അനാഥ- അഗതി മന്ദിരങ്ങളിലേക്കുള്ള റേഷന്‍ അരിവിതരണം നിലച്ചു

കേന്ദ്ര സര്‍ക്കാര്‍ അരിനല്‍കിയില്ല
Posted on: May 22, 2018 6:15 am | Last updated: May 22, 2018 at 12:38 am

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ അരിവിഹിതം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ അനാഥ- അഗതി മന്ദിരങ്ങളിലേക്കുള്ള റേഷന്‍ അരിവിതരണം നിലച്ചു. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ സെപ്തംബര്‍ മുതലാണ് അനാഥ- അഗതി മന്ദിരങ്ങളിലേ ക്കുള്ള അരിവിഹിതം വെട്ടിക്കുറച്ചത്. ഒരു സാമ്പത്തിക വര്‍ഷം രണ്ട് ഘട്ടങ്ങളിലായാണ് കേന്ദ്രം അരി വിതരണം ചെയ്യുന്നത്.

അരിവിഹിതം വെട്ടിക്കുറച്ചതോടെ കഴിഞ്ഞ മാര്‍ച്ച് മുതലാണ് അരി വിതരണം പൂര്‍ണതോതില്‍ നിലച്ചത്. എന്നാല്‍, ചില സ്ഥലങ്ങളില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്തതിനു ശേഷം ബാക്കി വരുന്ന ഭക്ഷ്യധാന്യം ഇത്തരം സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഓരോ അനാഥ- അഗതി മന്ദിരത്തിലേയും അന്തേവാസികളുടെ എണ്ണമനുസരിച്ചാണ് ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വൃദ്ധ സദനങ്ങള്‍, കോണ്‍വെന്റുകള്‍, 15 വയസ്സിന് താഴെയുള്ള ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍, മാനസിക അസ്വസ്ഥതയുള്ള മുതിര്‍ന്നവര്‍ താമസിക്കുന്ന സ്ഥാപനങ്ങള്‍ അടക്കമുള്ളവക്കാണ് മാസങ്ങളായി റേഷന്‍ ഭക്ഷ്യധാന്യം ലഭിക്കാത്തത്.

ഒരു അന്തേവാസിക്ക് സൗജന്യമായി അഞ്ച് കിലോ അരിയും തുഛമായ വിലയ്ക്ക് രണ്ട് കിലോ ഗോതമ്പും നല്‍കുന്നതാണ് പദ്ധതി. എറണാകുളം ജില്ലയില്‍ മാത്രം 383 അനാഥ- അഗതി മന്ദിരങ്ങളില്‍ സര്‍ക്കാര്‍ റേഷന്‍ കടവഴി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ജില്ലയില്‍ 383സ്ഥാപനങ്ങളിലായി 7,458പേര്‍ക്ക് അരിക്കും ഗോതമ്പിനുമുള്ള അനുമതിയാണ് നല്‍കുന്നത്. 28,729 കിലോ അരിയും, 12,365 കിലോ ഗോതമ്പുമാണ് വിതരണം ചെയ്യേണ്ടത്. ഇത് ഇത്തവണ നല്‍കാനായിട്ടില്ല. കേന്ദ്രം അരിവിഹിതം വെട്ടിക്കുറച്ചതോടെ സംസ്ഥാനത്ത് ഇത്തരം സ്ഥാപനങ്ങളില്‍ ഈ സാമ്പത്തിക വര്‍ഷം മുതല്‍ പെര്‍മിറ്റ് നല്‍കിയിട്ടില്ല. എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തില്‍ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപനത്തിലെത്തി കണക്കെടുപ്പ് നടത്തിയശേഷമാണ് ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള പെര്‍മിറ്റ് നല്‍കുന്നത്. എന്നാല്‍, ഈ വര്‍ഷത്തെ കണക്കെടുപ്പും പെര്‍മിറ്റ് പുതുക്കലും കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നടന്നിട്ടില്ല.

പല സ്ഥാപനങ്ങളും സുമനസ്സുകളുടെ സഹായ സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരും ആരാരുമില്ലാ വൃദ്ധരടക്കമുള്ളവരാണ് പല സ്ഥാപനങ്ങളിലും വസിക്കുന്നത്. അന്തേവാസികള്‍ക്ക് എല്ലാ മാസവും ലഭിക്കുന്ന റേഷന്‍ നിലച്ചതോടെ പലസ്ഥാപനങ്ങളുടെയും നിലനില്‍പ്പ് തന്നെ അപകടത്തിലാണ്. അതേസമയം, അനാഥ അഗതി മന്ദിരങ്ങളിലേക്കുള്ള റേഷന്‍ അരിവിതരണം നിലച്ചത് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം എല്‍ എ ഭക്ഷ്യ സിവില്‍ സപ്ലൈകോ മന്ത്രി പി തിലോത്തമന് നിവേദനം നല്‍കി. നിര്‍ധനരും നിരാലംബരുമായ അനേകായിരങ്ങള്‍ക്ക് അത്താണിയാകുന്ന സ്ഥാപനങ്ങളിലെ റേഷന്‍ അരി വിതരണം നിലച്ചത് അംഗീകരിക്കാനാകില്ല.

എറണാകുളം ജില്ലയില്‍ മാത്രം 7,458പേരാണ് ലിസ്റ്റിലുള്ളത്. സംസ്ഥാനത്തെ കണക്കെടുക്കുമ്പോള്‍ എണ്ണം ലക്ഷങ്ങള്‍ കവിയും, ആയതിനാല്‍ വിഷയത്തിന്റെ ഗൗരവം കേന്ദ്ര സര്‍ക്കാറിനെ ബോധ്യപ്പെടുത്തി നിര്‍ത്തലാക്കിയ അരിവിഹിതം പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.