Articles
നിപ്പാ: മുന്‍കരുതലാണ് പ്രതിവിധി

രാജ്യത്ത് രണ്ടാമതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മാരകമായ നിപ്പാ വൈറസ് “മലേഷ്യ”ക്കാരനാണ്. ഇരുപത് വര്‍ഷം മുമ്പ് മലേഷ്യയില്‍ കണ്ടെത്തിയ അപകടകാരിയായ നിപ്പാ വൈറസ് രാജ്യത്ത് ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത് പശ്ചിമബംഗാളിലെ സിലിഗുരിയിലാണ്. 2001ല്‍ ബംഗ്ലാദേശിലെ രോഗബാധക്ക് പിന്നാലെ പശ്ചിമബംഗാളിലെ സിലിഗുരിയിലേക്ക് പടര്‍ന്ന നിപ്പാ അന്ന് 45 പേരുടെ ജീവഹാനിക്കിടയാക്കിയിരുന്നു. 66 നിപ്പ വൈറസ് ബാധ കേസുകളില്‍ 74 ശതമാനമായിരുന്നു മരണ നിരക്ക്. പിന്നീട് 2007 ജനുവരിയില്‍ ബംഗാളിലെ തന്നെ നാഡിയയില്‍ അഞ്ച് പേരും നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.
എന്നാല്‍ മലേഷ്യയില്‍ നൂറിലേറെ ജീവനുകളാണ് നിപ്പാ വൈറസ് കവര്‍ന്നത്. ഹെനിപാ വിഭാഗത്തില്‍പ്പെട്ട വൈറസാണ് നിപ്പാ. 1998 സെപ്തംബറില്‍ മലേഷ്യയിലെ കാമ്പുംഗ് ബാരു സുംഗായി നിപ്പാ എന്ന രോഗിയിലാണ് കണ്ടെത്തിയത്. ഇതുകൊണ്ടാണ് പുതിയ വൈറസിന് നിപ്പാ എന്ന പേര് നല്‍കിയത്. ആഗോള കാലാവസ്ഥാ പ്രതിഭാസമായ എല്‍നിനോ മൂലം മലേഷ്യന്‍ കാടുകളെ വരള്‍ച്ച ബാധിച്ചപ്പോള്‍ മരങ്ങളും ഫലങ്ങളും കരിഞ്ഞുണങ്ങിയതിനെ തുടര്‍ന്ന് പക്ഷി മൃഗാദികള്‍ കൂട്ടത്തോടെ കാടുവിട്ട് ഗ്രാമങ്ങളിലേക്കിറങ്ങിയതോടെയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. പാരാമിക് സോവൈറിഡേ ഫാമിലിയിലെ അംഗമായ നിപ്പ ആര്‍ എന്‍ എ വൈറസ് ആണ്.
കാടുകളിലെ പഴങ്ങളും മറ്റും തിന്നു ജീവിച്ച മലേഷ്യന്‍ നരിച്ചീറുകള്‍ ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിലിറിങ്ങിയതിന് തൊട്ടുപിന്നാലെ ഇവിടുത്തെ പന്നിഫാമുകളിലാണ് ആദ്യമായി വൈറസ്ബാധയുണ്ടായത്. പന്നികള്‍ കൂട്ടമായി ചത്തൊടുങ്ങുകയും പിന്നീട് അത് മനുഷ്യരിലേക്ക് പടരുകയും ചെയ്തു. 1998 സെപ്തംബര്‍ മുതല്‍ 1999 മെയ് വരെ മലേഷ്യയെ ആശങ്കയിലാഴ്ത്തിയ നിപ്പാവൈറസ് അന്ന് 105 മനുഷ്യ ജീവനുകളാണ് അപഹരിച്ചത്. രോഗബാധ സ്ഥിരീകരിക്കപ്പെട്ട 265 പേരില്‍ 105 പേരും മരണത്തിന് കീഴടങ്ങിയിരുന്നു. പ്രാരംഭഘട്ടത്തില്‍ ജപ്പാന്‍ജ്വരമാണെന്ന തെറ്റായ നിഗമനത്തെ തുടര്‍ന്ന് പ്രതിരോധ നടപടികളിലുണ്ടായ വീഴ്ചയാണ് മരണ സംഖ്യ ഉയര്‍ത്തിയത്. ജപ്പാന്‍ ജ്വരത്തിന് കാരണമായ ക്യൂലക്‌സ് കൊതുകുകളെ ദേശവ്യാപകമായി ഇല്ലാതാക്കാനുള്ള പ്രതിരോധനടപടികള്‍ ആയിരുന്നു ആദ്യം കൈക്കൊണ്ടിരുന്നത്. എന്നാല്‍ നിപ്പാ വൈറസ് സ്ഥിരീകരിക്കുമ്പഴേക്കും ഏറെ വൈകിയിരുന്നു. പന്നിഫാമുകളില്‍ ജോലി ചെയ്തവരെയായിരുന്നു രോഗം ആദ്യമായി ബാധിച്ചത്.
2001 ഏപ്രില്‍ മെയ് മാസങ്ങളില്‍ ബംഗ്ലാദേശിലെ മെഹര്‍പുര്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 13 കേസുകളില്‍ ഒമ്പതുപേരും മരണത്തിന് കീഴടങ്ങിയിരുന്നു. തുടര്‍ന്ന് 2003 ജനുവരിയില്‍ ബംഗ്ലാദേശിലെ നാഗോണ്‍ ജില്ലയില്‍ 12 കേസുകളില്‍ എട്ട് പേരും 2004 ജനുവരിയില്‍ ബംഗ്ലാദേശിലെ രണ്ടു ജില്ലകളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 42 കേസുകളില്‍ 16 പേരും 2004 ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ഫരിദ്പുര്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 36 കേസുകളില്‍ 27 പേരും 2005 ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 12 കേസുകളില്‍ 11 പേരും മരിച്ചിരുന്നു. തുടര്‍ന്ന് 2008ല്‍ ഒമ്പത് കേസുകളില്‍ എട്ട് പേരും 2010ല്‍ എട്ട് കേസുകളില്‍ ഏഴ് പേരും 2011ല്‍ ഒരു സ്‌കൂളില്‍ മാത്രം 21 കുട്ടികളും നിപ്പാ വൈറസ് ബാധമൂലം മരിച്ചവരാണ്. ഇങ്ങനെ ബംഗ്ലാദേശില്‍ മാത്രം 161 പേരെയാണ് നിപ്പാവൈറസ് മരണത്തിലേക്കയച്ചത്. 2012 മാര്‍ച്ച് വരെയുള്ള കാലയളവില്‍ വൈറസ് ബാധയേറ്റ 209 പേരില്‍ 161 പേരാണ് മരിച്ചത്. ചികിത്സ അത്ര ഫലപ്രദമല്ലാത്ത നിപ്പാ വൈറസിനെ പ്രതിരോധിക്കാന്‍ പ്രതിരോധം തന്നെയാണ് ഏറ്റവും മികച്ച പ്രതിവിധി.
എന്താണ് നിപ്പാ വൈറസ്?
പ്രധാനമായും മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന രോഗമാണ് നിപ്പാ വൈറസ് എങ്കിലും വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരാന്‍ സാധ്യത വളരെ കൂടുതലാണ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കാണ് രോഗം പെട്ടെന്ന് പകരാന്‍ സാധ്യതയുള്ളത്. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.
ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കുന്ന വൈറസാണിത്. ശരാശരി അഞ്ച് മുതല്‍ 14 ദിവസം വരെയാണ് വൈറസിന്റെ ഇന്‍കുബേഷന്‍ പീരിയഡ്. രോഗബാധ ഉണ്ടായ ശേഷം ലക്ഷണങ്ങള്‍ പ്രകടമാകാന്‍ സാധാരണഗതിയില്‍ ഇത്ര ദിവസങ്ങളെടുക്കും. എന്നാല്‍ രോഗം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാന്‍ സാധിക്കും. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് പ്രധാന ലക്ഷണങ്ങള്‍. വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ചുമ, ക്ഷീണം, കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാന്‍ വലിയ സാധ്യതയാണുള്ളതിനാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമായി 48 മണിക്കൂറിനകം തന്നെ രോഗി കോമ അവസ്ഥയിലെത്തുമെന്നതാണ് പ്രധാന ഘടകം. തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫഌയിഡ് എന്നിവയില്‍ നിന്നും റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ ഉപയോഗിച്ച് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ ശ്രമിക്കണം. മരണശേഷമാണെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കലകളില്‍ നിന്നെടുക്കുന്ന സാമ്പിളുകളില്‍ ഇമ്യൂണോഹിസ്‌റ്റോകെമിസ്ട്രി പരിശോധന നടത്തിയാണ് വൈറസ് ബാധ സ്ഥിരീകരിക്കുക.
രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തില്‍ ഉള്ളിലെത്തിയാല്‍ വൈറസ് ബാധയുണ്ടാകുമെന്നതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്ന് തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന പാനീയങ്ങള്‍ ഒഴിവാക്കുക.
വവ്വാലുകള്‍ കടിച്ച മാങ്ങ, പേരയ്ക്ക, ചാമ്പങ്ങ പോലുള്ള കായ്ഫലങ്ങള്‍ കഴിക്കാതിരിക്കുക, ആഴമുള്ള കിണറുകളില്‍ മരങ്ങള്‍ വളരുന്നതിനാല്‍ ഇത്തരം മരങ്ങളില്‍ വവ്വാലുകള്‍ തങ്ങാന്‍ സാധ്യതയുണ്ടെന്നിരിക്കെ ഇത്തരം കിണറുകളിലെ വെള്ളം ഉപയോഗിക്കുന്നത് ഉപേക്ഷിക്കുക. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ നടത്താതെ ഉടന്‍ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് ശരിയായ ചികിത്സതേടുക.
രോഗികളില്‍ നിന്ന് വൈറസ് പകരാതിരിക്കാന്‍
രോഗിയെ പരിചരിക്കുമ്പോഴും സന്ദര്‍ശിക്കുമ്പോഴും തുറന്ന അവയവങ്ങള്‍ മൂടിവെക്കുക, രോഗിയുടെ തൊട്ടടുത്ത് നിന്ന് മാറിയ ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക, കൈകഴുകാനായി അണുനാശിനികളായ ക്ലോറെക്‌സിഡിന്‍, ആള്‍ക്കഹോള്‍ അടങ്ങിയ സാവ്‌ലോണ്‍ പോലുള്ള ഹസ്ത ശുചീകരണ ദ്രാവകങ്ങള്‍ ഉപയോഗിക്കുക, രോഗിയുടെ തൊട്ടടുത്ത് നില്‍ക്കാതെ കുറഞ്ഞത് ഒരു മീറ്ററെങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്ത് കൂടുതല്‍ സമയം ചെലവഴിക്കാതിരിക്കുകയും ചെയ്യുക, രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക. വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുക.
ഇത്തരം പനി ബാധിതരെ സന്ദര്‍ശിക്കുന്നതും നിപ്പാ രോഗം ബാധിച്ച് മരിച്ചവരുടെ മരണാനന്തര ചടങ്ങുകളിലെ സന്ദര്‍ശനവും പരമാവധി ഒഴിവാക്കുക, നിപ്പാ രോഗം ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും, ശാരീരിക സ്രവങ്ങളുമായും സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക, രോഗബാധിതരുടെയും, രോഗം ബാധിച്ച് മരിച്ചവരുടെയും മുഖത്തു ചുംബിക്കുക, കവിളില്‍ തൊടുക എന്നിങ്ങനെയുള്ള സ്‌നേഹപ്രകടനങ്ങള്‍ ഒഴിവാക്കുക, ശവസംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹത്തെ കുളിപ്പിക്കുകയോ മറ്റോ ചെയ്താല്‍ ഇത് ചെയ്യുന്നവര്‍ ദേഹരക്ഷ ഉപയോഗിക്കുക, നിപ്പ വൈറസ് ബാധയേറ്റ് മരിച്ച വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയവ സോപ്പോ അലക്കുപൊടിയോ ഉപയോഗിച്ചു കഴുകണം. കിടക്ക, തലയിണ എന്നിവ സൂര്യപ്രകാശത്തില്‍ കുറച്ചധികം ദിവസം ഉണക്കിയെടുത്ത ശേഷമേ ഉപയോഗിക്കാവൂ.
വൈറസ് ബാധ തടയാന്‍ ആശുപത്രികള്‍ ശ്രദ്ധിക്കേണ്ടത്
രോഗലക്ഷണങ്ങളുമായി വരുന്ന മുഴുവന്‍ രോഗികളെയും പ്രത്യേക നിരീക്ഷണ (ഐസൊലേഷന്‍ വാര്‍ഡ്) വാര്‍ഡില്‍ പവേശിപ്പിക്കുക, സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക,
വൈറസ് ബാധ സംശയിക്കുന്ന രോഗികളെ പരിശോധിക്കുമ്പോഴും, പരിചരിക്കുമ്പോഴും സുരക്ഷികതമായ കൈയുറകളും, മാസ്‌കും ധരിക്കുക, എന്‍ 95 മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കുക,
നിര്‍ബന്ധമായും പുലര്‍ത്തേണ്ട സുരക്ഷാ രീതികള്‍
കൈ ശുചിയാക്കുന്ന ആള്‍ക്കഹോള്‍ ഡി എ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈകള്‍ കഴുകുക, ചികിത്സക്കുപയോഗിച്ച ഉപകരണങ്ങള്‍, രോഗിയുടെ വസ്ത്രം, വിരി തുടങ്ങിയവ സൂതക്ഷ്മതയോടെ കൈകാര്യം ചെയ്യുക, നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ ഒഴിവാക്കി വേര്‍തിരിച്ച വാര്‍ഡുകളിലേക്ക് മാറ്റുക, ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക, രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ കുറഞ്ഞത് അകലമെങ്കിലും ഉറപ്പാക്കുക.
കടപ്പാട്: ഡോ. രാജേഷ് കുമാര്‍ തിരുവനന്തപുരം