Connect with us

National

കുമാരസ്വാമി രാഹുലിനേയും സോണിയയേയും സന്ദര്‍ശിച്ചു; ഇരുവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും

Published

|

Last Updated

ന്യൂഡല്‍ഹി: നിയുക്ത കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി യു പി എ അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകീട്ട് ഏഴോടെയാണ് കുമാര സ്വാമി സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കണ്ടത്. നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ഇരുവരേയും അദ്ദേഹം ക്ഷണിച്ചു.

മന്ത്രിമാരുടെ എണ്ണം, വകുപ്പ് വിഭജനം എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചയില്‍ കടന്നുവന്നതായി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ഉപമുഖ്യമന്ത്രി സ്ഥാനവും മന്ത്രിസഭാ അംഗങ്ങളുടെ എണ്ണവും വകുപ്പു വിഭജനവുമടക്കമുള്ള കാര്യങ്ങള്‍ നേരത്തെ കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തിയിരുന്നു. ഇക്കാര്യത്തിലുള്ള അന്തിമ ചര്‍ച്ചയാണ് രാഹുല്‍ ഗാന്ധിയുമായി നടത്തിയതെന്നാണ് അറിയുന്നത്.

മുഖ്യമന്ത്രിസ്ഥാനം ജെ ഡി എസിന് നല്‍കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി, ആഭ്യന്തരം, ധനം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ വേണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ജെ ഡി എസിനും അനുകൂലമായ നിലപാടാണ്. ജെ ഡി എസിന് 13 മന്ത്രിസ്ഥാനവും കോണ്‍ഗ്രസിന് 20 മന്ത്രിസ്ഥാനവും നല്‍കാനായിരുന്നു ആദ്യ ധാരണ. എന്നാല്‍ 15 മന്ത്രിപദവിയെങ്കിലും വേണമെന്നതാണ് ജെ ഡി എസിന്റെ ഇപ്പോഴത്തെ ആവശ്യം. രണ്ട് ഉപമുഖ്യമന്ത്രിമാരെ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായും സൂചനയണ്ട്. ഒരു ഉപമുഖ്യമന്ത്രി പദവി തങ്ങള്‍ക്ക് വേണമെന്ന് ലിംഗായത്തുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ 78 എം എല്‍ എമാരില്‍ 16ഉം ലിംഗായത്ത് സമുദായക്കാരാണ്.

അതേസമയം, കോണ്‍ഗ്രസിന്റെ മന്ത്രിമാരെ തീരുമാനിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, മുതിര്‍ന്ന നേതാക്കളായ ഡി കെ ശിവകുമാര്‍, ജി പരമേശ്വര എന്നിവര്‍ ഇന്നലെ ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കുമാരസ്വാമി- രാഹുല്‍ കൂടിക്കാഴ്ചക്ക് തൊട്ട് മുമ്പ് കര്‍ണാടകത്തിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഗുലാംനബി ആസാദ്, കെ സി വേണുഗോപാല്‍ അശോക് ഗെഹ്‌ലോട്ട് എന്നിവര്‍ രാഹുലുമായി ചര്‍ച്ച നടത്തി. നാളെ കുമാരസ്വാമി മാത്രമെ സത്യപ്രതിജ്ഞ ചെയ്യൂവെന്നും തുടര്‍ന്ന് വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തിയ ശേഷം സ്പീക്കറെ തിരഞ്ഞെടുക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുഴുവന്‍ പ്രതിപക്ഷകക്ഷി നേതാക്കളെയും ക്ഷണിക്കാന്‍ കോണ്‍ഗ്രസ് കുമാരസ്വാമിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡല്‍ഹിയിലെത്തിയ കുമാരസ്വാമി സീതാറാം യെച്ചൂരിയെ ഫോണിലും ബി എസ് പി നേതാവ് മായാവതിയെ നേരിട്ടും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചു.

Latest