പരീക്ഷണപ്പനിയുടെ മതകീയ പാഠങ്ങള്‍

Posted on: May 23, 2018 6:05 am | Last updated: May 23, 2018 at 12:40 am

ആരോഗ്യം അതി മഹത്തായ അനുഗ്രഹമാണ്. ഏത് സുഖാനൂഭൂതിയും ആസ്വദിക്കണമെങ്കില്‍ ആരോഗ്യം വേണം. രോഗമില്ലാതിരിക്കലാണ് ശരിയായ ആരോഗ്യം. ആരോഗ്യവും പ്രതിരോധവും നശിക്കുന്നതിന്റെ അടയാളമാണ് രോഗം.

രോഗം ഒരിക്കലും ശിക്ഷയല്ല. അത് പരീക്ഷണമാണ്. സത്യവിശ്വാസിക്ക് രക്ഷയും. ഒരു രോഗവുമില്ലാതിരിക്കണമെന്നാഗ്രഹിക്കുന്നത് പൂര്‍ണമായും ശരിയല്ല. അസഹ്യമായ രോഗങ്ങളില്‍ നിന്ന് കാവല്‍ തേടുന്നത് നല്ലതാണ്. നിരവധി ഹദീസുകളില്‍ മാരകവും ഗുരുതരവുമായ രോഗങ്ങളില്‍ നിന്ന് കാവല്‍ തേടുന്ന പ്രാര്‍ഥനകള്‍ വന്നിട്ടുണ്ട്.

പനികളും പകരുന്ന രോഗങ്ങളും പണ്ടുകാലം മുതലേ ഉണ്ടായിട്ടുണ്ട്. കൂട്ട മരണങ്ങളും വലിയ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുമുണ്ട്. ആകുലതകളും ആശങ്കകളും നിറഞ്ഞ വിപല്‍ ഘട്ടങ്ങളില്‍ ചികിത്സകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പ്രാര്‍ഥനകളിലും ആരാധനകളിലും ജനം സജീവമാകുമായിരുന്നു.

അല്ലാഹുവിന്റെ ഭൂമിയില്‍, മനുഷ്യന്‍ പരിധിവിട്ട് കൂത്താടുമ്പോള്‍ സ്രഷ്ടാവ് മനുഷ്യനെ പരീക്ഷിക്കുകയാണ്. പരീക്ഷണം കുറ്റവാളികള്‍ക്ക് മാത്രമാകില്ല. സാര്‍വത്രികമായാണ് ഉണ്ടാകുക. വൈദ്യശാസ്ത്രം പകച്ചുനില്‍ക്കുന്ന വര്‍ത്തമാനകാല പകര്‍ച്ചവ്യാധികളും മറ്റും അനുഭവപ്പെടുമ്പോള്‍ അല്ലാഹുവിലേക്ക് മടങ്ങുകയല്ലാതെ രക്ഷയില്ല. ദൈവീക ചിന്തകളിലേക്കും പ്രാര്‍ഥനകളിലേക്കും ആരാധനകളിലേക്കും മടങ്ങുക. അതു മാത്രമാണ് ആത്യന്തിക പരിഹാരം.

നല്ലവര്‍ക്കും കടുത്ത അഗ്നിപരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് മതകീയ പാഠങ്ങള്‍ ബോധ്യപ്പെടുത്തുന്നുത്. തിരുനബി (സ)പറയുന്നു. ”മനുഷ്യന്റെ ദീന്‍ അനുസരിച്ച് അവന്‍ പരീക്ഷിക്കപ്പെടും. നല്ല മതബോധമുള്ളവര്‍ക്ക് ശക്തമായ പരീക്ഷണം നേരിടേണ്ടി വരും. ദീന്‍ ദുര്‍ബലമായവര്‍ക്ക് പരീക്ഷണം ലളിതമാകും” (ഹദീസ് അഹ്മദ്).

അയ്യൂബ് നബി (അ) രോഗബാധിതനായി നീണ്ടകാലം ക്ഷമിച്ചതിന്റെ പേരില്‍ അല്ലാഹു രോഗം മാറ്റിക്കൊടുക്കുകയും നഷ്ടപ്പെട്ട വീടും സമ്പാദ്യവും കൃഷിയും മക്കളെയുമെല്ലാം തിരിച്ച് കൊടുക്കുകയും ചെയ്തിരുന്നു. പ്രമുഖ താബിഈ പണ്ഡിതനായ ഉര്‍വതുബ്‌നുസുബൈര്‍ (റ) ന്റെ കാല്‍ ഈര്‍ച്ചവാള്‍കൊണ്ട് മുറിക്കപ്പെടുകയും മുആദ് (റ) വിന് കുടുംബ സമേതം പ്ലേഗ് രോഗം ബാധിച്ച് അവയവങ്ങള്‍ മുറിക്കപ്പെടുകയും അവസാനം കുടുംബത്തില്‍ പലരും പെട്ടെന്ന് മരണപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ പുതിയ പേരുകളില്‍ ചില വൈറസുകള്‍ താണ്ഡവമാടുന്ന വാര്‍ത്തകളാണ് ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. വവ്വാല്‍, നരിച്ചീര്‍, പന്നി തുടങ്ങിയ ജീവികളിലൂടെ മനുഷ്യനിലെത്തിയ നിപ്പാ, ഹെന്‍ഡ്ര വൈറസുകള്‍. മലേഷ്യയിലാണ് ആദ്യമായി കണ്ടെത്തിയതെങ്കിലും ഇന്ത്യയിലും കേരളത്തിലുമെല്ലാം ഇന്നത് ഭീതിപരത്തി, മരണം വിതച്ച് കൊണ്ടിരിക്കുകയാണ്. രോഗബാധിതരെ ചികിത്സിക്കുന്നവര്‍ പോലും മരിച്ചുവെന്ന വാര്‍ത്ത പരന്നതോടെ ജനം പകച്ചു നില്‍ക്കുകയാണ്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടുവെന്നാണ് പുതിയ മരണക്കണക്കുകള്‍ വിളിച്ചു പറയുന്നത്. വായുവിലൂടെപോലും പകരാനുള്ള സാധ്യതയുണ്ടെന്ന് ശാസ്ത്രസംഘം അഭിപ്രായപ്പെടുന്നു. വിശുദ്ധ റമസാനിലെ ഉത്തരം ഉറപ്പിക്കാവുന്ന സന്ദര്‍ഭങ്ങളിലുള്ള പ്രാര്‍ഥനയാണ് വജ്രായുധം.