ഫ്‌ളക്‌സ് എന്തുകൊണ്ട് നിരോധിക്കണം?

അടുത്ത കാലത്തായി കുഴഞ്ഞുവീണു മരണം, അജ്ഞാത രോഗങ്ങള്‍, ക്യാന്‍സര്‍ രോഗവര്‍ധന, കുടല്‍രോഗ വര്‍ധന, കിഡ്‌നി ഡയാലിസിസ് വര്‍ധന തുടങ്ങി അനവധി പ്രവണതകള്‍ക്ക് കാരണം കിട്ടാതെ ആളുകള്‍ പകച്ചു നില്‍ക്കുകയാണ്. ഫ്‌ളക്സിനെ കുറിച്ചുള്ള ഗവേഷണങ്ങള്‍ പലതും ഈ രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കൂട്ടിവായിക്കുമ്പോള്‍ ഫ്‌ളക്സ് എത്രയും വേഗം നിരോധിക്കണമെന്ന് പറഞ്ഞു പോകും.
Posted on: May 22, 2018 6:00 am | Last updated: May 21, 2018 at 10:36 pm

ഫ്‌ളക്സ് ബോര്‍ഡുകള്‍ കേരളത്തില്‍ നിരോധിക്കുകയാണല്ലോ. പോളിവിനൈല്‍ ക്ലോറൈഡ് (പി വി സി) എന്ന ജൈവ വിഘടന ശേഷിയില്ലാത്ത ഒരു രാസവസ്തുവാണ് ഫ്‌ളക്സ്. ഇത് ഉണ്ടാക്കുമ്പോള്‍ ഡയോക്‌സിന്‍, എത്തിലീന്‍ ഡൈക്ലോറൈഡ്, ഘനലോഹങ്ങള്‍, കുമിള്‍ നാശിനികള്‍, ഫ്താലേറ്റ്കള്‍ എന്നിവ ഉപയോഗിക്കുന്നുണ്ട്. ഇതുകൂടാതെ അമ്ല വാതകങ്ങള്‍ പുറത്തുവരുന്നതോടൊപ്പം ക്യാന്‍സര്‍ ഉണ്ടാക്കുന്ന അതിമാരകമായ ടെട്രാ ക്ലോറോഡൈബെന്‍സോ പാരാഡൈയോക്‌സിനും കൂടി ഫ്‌ളക്സ് ഉദ്പാദനത്തോടൊപ്പം ഉണ്ടാകുന്നു. 1960 മുതല്‍ ഭൂമുഖത്തു പി വി സി ഉദ്പാദനം നടക്കുന്നുണ്ട്. അതില്‍ 80 ശതമാനം ഫ്‌ളക്സും ഉപയോഗശേഷം കത്തിച്ചുകളയുന്നു.

ഫ്‌ളക്സില്‍ നിന്നുപുറത്തു വരുന്ന ബിസ്‌ഫെനോള്‍ എ യും ഫ്താലേറ്റ്കളും ആണ്‍കുട്ടികളില്‍ സ്‌ത്രൈണ സ്വഭാവം വളര്‍ത്തുന്നതിനും വന്ധ്യതക്കും ലിംഗവളര്‍ച്ചക്കുറവിനും കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പെണ്‍കുട്ടികളില്‍ സ്തനാര്‍ബുദത്തിനും കരള്‍ കിഡ്‌നി തകരാറുകള്‍, പ്രെമേഹം, ഹൃദ്രോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. പി വി സി യില്‍ നിന്നും പുറത്തുവരുന്ന ഡൈയോക്‌സിനുകള്‍ മഴവെള്ളത്തിലൂടെ ജലസ്രോതസ്സുകളിലും കുടിവെള്ളത്തിലൂടെ മനുഷ്യ ശരീരത്തിലും എത്തുന്നു.

ഫ്‌ളക്സ് കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക ശ്വസിക്കുന്നത് മാരകമാണ്. ഇങ്ങനെ ശ്വാസകോശത്തിലെത്തുന്ന ഡൈയോക്‌സിനുകള്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്നു. മുലപ്പാലിലൂടെ ഡൈയോക്‌സിന്‍ കുഞ്ഞുങ്ങളില്‍ എത്തുന്നു. മത്സ്യം, പാല്‍, മുട്ട, ഇറച്ചി, പച്ചക്കറികള്‍, വെള്ളം, വായു എന്നിവയിലൂടെ ഫ്‌ളക്സില്‍ നിന്നുള്ള വിഷാംശങ്ങള്‍ ജീവജാലങ്ങളില്‍ എത്തുന്നു. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, പ്രതിരോധ ശേഷി കുറവ്, ഉദരസംബന്ധമായ രോഗങ്ങള്‍, ജനന വൈകല്യങ്ങള്‍, ജനിതകവൈകല്യങ്ങള്‍ എന്നിവ ഉണ്ടാക്കുവാന്‍ ഫ്‌ളക്സിലെ രാസപദാര്‍ഥങ്ങള്‍ക്ക് കഴിവുണ്ട്.
ഫ്‌ളക്സ് ഉണ്ടാക്കുമ്പോഴും സംസ്‌കരിക്കുമ്പോഴും ഒരു പോലെ മാരക രാസവാതകങ്ങള്‍ അന്തരീക്ഷത്തിലും വെള്ളത്തിലും മണ്ണിലും എത്തുന്നുണ്ട്. ഫ്‌ളക്സില്‍ ഉപയോഗിക്കുന്ന പ്രിന്റ് മഷി ത്വക് രോഗങ്ങള്‍, അലര്‍ജി, ആസ്തമ എന്നിവക്ക് കാരണമാകുന്നു. ഈ മഷി ഗര്‍ഭസ്ഥ ശിശുക്കളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതായി ഗവേഷണ ഫലങ്ങള്‍ പ്രവചിക്കുന്നുണ്ട്.

ലാമിനേഷന് വേണ്ടി ഉപയോഗിക്കുന്ന ഫ്‌ളക്സ് ലായകങ്ങള്‍ നാഡീ വ്യൂഹത്തെ ബാധിക്കുന്നവയാണ്. ഫ്‌ളക്സ് പ്രിന്റിംഗ് മഷിയും അതോടൊപ്പം പുറത്തു വരുന്ന അമ്ല വാതകങ്ങളും കണ്ണുകള്‍ നശിപ്പിക്കുന്നതിനും അവയവങ്ങളെ ദ്രവിപ്പിക്കുന്നതിനും കഴിവുള്ളവയാണ്. ശരീരത്തിലെ രക്തം ശുദ്ധീകരിക്കുന്ന അവയവങ്ങളായ കരള്‍, അരിപ്പയായി പ്രവര്‍ത്തിക്കുന്ന കിഡ്‌നി എന്നിവയെ ഫ്‌ളക്സിലെ ഡൈയോക്‌സിനുകള്‍ കേടുവരുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ക്യാന്‍സറിനും വന്ധ്യതക്കും ഫ്‌ളക്സിലെ രാസമാലിന്യങ്ങള്‍ വെഴിവക്കുന്നുണ്ട്. ഓരോ ഇലക്ഷന്‍ പ്രചാരണം കഴിയുമ്പോഴും ഓരോ സ്ഥാനാര്‍ഥിയും 25,000 ഫ്‌ളക്സ് ബോര്‍ഡുകള്‍ എങ്കിലും ഉപയോഗിക്കുന്നുണ്ട്. പ്രതിമാസം ഇന്ത്യയിലെ പട്ടണങ്ങളില്‍ 750 ടണ്ണിലധികം ഫ്‌ളക്സ് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. മനുഷ്യനില്‍ അകാലനിര ഉണ്ടാക്കുന്നതില്‍ ഫ്‌ളക്സിന് പങ്കുണ്ട്. ഫ്‌ളക്സ് നിയന്ത്രണത്തെ കുറിച്ച് ചര്‍ച്ച വരുമ്പോള്‍ പലപ്പോഴും ഫ്‌ളക്സ് പ്രിന്റിംഗ് മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ പ്രശ്‌നമായി ചര്‍ച്ച വഴിമാറും. എന്നാല്‍ ഫ്‌ളക്സ് വരുത്തിവെക്കുന്ന അതിഭീകരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ തൊഴില്‍ നഷ്ടം നിസ്സാരമാണ്.

ആരോഗ്യം ഉണ്ടെങ്കില്‍ മാത്രമല്ലേ തൊഴിലെടുക്കാനാകൂ. ഇതിനകം എണ്ണമറ്റ ആളുകള്‍ ഫ്‌ളക്സ് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളില്‍ ബുദ്ധിമുട്ടുന്നു. ഫ്‌ളക്സ് ജൈവവിഘടനമല്ലാത്തതിനാല്‍ വരും തലമുറയെ കൂടി ബാധിക്കുന്നു എന്നത് അപകടസാധ്യതയുടെ ആക്കം കൂട്ടുന്നു. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം മൂലം കുട്ടികളില്‍ ജനിതക വൈകല്യങ്ങള്‍ വന്നിട്ടും കശുമാവിന്‍ മരുന്നടിക്കുന്ന ജോലി നഷ്ട്ടമാകുമെന്നോര്‍ത്ത് സ്വന്തം വീട്ടിലെ കുട്ടികളില്‍ എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടായ അസുഖങ്ങള്‍ മൂടിവെച്ചവരാണ് മലയാളികള്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ ഇതു കാരണമാക്കി. അതുപോലെ ഫ്‌ളക്സ് പ്രിന്റിംഗ് തൊഴില്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി വരുംതലമുറയെ കുരുതി കൊടുക്കുന്ന സമീപനം ആത്മഹത്യാപരമാണ്.

2014 ല്‍ കേരളീയ ഇക്കോസിസ്റ്റത്തില്‍ ഫ്‌ളക്സ് വരുത്തി വെക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കേരള സര്‍ക്കാര്‍ ഫ്‌ളക്സ് നിരോധിച്ചിരുന്നു. ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയവര്‍ ചേക്കേറിയിരിക്കുന്ന തൊഴില്‍ മേഖലയാണ് ഫ്‌ളക്സ് വ്യവസായം എന്ന് വരുത്തിത്തീര്‍ത്തു നിരോധനം പിന്‍വലിക്കേണ്ട അവസ്ഥയില്‍ സര്‍ക്കാര്‍ എത്തുകയായിരുന്നു. ഇന്ന് എവിടെയും ഫ്‌ളക്സ് ബോര്‍ഡുകളുടെ അതിപ്രസരമാണ്. ആഘോഷങ്ങള്‍, വിജയങ്ങള്‍, സമ്മേളനങ്ങള്‍, നേതാവാകാന്‍, എല്ലാം ഫ്‌ളക്സ് ബോര്‍ഡുകളാണ്. അശ്ലീല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന, ഡ്രൈവര്‍മാരെ വഴിതെറ്റിക്കുന്ന, വഴിതടസ്സം സൃഷ്ട്ടിക്കുന്ന, മറ്റുള്ളവര്‍ക്ക് മാനഹാനി ഉണ്ടാക്കുന്ന ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ക്ക് ഫ്‌ളക്സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതു തടഞ്ഞില്ലെങ്കില്‍ അതിഭീകരമായ ഫ്‌ളക്സ് മലിനീകരണത്തിന് കാരണമാകും. ഒരു സമൂഹം തന്നെ രോഗാതുരമാകുന്ന അവസ്ഥ വരും.

ഈ അടുത്ത കാലത്തായി കുഴഞ്ഞുവീണു മരണം, അജ്ഞാത രോഗങ്ങള്‍, ക്യാന്‍സര്‍ രോഗവര്‍ധന, കുടല്‍രോഗ വര്‍ധന, കിഡ്‌നി ഡയാലിസിസ് വര്‍ധന, തുടങ്ങി അനവധി പ്രവണതകള്‍ക്ക് കാരണം കിട്ടാതെ ഈ തലമുറ പകച്ചു നില്‍ക്കുകയാണ്. ഫ്‌ളക്സിനെ കുറിച്ചുള്ള ഗവേഷണങ്ങള്‍ പലതും മേല്‍പറഞ്ഞ രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കൂട്ടിവായിക്കുമ്പോള്‍ ഫ്‌ളക്സ് എത്രയും വേഗം നിരോധിക്കണമെന്ന് പറഞ്ഞു പോകും. കുടിവെള്ളത്തില്‍ നാനോ രൂപത്തില്‍ പ്ലാസ്റ്റിക് തന്മാത്രകള്‍ ചേര്‍ന്നിരിക്കുന്നു എന്നാണ് പുതിയ കണ്ടുപിടുത്തം. ഇക്കാര്യങ്ങള്‍ നമ്മുടെ ഭരണകര്‍ത്താക്കളും തിരിച്ചറിയണം. ഫ്‌ളക്സ് നിരോധിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണം. മാനവരാശിയെ അജ്ഞാത രോഗങ്ങളില്‍ നിന്നും രക്ഷിക്കണം.