാനഗറില്‍ ഒത്തുചേര്‍ന്ന സമരക്കാര്‍ പോലീസിന് നേരെ കല്ലേറ് നടത്തിയതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്നാണ് പോലീസ് പറയുന്നത്. നാല് പേര്‍ക്ക് വെടിയുണ്ടയേറ്റാണ് പരുക്കേറ്റത്. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ ബ്രയന്ത് നഗറില്‍ രണ്ട് പോലീസ് ബസുകള്‍ക്ക് സമരക്കാര്‍ തീവെച്ചു. ചൊവ്വാഴ്ചയുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയവര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. തൂത്തുക്കുടിയിലും സമീപ ജില്ലകളിലും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. അതിനിടെ, വെടിവെപ്പില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് തത്കാലം സംസ്‌കരിക്കേണ്ടെന്ന് തീരുമാനിച്ചു. തൂത്തുക്കുടി ജില്ലാ കലക്ടര്‍, പോലീസ് സൂപ്രണ്ട് എന്നിവരെ സ്ഥലംമാറ്റി.

പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തുറമുഖ നഗരമായ തൂത്തുക്കുടിയിലുള്ള സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. സമരത്തിന്റെ നൂറാം ദിവസമാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറുകയും പോലീസ് വെടിവെപ്പില്‍ പത്ത് പേര്‍ കൊല്ലപ്പെടുകയും ചെയ്തത്. പതിനേഴ് വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവരാണ് പോലീസ് വെടിവെപ്പില്‍ മരിച്ചുവീണത്.

പോലീസ് വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയെ ഏകാംഗ കമ്മീഷനായി നിയമിച്ചു. ഡി എം കെ വര്‍ക്കിംഗ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എസ് തിരുനാവുക്കരശര്‍, എം ഡി എം കെ നേതാവ് വൈകോ, മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ എന്നിവര്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ അനിശ്ചിതകാല റിലേ നിരാഹാര സത്യഗ്രഹം തുടങ്ങിയെങ്കിലും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി

തൂത്തുക്കുടിയില്‍ വേദാന്ത ലിമിറ്റഡിന്റെ രണ്ടാമത്തെ ചെമ്പ് ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. രണ്ടാമത്തെ പ്ലാന്റിന് പാരിസ്ഥിതികാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ ചോദ്യം ചെയ്ത് നല്‍കിയ പൊതുതാത്പര്യ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. വാദം കേട്ട ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂവെന്ന് ഹൈക്കോടതിയുടെ മധുരൈ ബഞ്ച് വ്യക്തമാക്കി. സെപ്തംബര്‍ 23ന് മുമ്പ് അപേക്ഷയില്‍ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി.

ചെമ്പ് ശുദ്ധീകരണ പ്ലാന്റില്‍ ഉത്പാദനം ഇരട്ടിയാക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. എട്ട് ലക്ഷം ടണ്‍ ആയി വര്‍ധിപ്പിക്കാനാണ് നീക്കം.