Connect with us

National

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം പുനഃപരിശോധനാ ഹരജി സമര്‍പ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പി ദേശീയാധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ കേട്ടിരുന്ന സി ബി ഐ പ്രത്യേക കോടതി ജഡ്ജി ബി എച്ച് ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന സുപ്രീം കോടതിയുടെ വിധിക്കെതിരെ പുനഃപരിശോധനാ ഹരജി സമര്‍പ്പിച്ചു. ബോംബെ ലോയേഴ്സ് അസോസിയേഷനാണ് സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കിയത്. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതകളുണ്ടെന്നും വിധി പുനഃപരിശോധിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലാ ജഡ്ജിമാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്. അവരെ വിളിച്ചുവരുത്തി ചോദിക്കുക കൂടി ചെയ്തിട്ടില്ലെന്നും അസോസിയേഷന്‍ ഹരജിയില്‍ വ്യക്തമാക്കി. മഹാരാഷ്ട്ര ഇന്റലിജന്‍സിലെ കമ്മീഷണര്‍ സഞ്ജയ് ബാര്‍വിന്റെ അന്വേഷണ റിപ്പോര്‍ട്ടിലും അസോസിയേഷന്‍ അവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍ 19നാണ് വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയത്. കഴിഞ്ഞ മാര്‍ച്ച് പതിനാറിന് ഇത് സംബന്ധിച്ച ഹരജികളില്‍ വാദം പൂര്‍ത്തിയാക്കിയാണ് ഏപ്രില്‍ 19ന് വിധി പ്രസ്താവം നടത്തിയത്. ഹരജിക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചു കൊണ്ടുള്ള വിധിയില്‍ ലോയയുടെ മരണം സ്വാഭാവികമാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, എ എം ഖാന്‍വില്‍ക്കാര്‍ എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ലോയയുടെ സഹജഡ്ജിമാര്‍ വ്യക്തമാക്കുന്നുണ്ടെന്നും അവരെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കിയായിരുന്നു സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നത്.

സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോയ 2014 ഡിസംബര്‍ ~ഒന്നിനാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അന്ന് ഗുജറാത്ത് ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന അമിത് ഷാ പ്രതിയായിരുന്നു. അമിത് ഷാ കേസില്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് സി ബി ഐ കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് ജസ്റ്റിസ് ലോയയുടെ മരണം. ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നായിരുന്നു പുറത്തുവന്നിരുന്ന വിവരങ്ങള്‍.