Connect with us

National

ഗുജറാത്തില്‍ ദളിത് യുവാവിനെ അടിച്ചുകൊന്നു; വീഡിയോ

Published

|

Last Updated

ദളിത് യുവാവിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യം (വീഡിയോയില്‍ നിന്ന്)

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയില്‍ ദളിത് യുവാവിനെ കെട്ടിയിട്ട് അടിച്ചു കൊന്നു. ആക്രി പെറുക്കി ജീവിക്കുന്ന മുകേഷ് സാവ്ജി വനിയ (40) ആണ് മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ മരിച്ചത്. ഫാക്ടറി പരിസരത്ത് ആക്രി സാധനങ്ങള്‍ തിരയുകയായിരുന്നു മുകേഷും ഭാര്യയും. ഇവര്‍ കള്ളന്‍മാരാണെന്ന് ആരോപിച്ച് ഫാക്ടറി ഉടമയും മറ്റ് നാല് പേരും ചേര്‍ന്ന് മുകേഷിനെ വലിച്ചിഴച്ച് അകത്തേക്ക് കൊണ്ടു പോകുകയും പിടിച്ച് കെട്ടുകയുമായിരുന്നു. പിന്നീടായിരുന്നു ക്രൂരമായ മര്‍ദനം. ദളിത് നേതാവും എം എല്‍ എയുമായ ജിഗ്നേഷ് മേവാനി ആക്രമണത്തിന്റെ ദൃശ്യമടക്കം ട്വീറ്റ് ചെയ്തതോടെയാണ് ഞായറാഴ്ച രാത്രി നടന്ന സംഭവം പുറം ലോകമറിയുന്നത്.

സമീപത്തുണ്ടായിരുന്ന ഭാര്യ ജയയെയും ആക്രമികള്‍ മര്‍ദിച്ചിട്ടുണ്ട്. ഇവരെ മാറ്റി നിര്‍ത്തിയാണ് മുകേഷിനെ കെട്ടിയിട്ട് അടിച്ചത്. ജയ പരിചയക്കാരുമായി തിരിച്ചു വന്നപ്പോള്‍ നിലത്തു കിടക്കുന്ന മുകേഷിനെയാണ് കണ്ടത്. പിന്നീടിവര്‍ മുകേഷിനെ രാജ്‌കോട്ട് സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ മുഴുവന്‍ ഫാക്ടറിയിലെ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ വീഡിയോയാണ് മേവാനി ഷെയര്‍ ചെയ്തത്. “ഗുജറാത്ത് ഈസ് നോട്ട് സേഫ് ഫോര്‍ ദളിത്” എന്ന ഹാഷ്ടാഗോടെയാണ് ജിഗ്നേഷ് മേവാനി ദൃശ്യം സാമൂഹിക മാധ്യമങ്ങളിലിട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഫാക്ടറി ഉടമയടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐ പി സി സെക്ഷന്‍ 302, എസ് സി/ എസ് ടി അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകളടക്കം ചുമത്തി കേസെടുത്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.