എന്‍ജിനീയറിംഗ്: ചുവടുകള്‍ ശ്രദ്ധയോടെ വേണം

Posted on: May 23, 2018 6:00 am | Last updated: May 23, 2018 at 7:41 pm

എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയുടെ സ്‌കോര്‍ പ്രസിദ്ധീകരിച്ചതോടെ കോഴ്‌സുകളും കോളജുകളും തേടിയുള്ള നെട്ടോട്ടത്തിലാണ് ബിടെക് പഠനമാഗ്രഹിക്കുന്ന വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും. വേണ്ടത്ര കരിയര്‍ പ്ലാനിംഗ് ഇല്ലാത്തതിനാല്‍ ചെന്നെത്തിപ്പെടുന്ന മേഖലകളില്‍ വിജയം കാണാതെ നട്ടം തിരിയുന്ന കാഴ്ചയാണ് പലപ്പോഴും കാണുന്നത്. കാഴ്ചയില്ലാത്തവര്‍ മാവില്‍ കല്ലെറിയുന്നതുപോലെയാകരുത് നമ്മുടെ ഭാവി തിരഞ്ഞെടുപ്പ്. കൃത്യമായ ലക്ഷ്യവും ഉറച്ച ചുവടുവെപ്പുകളും കീഴടക്കുമെന്ന വാശിയും കാട്ടേണ്ട സമയമാണിത്.
സാങ്കേതിക വിദ്യ പാരമ്യതയില്‍ എത്തിനില്‍ക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും അത് ചെലുത്തിയിരിക്കുന്ന സ്വാധീനം വളരെ വലുത് തന്നെയാണ്. ലോകത്തിന്റെ വളര്‍ച്ചയില്‍ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പ്രധാന്യം എടുത്തുപറയേണ്ടതില്ല. പ്രത്യേകിച്ചും ‘എന്‍ജിനീയര്‍മാര്‍’ നവലോകത്തിന്റെ നെടുംതൂണുകള്‍ തന്നെയാണ്. അവര്‍ സൃഷ്ടിക്കുന്ന ലോകം മനുഷ്യജീവിതം ഏറെ എളുപ്പമുള്ളതാക്കി. വന്‍കരകള്‍ തമ്മിലുള്ള അന്തരത്തിന് പ്രസക്തിയില്ലാതായതും ആകാശത്ത് മേല്‍കോയ്മ സ്ഥാപിച്ചതും ഈ എന്‍ജിനീയറിംഗ് മികവാണ്.

വേണം മിടുക്കരെ

ഇന്ത്യയിലെ നാലായിരത്തോളം വരുന്ന എന്‍ജിനീയറിംഗ് കോളജുകളിലായി പ്രതിവര്‍ഷം 15 ലക്ഷം വിദ്യാര്‍ഥികളാണ് എന്‍ജിനീയറിംഗ് (ബി ടെക്) പഠനത്തിന് പ്രവേശനം നേടുന്നത്. പ്രവര്‍ത്തന മികവ് കൊണ്ടും സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവ് കൊണ്ടും ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് മെച്ചപ്പെട്ട പരിഗണനയാണ് ആഗോളതലത്തില്‍ ലഭിക്കുന്നത്. നിതി ആയോഗിന്റെ കണക്കനുസരിച്ച് 2025 ഓടെ നിലവിലുള്ളതിന്റെ 31 ശതമാനത്തിലധികം എന്‍ജിനീയര്‍മാര്‍ രാജ്യത്തിനാവശ്യമുണ്ട്. നിര്‍മാണ ഉത്പാദന സേവനമേഖലകളിലെ കുതിച്ചുചാട്ടം സൃഷ്ടിച്ചിരിക്കുന്ന ജോലി സാധ്യതകള്‍ ചൂഷണം ചെയ്യാന്‍ വിദഗ്ധരെ ധാരാളമായി ആവശ്യമുണ്ട്. കേവല ബിരുദധാരികളെയല്ല, നാടിനും വ്യവസായ മേഖലക്കും വേണ്ടതെന്ന ഉത്തമ ബോധം മനസ്സിലുണ്ടാകണം. പ്രായോഗിക തലങ്ങളറിയുന്ന തൊഴില്‍ നൈപുണിയുള്ള എന്‍ജിനീയര്‍മാര്‍ക്ക് മാര്‍ക്കറ്റില്‍ എന്നും ആവശ്യക്കാര്‍ ഏറെയാണ്.

എങ്ങോട്ടാണ് എന്റെ യാത്ര?

അന്ധന്‍ ആനയെ കണ്ടത് പോലെയാകരുത് എന്‍ജിനീയറിംഗ് കോഴ്‌സുകളിലേക്കുള്ള ഓപ്ഷന്‍. സുഹൃത്തക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധങ്ങളെ ദൂരത്തില്‍ തന്നെ നിര്‍ത്തണം. തന്നിലുള്ള കഴിവുകളും ഇഷ്ടാനിഷ്ടങ്ങളും പ്രധാനമാണ്. പുറംമോടിയില്‍ മയങ്ങിയല്ല, അകക്കാമ്പറിഞ്ഞായിരിക്കണം എന്‍ജിനീയറിംഗ് ബ്രാഞ്ച് തിരഞ്ഞെടുക്കേണ്ടത്. വണ്ടി ഓടിക്കാന്‍ പോലും താത്പര്യമില്ലാത്തവര്‍ ഓട്ടോമൊബൈല്‍ സെലക്ട് ചെയ്യുന്നതും പാട്ട് കേള്‍ക്കുന്നത് പോലും അരോചകമായി കരുതുന്നവര്‍ സൗണ്ട് എന്‍ജിനീയറിംഗ് കോഴ്‌സിന് ചേരുന്നതും ഒരിക്കലും ഉചിതമാവില്ല. വീണിടം വിഷ്ണുലോകമാക്കാനും ഇത്തിരിയെങ്കിലും ആ മേഖലയോട് താത്പ്യമുണ്ടാവേണ്ടതുണ്ട്.

മനഃപാഠമാക്കാനുള്ളതല്ല, എന്‍ജിനീയറിംഗ്. വിലയിരുത്തലുകളും വിശകലനങ്ങളുമാണ് ഇവിടെ മുന്‍പന്തിയില്‍. അതിനാല്‍ തന്നെ അഭിരുചി കോഴ്‌സുകളുടെ തിരഞ്ഞെടുപ്പ് കാര്യത്തില്‍ പുലര്‍ത്തേണ്ടതുണ്ട്. ഒപ്പം മാര്‍ക്കറ്റിലെ തൊഴില്‍ സാധ്യതകളും വിലയിരുത്തി വേണം ഏത് ബ്രാഞ്ചിലാണ് തന്റെ ഭാവി എന്ന് നിശ്ചയിക്കേണ്ടത്.

കോഴ്‌സുകളും തൊഴിലിടങ്ങളും

അടിസ്ഥാനപരമായ എന്‍ജിനീയറിംഗ് ശാഖകളായ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലട്രോണിക്‌സ് എന്നിവയില്‍ തുടങ്ങി വൈവിധ്യങ്ങളായ റോബോട്ടിക്‌സ്, ഫയര്‍ എന്‍ജിനീയറിംഗ്, ഫുഡ് ടെക്‌നോളജി തുടങ്ങി നിരവധി കോഴ്‌സുകളായി എന്‍ജിനീയറിംഗ് വിദ്യാഭ്യാസം വികസിച്ചിട്ടുണ്ട്. ഓരോ മേഖലയിലും സ്‌പെഷലൈസേഷനുകള്‍ ഇന്ന് ലഭ്യമാണ്. നൂതനമായ സങ്കേതിക വിദ്യകളിലടക്കം പഠന സൗകര്യമുള്ള 32 ബ്രാഞ്ചുകള്‍ നമ്മുടെ സംസ്ഥാനത്ത് ലഭ്യമാണിന്ന്.

കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി

പരമ്പരാഗതമായി നാം വെച്ചുപുലര്‍ത്തിപ്പോന്ന ചിന്തകളും നിഗമനങ്ങളുമടക്കമുള്ള എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുകയാണ് കണക്കുകൂട്ടലുകളുടെ (കംപ്യൂട്ടിംഗ്) ഈ എന്‍ജിനീയറിംഗ് ശാഖ. ഇന്റര്‍നെറ്റിന്റെ വരവോടെ ലോകത്തെ വിരല്‍തുമ്പിലാക്കി കൊണ്ടുനടക്കുകയാണ് നാമിന്ന്. മനുഷ്യ പ്രയത്‌നങ്ങളെയെല്ലാം സോഫ്റ്റ്‌വെയറുകളിലാക്കി ജീവിതത്തെ നിയന്ത്രിക്കുന്നത് നമുക്ക് കാണാമവിടെ. വിവര സാങ്കേതിക വിദ്യയുടെ സ്‌ഫോടനം സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ യോജിച്ച കോഴ്‌സാണിത്. സോഫ്റ്റ് വെയറിലെ താത്പര്യം കുറവെങ്കില്‍ നെറ്റ്‌വര്‍ക്കിംഗ്, ഹാര്‍ഡ് വെയര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ എന്നീ മേഖലകളിലേക്ക് തിരിയാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ബിഗ് ഡാറ്റാ അനലിറ്റിക്‌സും നമ്മെ കൊണ്ടുപോകുന്നത് വിസ്മയിപ്പിക്കുന്ന ലോകത്തിലേക്കാണ്. യന്ത്രങ്ങള്‍ക്ക് കൃത്രിമ ബുദ്ധി നല്‍കി മനുഷ്യന് ആസാധ്യമായത് ചെയ്‌തെടുക്കുന്ന മേഖല കരുത്താര്‍ജിക്കുകയാണിന്ന്. ‘ലോജിക്കു’ള്ള കമ്പ്യൂട്ടര്‍ വിദഗ്ധന് എന്തും സാധ്യമാകുന്ന ഈ നവയുഗത്തില്‍ ശമ്പള പാക്കേജും ഊഹങ്ങള്‍ക്കതീതമാണ്.

ഷോക്കടിപ്പിക്കാതെ ഇലക്ട്രിക്കല്‍

ചില എന്‍ജിനീയറിംഗ് മേഖലകളില്‍ തൊഴില്‍ സാധ്യതകള്‍ മങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ പരമ്പരാഗത ബ്രാഞ്ചായ ഇലക്ട്രിക്കല്‍ പുതിയ വഴിയിലേക്ക് മാറുന്ന കാഴ്ചയാണ് നമ്മുടെ മുന്നില്‍. ഇലക്ട്രിസിറ്റിയില്ലാത്ത ലോകം സങ്കല്‍പ്പിക്കാനാകുമോ നമുക്കിന്ന്? ഉപകരണങ്ങളിലും വലിയ മാറ്റമാണ് ദൃശ്യമാകുന്നത്. ഊര്‍ജമേഖല പരമ്പരാഗതമായ സോളാര്‍, വിന്റ് എനര്‍ജി എന്നിവയിലേക്ക് കൂടി കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനാല്‍ ഇവിടങ്ങളിലെ തൊഴില്‍ സാധ്യതകള്‍ ഏറുകയാണ്. വൈദ്യുത സംബന്ധമായ പഠനശാഖയായ ഇലക്ട്രിക്കല്‍ വ്യത്യസ്തങ്ങളായ പുതിയ തലങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വാഹനരംഗം പോലും സമ്പൂര്‍ണമായി ഇലക്ട്രിക് ലോകത്തിലേക്ക് മാറ്റപ്പെടുന്ന കാലം വിദൂരമല്ല. കുതിച്ചുകൊണ്ടിരിക്കുന്ന പെട്രോള്‍/ഡീസല്‍ ആര്‍ക്കും വേണ്ടാതാവുന്ന അവസ്ഥ വരിക തന്നെ ചെയ്യും. 2032 ഓടെ ഇലക്ട്രിക് കാറുകള്‍ മാത്രമേ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുകയും വില്‍ക്കപ്പെടുകയും ചെയ്യൂവെന്ന കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപനം ഈ മേഖലയിലെ വന്‍ തൊഴില്‍ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു.

ഇലക്‌ട്രോണിക്‌സ് വിപ്ലവം

ഐസി ചിപ്പുകളുടെ കണ്ടുപിടിത്തത്തോടെ ആരംഭിച്ച ഇലക്‌ട്രോണിക്‌സ് രംഗത്തെ കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങള്‍ നിത്യജീവിതത്തെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിരിക്കുന്നത്. ഡിജിറ്റല്‍ വിപ്ലവം ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കിയതനുസരിച്ച് കൂടുതല്‍ ഇലക്‌ട്രോണിക്‌സ് എന്‍ജിനീയര്‍മാരെ ഈ മേഖലയിലേക്ക് ആവശ്യമായി വന്നു. ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ്, കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് എന്നീ ബ്രാഞ്ചുകള്‍ക്ക് വന്‍ ഡിമാന്റുണ്ട്. മൊബൈല്‍ രംഗത്തെ നേട്ടങ്ങള്‍, ഇന്റര്‍നെറ്റ് ശൃംഖല എന്നിവ ഭാവിയില്‍ ഒരുക്കുന്നത് ധാരാളം തൊഴില്‍ സാധ്യതകളാണ്.

വാര്‍ക്കപ്പണി മാത്രമല്ല സിവില്‍

എന്‍ജിനീയര്‍ എന്നു കേള്‍ക്കുമ്പോള്‍ കെട്ടിടനിര്‍മാണം നടത്തുന്ന സിവില്‍ എന്‍ജിനീയറുടെ രൂപമാണ് ഓടിയെത്തുക. നിര്‍മാണ മേഖലയിലെ കുതിച്ചുചാട്ടവും നവീന സാങ്കേതിക വിദ്യയുടെ ലഭ്യതയും സിവിലിന്റെ രൂപവും ഭാവവും മാറ്റിയെടുത്തു. കൊച്ചുമതില്‍ മുതല്‍ അംബര ചുംബികളായ കൂറ്റന്‍ കെട്ടിടങ്ങള്‍ വരെ ഒരുക്കുന്നത് ഇക്കൂട്ടരുടെ മിടുക്കാണ്. അനന്തമായി തൂങ്ങിക്കിടക്കുന്ന പാമ്പന്‍ പാലങ്ങളും കടലിന് നടുവില്‍ പോലും ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങളും ഇവരുടെ സമ്മാനങ്ങളാണ്. ഡിസൈന്‍, നിര്‍മാണം എന്നിവയില്‍ തത്പരരായവര്‍ക്ക് ചേരാവുന്ന കോഴ്‌സാണിത്.

രൂപഭംഗിക്കും ഡിസൈനും കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള മേഖലയാണ് ആര്‍കിടെക്ചര്‍. ഏത് നിര്‍മിതിയുടെയും കലാവിരുതിന്റെ പിന്നില്‍ ആര്‍കിടെക്റ്റിന്റെ കൈയൊപ്പാണുള്ളത്. ദുബൈയിലെ ബുര്‍ജ് ഖലീഫ കാണാന്‍ നാം കൊതിക്കുന്നതിന് പിന്നില്‍ ആര്‍ക്കിടെക്ച്ചര്‍ ശാഖയുടെ ഭാവന ഒന്ന് മാത്രമാണ്. ആര്‍ക്കിടെക്ച്ചര്‍ പ്രവേശന

ത്തിന് നാറ്റ എന്ന പ്രത്യേക അഭിരുചി പരീക്ഷയും പാസാവേണ്ടതുണ്ട്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ പ്രശസ്തമായ ആര്‍ക്കിടെക്ച്ചര്‍ കോളജുകള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്.

ഭക്ഷണമൊരുക്കാനും എന്‍ജിനീയറിംഗ്

അടുക്കളക്കാര്യം സ്ത്രീകള്‍ക്ക് മാത്രമെന്ന് കരുതിയാല്‍ തെറ്റി. ജീവിത രീതികളും ഭക്ഷണക്രമവും മാറിയതോടെ ഭക്ഷ്യസംസ്‌കരണ മേഖലയില്‍ രൂപപ്പെട്ട ശാഖയാണ് ഫുഡ് ടെക്‌നോളജി. ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കുന്നതിനും സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ ആകര്‍ഷകമായ രീതിയില്‍ ഒരുക്കുന്നതിനും രുചിഭേദങ്ങള്‍ വ്യത്യസ്ഥമാക്കുന്നതിനുമുള്ള പഠനശാഖയാണിത്. പ്രതിവര്‍ഷം 26 ശതമാനം വളര്‍ച്ചാനിരക്ക് നേരിടുന്ന ഭക്ഷ്യമേഖലയില്‍ വന്‍ തൊഴില്‍ സാധ്യതകളാണ് കാത്തിരിക്കുന്നത്. ഭക്ഷണ പ്രിയര്‍ക്ക് ഈ കോഴ്‌സ് ഇണങ്ങും. തവന്നൂരിലെ കേളപ്പജി അഗ്രികള്‍ച്ചറല്‍ കോളജിലും ചാലക്കുടിയിലുള്ള ഫുഡ് ടെക്‌നോളജി കോളജിലും പിന്നെ ചില സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലും ഈ കോഴ്‌സുകള്‍ നിലവിലുണ്ട്. പാലുത്പന്നങ്ങളെക്കുറിച്ചും പ്രത്യേക ശാഖ രൂപപ്പെട്ടിട്ടുണ്ട്. മണ്ണുത്തിയിലും കരകുളത്തുമുള്ള ഡയറി സയന്‍സ് കോളജില്‍ ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോഴ്‌സ് ലഭ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉത്പ്പാദന രാഷ്ട്രമാണ് ഇന്ത്യ. കൂടുതല്‍ സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ ഇല്ലാത്തതിനാല്‍ ഈ കോഴ്‌സിന് ആവശ്യക്കാര്‍ ഏറെയാണ്.

റോയല്‍ മെക്കിന് ഇന്നും പ്രിയം

ഒരു കാലത്ത് ആണ്‍കുട്ടികളുടെ മാത്രം കുത്തകയായിരുന്ന മെക്കാനിക്കല്‍ എന്‍ജിനീയറിംഗിലേക്ക് പെണ്‍കുട്ടികളും ഇപ്പോള്‍ ധാരാളമായി കടന്നുവരുന്നുണ്ട്. യന്ത്രങ്ങളെക്കുറിച്ചും അവയുടെ നിര്‍മാണ രീതികളെ കുറിച്ചുമുള്ള പഠനമാണിത്. കൂറ്റന്‍ യന്ത്രസാമഗ്രികള്‍ എന്ന സങ്കല്‍പ്പം മാറി ഭാരമേറിയതും കഠിനമായതുമായ ജോലി ചെയ്യാന്‍ കൊച്ചുകൊച്ചു യന്ത്രങ്ങള്‍ ലഭ്യമായ കാലത്തിലാണ് നാം. എല്ലാം യന്ത്രവത്കരിക്കപ്പെടുന്ന ഇക്കാലത്ത് തൊഴിലവസരങ്ങളും ഈ മേഖലയില്‍ കൂടി വരുന്നു. പ്രൊഡക്ഷന്‍, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗ് ഉപശാഖകളും ഈ മേഖലയില്‍ ലഭ്യമാണ്.

ആടിക്കളിക്കുന്ന പാവകളും ഭക്ഷണം വിളമ്പുന്ന യന്ത്രമനുഷ്യനും

കൊച്ചുകുട്ടികളെ ചിരിപ്പിക്കുന്ന യന്ത്രമനുഷ്യനെ കണ്ടിട്ടുണ്ട് നമ്മള്‍. എന്നാല്‍ ഇന്ന് സ്ഥിതി മാറി. തീന്‍മേശയില്‍ ഭക്ഷണം വിളമ്പാനും കാവല്‍ നില്‍ക്കാനും തുടങ്ങി ഏതു ജോലിക്കും യന്ത്രമനുഷ്യന്‍ റെഡി. നിര്‍മിത ബുദ്ധിയും യന്ത്രനിയന്ത്രണവും ഒരു പോലെ ആവശ്യമുള്ള എന്‍ജിനീയറിംഗ് ശാഖയാണിത്. റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമോഷന്‍, മെക്കാട്രോണിക്‌സ് എന്നീ ബിടെക് കോഴ്‌സുകള്‍ ഈ പഠനത്തിനുള്ളതാണ്. ഇലക്ട്രോണിക്‌സിലും മെക്കാനിക്കലിലും താല്‍പര്യമുണ്ടെങ്കില്‍ വരും കാലങ്ങളില്‍ ഒരുപാട് തൊഴിലവസരങ്ങളുള്ള ഈ കോഴ്‌സുകള്‍ക്ക് ചേരാം.
വാഹനപ്രേമികള്‍ക്ക് ഓട്ടോമൊബൈല്‍

ചെറുകാറുകള്‍ മുതല്‍ ആഢംബര വാഹനങ്ങളും കോടികള്‍ വിലമതിക്കുന്ന ബൈക്കുകളും യാത്രാചരക്ക് വാഹനങ്ങളും നിറഞ്ഞ വിശാലമായ ലോകമാണ് ഓട്ടോമൊബൈലിന്റേത്. ദിനേന മോഡലുകളും വ്യത്യസ്തതകളും മാറിവരുന്ന വാഹനനിര്‍മാണ മേഖലയില്‍ മിടുക്കരായ എന്‍ജിനീയര്‍മാര്‍ക്ക് അവസരങ്ങള്‍ ധാരാളമാണ്. ഈ ശാഖയില്‍ ബിടെക് നല്‍കുന്ന നല്ല സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്.

കോഴ്‌സുകള്‍ ധാരാളം

ആകാശത്ത് പറക്കാനാണ് ഇഷ്ടമെങ്കില്‍ എയറോനോട്ടിക്കല്‍, എയറോ സ്‌പേസ് എന്നീ എന്‍ജിനീയറിംഗ് ശാഖകള്‍ക്ക് ചേരാം. വിമാനസംബന്ധമായ പഠനമാണിവിടെ. ബഹിരാകാശത്ത് നിന്നുള്ള നിയന്ത്രണവും സാങ്കേതികവിദ്യകളും പഠിക്കുന്നതിന് സ്‌പേസ് ടെക്‌നോളജിയാണുത്തമം. ഇത് ഐ ഐ എസ് ടിയില്‍ മാത്രമാണുള്ളത്. കെമിക്കല്‍ എന്‍ജിനീയറിംഗ്, മെറ്റലര്‍ജി, ബയോമെഡിക്കല്‍, നേവല്‍ എന്‍ജിനീയറിംഗ്, പ്രിന്റിംഗ് ടെക്‌നോളജി, ഫയര്‍ ആന്‍ഡ് സേഫ്റ്റി, പോളിമര്‍ എന്‍ജിനീയറിംഗ്, മറ്റൈന്‍ എന്‍ജിനിയറിംഗ് തുടങ്ങി പ്രത്യേക കോഴ്‌സുകളും കേരളത്തില്‍ ലഭ്യമാണ്. എവിടെയൊക്കെ ഏതൊക്കെ കോഴ്‌സുകള്‍, കോളജുകള്‍ എന്നീ വിവരങ്ങള്‍ എ പി ജെ അബ്ദുല്‍ കലാം ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ംംം.സൗേ.ലറൗ.ശി എന്ന വെബ്‌സൈറ്റില്‍ നിന്നറിയാം.

ശ്രദ്ധ വേണം കോളജിലും

കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്ന ജാഗ്രത എന്‍ജിനീയറിംഗ് കോളജ് സെലക്ഷനിലും കാണിക്കണം. എവിടെ പഠിച്ചു എന്നതിനും പ്രാധാന്യമേറുന്നത് ഗുണനിലവാരത്തകര്‍ച്ച ചര്‍ച്ച ചെയ്യുന്ന ഇക്കാലത്താണ്. സ്ഥാപനത്തിന്റെ കെട്ടുറപ്പ്, ഭൗതിക സൗഹചര്യങ്ങള്‍, അധ്യാപകരുടെ ലഭ്യതയും ഗുണമേന്മയും, പ്ലേസ്‌മെന്റ് സൗകര്യങ്ങള്‍, പ്രായോഗിക പരിശീലനത്തിലുള്ള ലാബുകളിലെ സൗകര്യങ്ങള്‍, വ്യവസായ സ്ഥാപനങ്ങളുമായി കോളജിനുള്ള ബന്ധം, ഗവേഷണത്തിലെ മുന്‍തൂക്കം, നൂതന സംവിധാനങ്ങളുടെ ലഭ്യത എന്നിവയെല്ലാം വിലയിരുത്തി വേണം എന്‍ജിനീയറിംഗ് കോളജിലേക്ക് കടന്നുചെല്ലാന്‍. സ്ഥാപനത്തിന്റെ അക്രഡിറ്റേഷനും റാങ്കിംഗ് നിലവാരവും മുന്‍കാലങ്ങളിലെ റിസള്‍ട്ടും കണ്ണ് തുറന്ന് കാണേണ്ടതുണ്ട്.

ആര്‍ യു റെഡി?

ഈ ഡിജിറ്റല്‍ യുഗത്തില്‍ അതിവേഗം വികാസം പ്രാപിക്കുന്ന ശാഖയാണ് എന്‍ജിനീയറിംഗ്. കണ്ണുകള്‍ തുറന്നടക്കുന്നതിന് മുമ്പ് സാങ്കേതികവിദ്യകള്‍ മാറുന്നുണ്ട്. അത് നേടിയാല്‍ മാത്രമേ വര്‍ത്തമാനകാലത്ത് നിലനില്‍പ്പ് സാധ്യമാകു. കേവലം ക്ലാസ് മുറികള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുന്നതാവരുത് പഠനങ്ങള്‍. പ്രായോഗികതക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി വേണം മുന്നോട്ടുള്ള പ്രയാണം. രാഷ്ട്ര നിര്‍മാണത്തില്‍ എന്‍ജിനീയറിംഗിനുള്ള പങ്ക് വളരെ വലുതാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും യന്ത്രമനുഷ്യനും നിയന്ത്രിക്കുന്ന ലോകത്തില്‍ കൂടുതല്‍ കരുത്തോടെ ബുദ്ധിയോടെ മുന്നേറാന്‍ യുവസമൂഹം തയ്യാറെടുക്കേണ്ടതുണ്ട്.

(കേരള സാങ്കേതിക ശാസ്ത്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇന്‍ചാര്‍ജ് ആണ് ലേഖകന്‍)