2016ലെ തുര്‍ക്കി പട്ടാള അട്ടിമറി ശ്രമം: 104 സൈനികര്‍ക്ക് ജീവപര്യന്തം

Posted on: May 23, 2018 6:01 am | Last updated: May 22, 2018 at 10:57 pm

അങ്കാറ: 2016ല്‍ തുര്‍ക്കിയില്‍ നടന്ന പട്ടാള അട്ടിമറിയില്‍ ഗൂഢാലോചന നടത്തുകയും പങ്കെടുക്കുകയും ചെയ്ത 104 സൈനികരെ തുര്‍ക്കി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഭരണഘടനാ നിയമങ്ങള്‍ അട്ടിമറിക്കാന്‍ നടത്തിയ ശ്രമത്തില്‍ 104 മുന്‍ സൈനികരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതായി തുര്‍ക്കി സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള അനദോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയില്‍ വധശിക്ഷക്ക് പകരമാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത്. ഈ ശിക്ഷ സാധാരണ ജീവപര്യന്തം തടവിനേക്കാള്‍ കടുപ്പമേറിയതാണെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാജയപ്പെട്ട അന്നത്തെ പട്ടാള അട്ടിമറി ശ്രമത്തിന്റെ പേരില്‍ ഇപ്പോള്‍ 280 സൈനിക ഉദ്യോഗസ്ഥര്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇവരില്‍ ചില സൈനികര്‍ ഗ്രീക്ക് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് സംഭവം നടന്നതിന്റെ അടുത്ത ദിവസങ്ങളില്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു. ഇവരെ തിരിച്ചെത്തിക്കാനും കോടതിയില്‍ ഹാജരാക്കാനും തുര്‍ക്കി രാജ്യാന്തര തലത്തില്‍ ശ്രമം നടത്തുന്നുണ്ട്.

ഇപ്പോള്‍ ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടവരില്‍ മുന്‍ വ്യോമസേനാ മേധാവി ലഫ്റ്റനന്റ് ജനറല്‍ ഹസന്‍ ഹുസൈന്‍ ദമിറാസലനും മുന്‍ സൈനിക കമാന്‍ഡര്‍ മേജര്‍ ജനറല്‍ മഹ്മൂദ് ഹക് ബിലനും ഉള്‍പ്പെടുന്നു. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ വകവരുത്താന്‍ പട്ടാള അട്ടിമറി ശ്രമത്തിനിടെ നീക്കമുണ്ടായിരുന്നു. എന്നാല്‍ തന്റെ കുടുംബത്തോടൊപ്പം എയ്ജിയന്‍ റിസോര്‍ട്ടിലായിരുന്നതിനാലാണ് അദ്ദേഹം അട്ടിമറി ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നത്.

പട്ടാള അട്ടിമറി ശ്രമത്തിനിടെ 240 പേര്‍ കൊല്ലപ്പെട്ടിരുന്നതായി തുര്‍ക്കി പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി. 2000ത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക നേതാവ് ഫത്ഹുല്ല ഗുലാനാണ് അട്ടിമറിക്ക് നിര്‍ദേശം നല്‍കിയിരുന്നതെന്ന് നേരത്തെ തുര്‍ക്കി ആരോപിച്ചിരുന്നു. എന്നാല്‍ എല്ലാ ആരോപണങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞിട്ടുണ്ട്. പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് പേര്‍ അറസ്റ്റിലാകുകയും നിരവധി പേരെ ജോലികളില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.

എന്നാല്‍ പട്ടാള അട്ടിമറിയുടെ പേരില്‍ തുര്‍ക്കി സൈന്യം വ്യാപകമായ രീതിയില്‍ മനുഷ്യാവകാശ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആരോപണമുയര്‍ന്നിരുന്നു.