ദളിത് വേട്ട അവസാനിക്കുന്നില്ല

Posted on: May 23, 2018 6:00 am | Last updated: May 22, 2018 at 10:52 pm

ദളിതര്‍ക്കെതിരായ അക്രമങ്ങളുടെ വാര്‍ത്തകളാണ് നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിന്ന് കഴിഞ്ഞ ദിവസംവന്ന വാര്‍ത്ത അതിഭീതിദമാണ്. ഒരു ഫാക്ടറിക്കു സമീപം ആക്രി പെറുക്കുകയായിരുന്ന മുകേഷ് സാവ്ജി വണിയ എന്ന നാല്‍പത് വയസ്സുകാരനായ ദളിതനെ രണ്ട് പേര്‍ ചേര്‍ന്നു കെട്ടിയിട്ടു ക്രൂരമായി മര്‍ദ്ദിച്ചു കൊല്ലുന്ന കാഴ്ച ഏത് ശിലാഹൃദയനിലും നടുക്കമുളവാക്കും. മോഷ്ടാവെന്നാരോപിച്ചു ഫാക്ടറി ഉടമയുടെ നിര്‍ദേശപ്രകാരമായിരുന്നുവത്രെ മര്‍ദനം. രണ്ടു പേര്‍ ചേര്‍ന്ന് സാവ്ജി വണിയയെ വടിയും ദണ്ഡും ഉപയോഗിച്ച് മാരകമായി അടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഗുജറാത്ത് എം എല്‍ എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനി തിങ്കളാഴ്ച പുറത്തു വിടുകയുണ്ടായി. സാവ്ജി വണിയയെ കെട്ടിയിട്ട കയര്‍ ഒരാള്‍ വലിച്ചു പിടിക്കുന്നതും വേറൊരാള്‍ തലങ്ങും വിലങ്ങും അടിക്കുന്നതും അടികൊണ്ട് മുകേഷ് നിലവിളിക്കുന്നതുമാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. സാവ്ജി വണിയ കയ്യുയര്‍ത്തി തടയാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും കൈ ഉയര്‍ത്താന്‍ സമ്മതിക്കാത്ത വിധം കൈക്ക് ശക്തമായ മര്‍ദ്ദനമായിരുന്നു. ഒരാള്‍ മര്‍ദിച്ച് തളര്‍ന്നപ്പോള്‍ അയാള്‍ക്കു പകരം ബലിഷ്ഠനായ മറ്റൊരാളെത്തി തുടര്‍ന്നു. മര്‍ദനത്തില്‍ മുകേഷിന്റെ ഭാര്യക്ക് ഗുരുതര പരിക്കേറ്റിട്ടുമുണ്ട്. ഗുജറാത്തിലെ ഉനയില്‍ 2016ല്‍ പശുവിന്റെ തോലുരിഞ്ഞു വിറ്റുവെന്നാരോപിച്ച് നാല് ദളിതരെ നഗ്‌നരാക്കി മര്‍ദിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കിയതാണ്.

ജിഗ്‌നേഷ് മേവാനി അഭിപ്രായപ്പെട്ടത് പോലെ ഗുജറാത്തില്‍ ദളിതര്‍ക്ക് രക്ഷയില്ല. ബി ജെ പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഇതാണ് സ്ഥിതി. ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ കൂടുതലായി നടക്കുന്നത് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്ന്‌ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. യോഗിയുടെ ഉത്തര്‍പ്രദേശാണ് മുന്നില്‍. ബിഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ആന്ധ്ര പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളാണ് തൊട്ടുപിറകില്‍. 2006ല്‍ സബ്മിഷനുള്ള മറുപടിയായി രാജ്യസഭയില്‍ വെളിവാക്കപ്പെട്ടതാണ് ഈ വിവരം. ജാതിമേലാളന്മാരില്‍ നിന്ന് മാത്രമല്ല, ഭരണകൂടത്തില്‍ നിന്നു തന്നെയും കടുത്ത അവഗണനയും വിവേചനവുമാണ് പല സംസ്ഥാനങ്ങളിലും ദളിതുകള്‍ അനുഭവിക്കുന്നതെന്ന് പരാതിപ്പെടുന്നത് ബി ജെ പി നേതാക്കള്‍ തന്നെയാണ്. യു പി സര്‍ക്കാറിന്റെ ദളിത് വിരുദ്ധ നടപടികള്‍ക്കെതിരെ ബി ജെ പി എം പി ഛോട്ടെലാല്‍ ഖര്‍വാര്‍ പ്രധാനമന്ത്രിയോട് പരാതിപ്പെട്ടത് അടുത്താണ്. ഇറ്റവഹയില്‍ മണ്ഡലത്തില്‍ നിന്നുള്ള ബി ജെ പി. എം പി അശോക് കുമാര്‍ പ്രധാനമന്ത്രി മോദിക്കയച്ച കത്തിലും യു പിയില്‍ ദളിതര്‍ അനുഭവിക്കുന്ന പീഡനങ്ങളും ദുരിതങ്ങളും എടുത്തു പറയുന്നുണ്ട്.

മോദി ഭരണത്തില്‍ ദളിതര്‍ക്കെതിരായ അക്രമം വര്‍ധിക്കുന്നുവെന്ന ആരോപണത്തിന് തടയിടാന്‍ ‘ദളിതരോടൊപ്പം ഒരു ദിവസം’ ക്യാമ്പയിന്‍ പ്രഖ്യാപിച്ചിരുന്നു പ്രധാനമന്ത്രി. ബി ജെ പി നേതാക്കളും മന്ത്രിമാരും ദളിതരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും വീട്ടുകാര്‍ പാകം ചെയ്ത ഭക്ഷണം ആഹരിക്കുകയും ചെയ്തു തങ്ങള്‍ക്ക് അയിത്തമോ വിവേചനമോ ഇല്ലെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ദളിതരുടെ ഭക്ഷണം കഴിക്കാനുള്ള അനിഷ്ടം കാരണം യു പി ക്യാബിനറ്റ് മന്ത്രി റാണ പുറത്തു നിന്ന് വാങ്ങിയ ഭക്ഷണങ്ങളുമായി ചെന്നാണ് മാധ്യമങ്ങളുടെ മുമ്പില്‍ താഴ്ന്ന ജാതിക്കാരന്റെ ഭക്ഷണം കഴിച്ചതായി അഭിനയിച്ചത്. മറ്റു പല നേതാക്കളും ഇത്തരം നാടകങ്ങളിലൂടെ ക്യാമ്പയിന്‍ ഒരു പ്രഹസനമാക്കുകയാണുണ്ടായത്. ഇതാണ് പാര്‍ട്ടി നേതാക്കളുടെ ദളിതരോടുള്ള സമീപനം. ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ പട്ടിക്ക് നേരെയുള്ള കല്ലേറിന് തുല്യമായി നിസാരവത്കരിച്ച വി കെ സിംഗിനെ പോലെയുള്ളവരാണല്ലോ കേന്ദ്രമന്ത്രി സഭയിലുള്ളത്. പിന്നെങ്ങനെ ഭരണ തലത്തില്‍ നിന്നു അവര്‍ക്ക് നീതി ലഭിക്കാന്‍?

ചാതുര്‍വര്‍ണ്യാധിഷ്ഠിത സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരാണ് ആര്‍ എസ് എസും ബി ജെ പിയുമെല്ലാം. ജാതീയതയും ബ്രാഹ്മണ മേധാവിത്വവും സമൂഹത്തില്‍ ഉയര്‍ന്നു നില്‍ക്കണമെന്നും ഹിന്ദു രാഷ്ട്രത്തിന്റെ നിര്‍മിതി ആ മൂശയിലാണ് വാര്‍ത്തെടുക്കേണ്ടതെന്നുമാണ് അവരുടെ കാഴ്ചപ്പാട്. ബ്രാഹ്മണരാണ് ഹിന്ദുക്കളില്‍ ഏറ്റവും ഉത്തമരെന്നും മറ്റു ജാതിക്കാര്‍ ബ്രാഹ്മണ്യത്തിന് അടിപ്പെട്ട് കഴിഞ്ഞുകൊള്ളണമെന്നുമാണ് അവരുടെ താത്പര്യം. തൊള്ളായിരത്തി നാല്‍പതുകളുടെ അവസാനത്തില്‍ ഭരണഘടനാ ചര്‍ച്ച നടന്നപ്പോള്‍ മനുസ്മൃതിയെ പരിഗണിക്കാത്ത ഭരണഘടന ഹൈന്ദവ വിരുദ്ധമാണെന്നാണല്ലോ ഹിന്ദുമഹാസഭ അഭിപ്രായപ്പെട്ടത്. ജാതിവ്യവസ്ഥക്കും സവര്‍ണ മേധാവിത്വത്തിനും മതപരമായ പരികല്‍പ്പനകള്‍ നല്‍കുന്നുവെന്നതാണ് മനുസ്മൃതിക്ക് അവര്‍ കാണുന്ന മഹത്വം. അത് വേദവാക്യമായി കണ്ടാണ് ആര്‍ എസ് എസിന്റെ സംഘടനാ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. ദളിതനോ മറ്റു താഴ്ന്ന ജാതിക്കാര്‍ക്കോ അതില്‍ സ്ഥാനമില്ലെന്ന് മാത്രമല്ല, ഒരു ഘട്ടത്തിലും അവരെ അംഗീകരിക്കാനുള്ള വിശാലമനസ്‌കത അവര്‍ കാണിക്കാറുമില്ല. ദളിതര്‍ക്ക് നേരെയുള്ള വിവേചനത്തിന്റെയും വെറുപ്പിന്റെയും അടിസ്ഥാന കാരണമിതാണ്.