നിപ്പ വൈറസ് ലക്ഷണങ്ങളോടെ കോഴിക്കോട്‌ രണ്ട് പേര്‍കൂടി ചികിത്സ തേടി

Posted on: May 23, 2018 10:19 am | Last updated: May 23, 2018 at 3:50 pm

കോഴിക്കോട്: നിപ്പ വൈറസ് ബാധ ലക്ഷണങ്ങളോടെ രണ്ട് പേരെക്കൂടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ നിപ്പ ബാധ സ്ഥിരീകരിച്ച പാലാഴിയിലെ യുവാവിനെ ശുശ്രൂക്ഷിച്ച ബന്ധുക്കളാണിവര്‍. നിപ്പ ബാധയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന പാലാഴിയിലെ എബിന്‍ എന്ന യുവാവിനെ പരിചരിക്കാനായി ആശുപത്രിയില്‍ തങ്ങിയ രണ്ട് ബന്ധുക്കളിലാണ് ഇപ്പോള്‍ നിപ്പ ലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

ഇവരുടെ രോഗം സ്ഥിരീകരിച്ചിട്ടില്ല. രക്തസാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. മലപ്പുറം സ്വദേശിയായ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

നിപ വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോട് , ത്യശ്ശൂര്‍ ജില്ലകളിലായി 18 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 17 പേരും കോഴിക്കോടാണ് ചികിത്സ തേടുന്നത്. അതേ സമയം വൈറസിന്റെ ഉറവിടം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.