നിപ വൈറസ് ബാധക്ക് കാരണം വവ്വാലുകളെന്ന് പറയാനാകില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

Posted on: May 22, 2018 8:39 pm | Last updated: May 23, 2018 at 9:36 am

കോഴിക്കോട്: കേരളത്തെ ഭീതിയിലാഴ്ത്തി പടരുന്ന നിപ വൈറസ് പകര്‍ത്തിയതിന് പിന്നില്‍ വവ്വാലുകളാണെന്ന് പറയാനാകില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്. മൃഗങ്ങളില്‍ ഇതുവരെ വൈറസ് കണ്ടെത്തിയിട്ടില്ല. സാംപിളുകള്‍ ഭോപ്പാലിലെ അതീവ സുരക്ഷാ ലാബില്‍ പരിശോധിക്കുമെന്നും വൈറസിന്റെ ഉറവിടം ഏതാണെന്ന് വെള്ളിയാഴ്ച സ്ഥിരീകരണം നല്‍കുമെന്നും മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും നിപ്പ വൈറസ് നിയന്ത്രണ വിധേയമാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതേസമയം ലാബ് പരിശോധനയില്‍ 12 പേര്‍ക്ക് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ എട്ട് പേര്‍ കോഴിക്കോടുള്ളവരും രണ്ട് പേര്‍ മലപ്പുറത്തുള്ളവരുമാണ്. ആകെ 18 പേരുടെ സാംപിള്‍ പരിശോധിച്ചതില്‍ ആറ് പേരുടേതില്‍ വൈറസ് കണ്ടെത്തിയിട്ടില്ല.