ജുമൈറ ബീച്ചില്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; രണ്ടു പേര്‍ക്കെതിരെ ദുബൈ കോടതിയില്‍ വിചാരണ

Posted on: May 21, 2018 8:28 pm | Last updated: May 21, 2018 at 8:28 pm

ദുബൈ: വിദ്യാര്‍ഥിനിയെ ബീച്ചില്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ക്കെതിരെ ദുബൈ പ്രാഥമിക കോടതിയില്‍ വിചാരണ ആരംഭിച്ചു. 20കാരിയായ സഊദി പെണ്‍കുട്ടിയെ ജുമൈറ ബീച്ചില്‍ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ 24 വയസുള്ള എന്‍ജിനിയര്‍മാരായ ഇറാനി, ഇമാറാത്തി പൗരന്മാര്‍ക്കെതിരെയാണ് വിചാരണ.

തട്ടിക്കൊണ്ടു പോകല്‍, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് യുവാക്കളുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ജനുവരി 20ന് അല്‍ ബര്‍ശ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളെ തനിക്കറിയില്ലെന്നും സംഭവം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് ഇവരെ കാണുന്നതെന്നും വിദ്യാര്‍ഥിനി പറഞ്ഞു. സംഭവം സംബന്ധിച്ച് പെണ്‍കുട്ടി പറയുന്നതിങ്ങനെ: രാത്രി രണ്ടു മണിയോടെയാണ് സംഭവം. ഹോട്ടല്‍ മുറിയുടെ പിന്‍ ഭാഗത്തെ വാതിലിലൂടെ കടലിലേക്ക് നോക്കിനില്‍ക്കുകയായിരുന്നു. അവിടെ മൂന്നു പുരുഷന്‍മാരെ കാണുകയും അതില്‍ ഒരാള്‍ തന്നെ സ്‌നാപ് ചാറ്റില്‍ ആഡ് ചെയ്യാന്‍ പറഞ്ഞത് പ്രകാരം അത് ചെയ്തു. കൂട്ടത്തില്‍ രണ്ടു പേര്‍ പെട്രോള്‍ പമ്പില്‍ പോയി ഭക്ഷണം വാങ്ങാം എന്ന് പറഞ്ഞത് പ്രകാരം അവരുടെ കൂടെ കാറില്‍ കയറി. തുടര്‍ന്ന് ബീച്ചിലെത്തി. ഭക്ഷണം കഴിക്കാന്‍ ഇരുന്നു. ഈ സമയം അവര്‍ ഒരാളെ കൂടി വിളിക്കുന്നത് കണ്ടു. അസ്വസ്ഥയായ തന്നെ മുറിയില്‍ കൊണ്ടുവിടണമെന്ന് പറഞ്ഞെങ്കിലും അവര്‍ ചെയ്തില്ല. കൂട്ടത്തിലൊരാള്‍ തന്റടുത്ത് വന്നിരിക്കുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. അയാളെ തള്ളിമാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചു.

തുടര്‍ന്ന് ബലമായി പെണ്‍കുട്ടിയെ കാറില്‍ കയറ്റി വാതില്‍ ലോക്ക് ചെയ്ത് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മുടി പിടിച്ച് ശക്തമായി വലിക്കുകയും ചെയ്തു.

ജുമൈറ ബീച്ചില്‍ പട്രോളിംഗിനിടെയാണ് ഭയന്നുകൊണ്ട് പെണ്‍കുട്ടി ഓടിവരുന്നത് കണ്ടതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തങ്ങളുടെ അടുക്കലെത്തിയ പെണ്‍കുട്ടി കരയുകയായിരുന്നു. ഒരു സംഘം തന്നെ ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി പറഞ്ഞു. കുട്ടിയെയും കൊണ്ട് സംഭവം നടന്ന സ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കിലും അവിടെയാരെയും കണ്ടെത്താനായില്ലെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അല്‍ ബര്‍ശ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ യുവാക്കളുടെ കാറിലുണ്ടായത് പ്രതികളെ കണ്ടെത്താന്‍ എളുപ്പമായി.

പെണ്‍കുട്ടിയുടെ ദേഹത്ത് പോറലും മുറിവുകളുമുള്ളതായി ഫോറന്‍സിക് വിദഗ്ധനും വ്യക്തമാക്കി. ടോക്‌സികോളജി റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി മദ്യപിച്ചിട്ടില്ലെന്നും എന്നാല്‍ ഹാഷിഷിന്റെ അംശം കണ്ടെത്തിയതായും പറയുന്നു.