Connect with us

Articles

തിരുത്തുമോ സ്വയംകൃതാനര്‍ഥങ്ങളുടെ ചരിത്രം?

Published

|

Last Updated

കേന്ദ്രത്തിലെ അധികാരം, ഗവര്‍ണറുടെ “സംഘ” ബോധം, പണവും സ്ഥാനങ്ങളും നീട്ടിയുള്ള പ്രലോഭനം, അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുമെന്ന മുന്നറിയിപ്പ്, പല വിധ ഭീഷണികള്‍ വേറെയും. ഇതിനെയൊക്കെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനും ജനതാ ദളിനും (സെക്യുലര്‍) സാധിച്ചുവെന്ന് മനസ്സിലായതോടെയാണ് നാണംകെട്ടും അധികാരം നേടിയാല്‍ നാണക്കേട് അധികാരം മാറ്റിക്കൊള്ളുമെന്ന ചിന്തയില്‍ നിന്ന് നരേന്ദ്ര മോദി മുതല്‍ യെദിയൂരപ്പ വരെയുള്ള ബി ജെ പി നേതാക്കള്‍ പിന്മാറിയത്. പരമാധികാരിയായ പ്രധാനമന്ത്രിയുടെയും രാഷ്ട്രീയതന്ത്രങ്ങളുടെ ചക്രവര്‍ത്തിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബി ജെ പി പ്രസിഡന്റ് അമിത് ഷായുടെയും നീക്കങ്ങളെയെക്കെ പ്രതിരോധിക്കാന്‍ താരതമ്യേന ദുര്‍ബലമായി തുടരുന്ന കോണ്‍ഗ്രസിന് സാധിച്ചുവെന്നതും ബി ജെ പിയെ അധികാരത്തിന് പുറത്തിരുത്തുക എന്ന ഒരൊറ്റ അജന്‍ഡയില്‍ ഉറച്ചുനില്‍ക്കാന്‍, ഏതു കാറ്റിലും ചാഞ്ചാടാന്‍ തയ്യാറുള്ള, എച്ച് ഡി കുമാരസ്വാമിയുടെ ജനതാദളി (സെക്യുലര്‍) നായി എന്നതും ഇക്കാലത്തെ അത്ഭുതങ്ങളിലൊന്നാണ്. ആ അത്ഭുതം രണ്ട് പാര്‍ട്ടികള്‍ക്കും മതനിരപേക്ഷരാഷ്ട്രീയത്തിനൊപ്പം നില്‍ക്കുന്ന പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും നല്‍കുന്ന ഊര്‍ജം ചെറുതല്ല. ആ നിലക്ക്, ധര്‍മയുദ്ധത്തില്‍ ജയിച്ച വികാരമായിരുന്നു ഇന്നലെ വൈകിട്ട്.

ഈ അവസ്ഥയിലേക്ക് കാര്യങ്ങളെക്കൊണ്ടെത്തിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക – ദേശീയ നേതൃത്വങ്ങള്‍ കാട്ടിയ ജാഗ്രത പ്രത്യേകം എടുത്തുപറയേണ്ടതാണ്. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ വിശ്വസ്ത ദാസനായി തുടരുന്ന കര്‍ണാടക ഗവര്‍ണര്‍, വാജുഭായി വാല സര്‍ക്കാറുണ്ടാക്കാന്‍ ബി എസ് യെദിയൂരപ്പയെ തന്നെ ക്ഷണിക്കുമെന്നും കുതിരക്കച്ചവടത്തിന് വേണ്ട സമയം വിശ്വാസവോട്ട് തേടാന്‍ നല്‍കുമെന്നും പ്രതീക്ഷിച്ച് കോടതിയെ സമീപിക്കാന്‍ തയ്യാറെടുത്തിരുന്നു കോണ്‍ഗ്രസ് നേതൃത്വങ്ങള്‍. സത്യപ്രതിജ്ഞ തടയാനാകില്ലെന്ന ഉത്തരവ് പറഞ്ഞുകൊണ്ടിരിക്കെ, തടസ്സവാദങ്ങളുമായി എഴുന്നേറ്റ് ഭൂരിപക്ഷം അവകാശപ്പെട്ട് യെദിയൂരപ്പ സമര്‍പ്പിച്ച കത്തുകള്‍ പരിശോധിക്കാമെന്ന ഉറപ്പിലേക്ക് സുപ്രീം കോടതിയെ എത്തിക്കുന്നതില്‍ മനു അഭിഷേക് സിംഗ്‌വി കാണിച്ച മിടുക്കും അതുവഴി വിശ്വാസവോട്ട് തേടാനുള്ള സമയ പരിധി 15 ദിവസത്തില്‍ നിന്ന് ഒന്നാക്കി ചുരുക്കാനായതും പ്രൊടേം സ്പീക്കറുടെ നിയമനം ചോദ്യംചെയ്ത് കോടതിയെ സമീപിച്ചതിലൂടെ വിശ്വാസ വോട്ടെടുപ്പിന്റെ തത്സമയ സംപ്രേഷണം ഉറപ്പാക്കിയതും മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ വിജയത്തില്‍ സുപ്രധാനമായി. പതിവ് പിന്തിരിപ്പന്‍ നിലപാടുകളില്‍ നിന്ന് ഭിന്നമായി, ന്യായാന്യായത്തിന്റെ പ്രശ്‌നം തിരിച്ചറിഞ്ഞ് ഇടപെടല്‍ അനിവാര്യമെന്ന് നിശ്ചയിച്ച സുപ്രീം കോടതിയും ഈ വിജയത്തിലെ പരോക്ഷ പങ്കാളിയാണ്. ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി, പ്രതിപക്ഷം തന്റെ വിശ്വാസ്യതക്ക് മുന്നിലിട്ട ചോദ്യചിഹ്നത്തെ നീക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിശ്ചയമെടുത്തതാണോ എന്ന് പോലും സംശയിച്ച് പോകും വിധത്തിലായിരുന്നു സുപ്രീം കോടതിയുടെ ഇടപെടല്‍.

അധിനിവേശോദ്യുക്തരായ വന്‍ ശക്തികളെ സംയുക്തശക്തി തോല്‍പ്പിച്ചതാണ് പൊതുവില്‍ ലോക ചരിത്രം. അതുചിലപ്പോള്‍ ഒന്നിച്ചു നില്‍ക്കുന്ന രാജ്യങ്ങളാകാം, മറ്റു ഭിന്നതകള്‍ മറന്ന് യോജിക്കുന്ന ജനതകളാകാം, വിനാശകാരിയായ രാഷ്ട്രീയത്തെ പരാജയപ്പെടുത്താന്‍ താന്താങ്ങള്‍ക്കിടയിലെ നയഭിന്നതകള്‍ മറന്ന് കൈകോര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാകാം, ഭരണകൂടങ്ങളാകാം. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തിന് മേല്‍, രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനുമേല്‍, പൗരാവകാശങ്ങള്‍ക്കു മേല്‍, ഭരണഘടനാ ദത്തമായ അധികാരാവകാശങ്ങള്‍ക്കു മേല്‍ ഒക്കെ അധിനിവേശം നടത്താന്‍ ശ്രമിക്കുന്ന വര്‍ഗീയ – ഫാഷിസ്റ്റ് ഭരണകൂടത്തിനും അതിനെ നിയന്ത്രിക്കുന്ന സംഘപരിവാരത്തിനുമെതിരെ യോജിക്കാവുന്നിടത്തൊക്കെ യോജിക്കാമെന്ന വികാരം ഇന്ത്യന്‍ യൂണിയനിലെ വിവിധ രാഷ്ട്രീയ സംവിധാനങ്ങള്‍ക്കിടയില്‍ ഉയരുന്നുണ്ട്. ആ വികാരത്തെ കൂടുതല്‍ ശക്തമാക്കുകയും സുഘടിതമായ സഖ്യങ്ങളിലേക്ക് നയിക്കുകയും ചെയ്യാന്‍ കര്‍ണാടകത്തിലെ ധാര്‍മിക വിജയം വഴിയൊരുക്കുന്നുണ്ട്. ജെ ഡി (എസ്) യുടെ ഇരട്ടി സീറ്റുണ്ടായിട്ടും മുഖ്യമന്ത്രി പദം കുമാരസ്വാമിക്ക് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍, ഇത്തരം സഖ്യങ്ങളെ സുശക്തമായി നിലനിര്‍ത്താന്‍ വിട്ടുവീഴ്ചകള്‍ക്ക് തങ്ങള്‍ തയ്യാറാണെന്ന വ്യക്തമായ സന്ദേശം കോണ്‍ഗ്രസ് നേതൃത്വം നല്‍കി. മതനിരപേക്ഷകക്ഷികളുടെ വിശാലമായ പ്ലാറ്റ്‌ഫോം എന്ന ആശയത്തെ മൂര്‍ത്തമാക്കുന്നതില്‍ ഇതൊരുപക്ഷേ വലിയ പങ്കുവഹിച്ചേക്കും.

പരാജയത്തിന്റെ വക്കില്‍ നിന്ന് വിജയം പിടിച്ചെടുക്കാനായെങ്കിലും ഈ അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയതിന്റെ ഉത്തരവാദിത്തം കൂടി ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ആ ഓര്‍മയുണ്ടാകേണ്ടതും വേണ്ട തിരുത്തലുകള്‍ക്ക് സന്നദ്ധരാവേണ്ടതും കോണ്‍ഗ്രസും ജെ ഡി (എസ്) അടക്കമുള്ള മതനിരപേക്ഷകക്ഷികളുമാണ്. സ്വാതന്ത്ര്യസമര കാലം മുതലിങ്ങോട്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളോ ആ പാര്‍ട്ടി തന്നെയോ സ്വീകരിച്ച മൃദു ഹിന്ദുത്വ നിലപാടുകളും തീവ്ര ഹിന്ദുത്വത്തിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്ക് ചെറുതല്ല. ഏതുവലിയ ശത്രുവിനേക്കാളും വലിയ ശത്രു സഹോദരകക്ഷിയാണെന്ന് നിശ്ചയിച്ച് വിട്ടുവീഴ്ച കാണിക്കാതിരിക്കുകയും സഹോദരശത്രുവിനെ തോല്‍പ്പിക്കാന്‍ വര്‍ഗീയ – ഫാസിസ്റ്റുകളുമായി കൈകോര്‍ക്കാന്‍ മടിക്കാതിരിക്കുകയും ചെയ്ത സോഷ്യലിസ്റ്റ് ദളങ്ങളും ചെറുതല്ലാത്ത സംഭാവന നല്‍കിയിട്ടുണ്ട്.

ണാടകയുടെ മാത്രം കാര്യമെടുത്താല്‍, അവിടെ സംഘ്പരിവാരത്തിന് വേരോട്ടമുണ്ടാകാനുള്ള അവസരമൊരുക്കിയത് എച്ച് ഡി കുമാരസ്വാമിയും ജെ ഡി (എസ്)യുമാണ്. 2004ല്‍ അധികാരമേറ്റ കോണ്‍ഗ്രസ് – ദള്‍ സഖ്യസര്‍ക്കാറിനെ അട്ടിമറിച്ച് തിരഞ്ഞെടുപ്പിന് അവസരമൊരുക്കിയത്, 2006ലെ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പിയുമായി സഖ്യമുണ്ടാക്കി കുമാരസ്വാമി മുഖ്യമന്ത്രിയായത്, രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി പദമെന്ന വാഗ്ദാനം ലംഘിച്ച് ബി എസ് യെദിയൂരപ്പക്ക് രാഷ്ട്രീയ രക്തസാക്ഷിയുടെ പരിവേഷമുണ്ടാക്കിയത്, വൊക്കലിഗ നേതാവ് (കുമാരസ്വാമി), ലിംഗായത്ത് നേതാവിനെ (യെദിയൂരപ്പ) പറ്റിച്ചുവെന്ന തോന്നലുണ്ടാക്കി, ലിംഗായത്ത് വിഭാഗത്തെയാകെ യെദിയൂരപ്പക്ക് പിറകിലും അതുവഴി സംഘ്പരിവാരത്തിന് പിറകിലും ഉറപ്പിച്ചത് – അങ്ങനെ കുമാരസ്വാമിയും ജെ ഡി (എസ്) യും അധികാരം മാത്രം ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങള്‍ കര്‍ണാടകയുടെ ഇന്നത്തെ അവസ്ഥക്ക് ഒരു കാരണമാണ്.

ഗവര്‍ണറെ ഉപയോഗപ്പെടുത്തി, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അട്ടിമറിച്ചും ഗവര്‍ണറുടെ വിവേചനാധികാരമെന്ന കച്ചിത്തുരുമ്പിനെ ആധാരമാക്കി സ്വന്തം ഇഷ്ടങ്ങള്‍ സാധിച്ചെടുത്തും അന്വേഷണ ഏജന്‍സികളെ, രാഷ്ട്രീയ എതിരാളികളെ വരുതിയില്‍ക്കൊണ്ടുവരാനുള്ള ആയുധമായി ഉപയോഗിച്ചും തെറ്റായ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിച്ചത് കോണ്‍ഗ്രസാണ്. കര്‍ണാടകയില്‍ എസ് ആര്‍ ബൊമ്മൈ സര്‍ക്കാറിനെ ഇല്ലാതാക്കിയത് അവിടം കേന്ദ്രീകരിച്ച് മാത്രമുള്ള ഉദാഹരണങ്ങളില്‍ ഒന്നാണ്. ബൊമ്മൈ സര്‍ക്കാറിനെ പിരിച്ചുവിട്ട നടപടി ശരിയായിരുന്നില്ലെന്ന് പിന്നീട് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധിക്കുകയും ചെയ്തു. സ്വയം സേവകനെ രാജ്ഭവനില്‍ ഇരുത്തി, സ്വന്തം ഇംഗിതങ്ങള്‍ സാധിച്ചെടുക്കാന്‍ ബി ജെ പി ശ്രമിക്കുമ്പോള്‍ പരമോന്നത കോടതിക്ക് മുന്നില്‍ അപേക്ഷയുമായി കോണ്‍ഗ്രസിന് എത്തേണ്ടിവരുന്നത് ഒരു കാവ്യ നീതിയാണ്.

കര്‍ണാടകയില്‍ ഗവര്‍ണറേക്കാളും കോണ്‍ഗ്രസ് ഭയന്നത് ബെല്ലാരിയിലെ ഖനി മാഫിയയായി അറിയപ്പെടുന്ന സഹസ്ര കോടിശ്വരന്‍ ജി ജനാര്‍ദന റെഡ്ഢിയെയാണ്, സഹോദര റെഡ്ഢിമാരായ കരുണാകരയെയും സോമശേഖരയെയുമാണ്. അവരുടെ പണത്തിന് മുന്നിലും ഭീഷണിക്കു മുന്നിലും കോണ്‍ഗ്രസിന്റെയും ജെ ഡി (എസ്) യുടെയും എം എല്‍ എമാര്‍ വീഴുമോ എന്നതായിരുന്നു കോണ്‍ഗ്രസിന്റെയും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും ഭയം. അങ്ങനെ ഭയമുണ്ടാക്കും വിധത്തില്‍ റെഡ്ഢിമാരെ വളര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് രാജ്യത്താവിഷ്‌കരിച്ച് നടപ്പാക്കിയ നയങ്ങളും കോണ്‍ഗ്രസിന്റെ ഭരണാധികാരികള്‍ ചെയ്തുകൊടുത്ത വഴിവിട്ട സഹായങ്ങളും വഹിച്ച പങ്ക് ചെറുതല്ല. ബെല്ലാരിയിലെ ഖനികളില്‍ നിന്നുള്ള ഇരുമ്പയിര്, അനധികൃതമായി കടത്തുന്നതിന് വനത്തിലൂടെ ആന്ധ്രാ പ്രദേശിലേക്ക് റെഡ്ഢി സഹോദരന്മാര്‍ വഴിവെട്ടുമ്പോള്‍ കോണ്‍ഗ്രസിന്റെ വലിയ നേതാവ് വൈ എസ് രാജശേഖര റെഡ്ഢിയായിരുന്നു അവിടെ അധികാരത്തില്‍. വനം നശിപ്പിച്ച് വഴിവെട്ടുന്ന വിവരം ഉദ്യോഗസ്ഥര്‍ പലകുറി അറിയിച്ചിട്ടും ചെറുവിരലനക്കാതെ കര്‍ണാടകത്തിലെ റെഡ്ഢിമാര്‍ക്ക് സഹായം ചെയ്തുകൊടുത്തു വൈ എസ് ആര്‍. അതുവഴി നികുതി വെട്ടിച്ച് കടത്തിയ ഇരുമ്പയിര് വിറ്റത് കൂടിയുണ്ട് റെഡ്ഢിമാരുടെ ശേഖരത്തില്‍. ഈ അനധികൃത കടത്ത് പിടിക്കാന്‍ വൈ എസ് ആര്‍ സര്‍ക്കാര്‍ തയ്യാറായിരുന്നുവെങ്കില്‍ ആര്‍ക്കും തൊടാന്‍ കഴിയാത്ത മാഫിയയായി റെഡ്ഢി സഹോദരന്മാര്‍ വളരുമായിരുന്നോ? എസ് എം കൃഷ്ണയുടെയും ധരം സിങ്ങിന്റെയുമൊക്കെ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ കര്‍ണാടക ഭരിച്ചകാലത്ത് റെഡ്ഢി സഹോദരന്‍മാരുടെ ബെല്ലാരി മേധം, സംസ്ഥാനത്തേക്ക് വ്യാപിച്ച് തുടങ്ങിയിരുന്നു. എന്തെങ്കിലും ചെയ്‌തോ എന്ന് ആലോചിക്കേണ്ടതും ഇനിയങ്ങോട്ട് ചെയ്യേണ്ടത് എന്തെന്ന് (നിയമവിരുദ്ധമായി അവര്‍ ചെയ്ത കാര്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചാല്‍ മാത്രം മതിയാകും) നിശ്ചയിക്കേണ്ടതും പ്രധാനമാണ്. എതിര്‍ സൈന്യത്തെ ദുര്‍ബലമാക്കാന്‍ ആദ്യം വേണ്ടത് അതിന്റെ ധനാടിത്തറയെ ആക്രമിക്കുകയാണ്. നോട്ട് പിന്‍വലിച്ചപ്പോള്‍ നരേന്ദ്ര മോദി ഭരണകൂടം അത്തരമൊരു ആക്രമണം കൂടിയാണ് നടത്തിയതെന്ന് മനസ്സിലാകാത്തവരല്ലല്ലോ കോണ്‍ഗ്രസുകാര്‍.

ഒന്നും രണ്ടും യു പി എ സര്‍ക്കാറുകള്‍ക്ക് നേതൃത്വം നല്‍കിയ കാലത്ത്, മുലായം സിംഗ് യാദവിനും മായാവതിക്കും മേലുള്ള അനധികൃത സ്വത്തു സമ്പാനദനക്കേസുകള്‍ വേണ്ട സമയത്ത് വേണ്ട പോലെ ഉപയോഗിച്ചിരുന്നു കോണ്‍ഗ്രസ്. ഹിന്ദുത്വ ഭീകരവാദ ശൃംഖല രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ നേതൃത്വത്തിലേക്ക് നീളുമെന്ന സൂചനയുണ്ടായപ്പോള്‍, ഗുജറാത്ത് വംശഹത്യാശ്രമത്തിന് പിറകിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചപ്പോള്‍, വ്യാജ ഏറ്റുമുട്ടല്‍ക്കേസുകളില്‍ “കറുത്ത താടി”യുടെയും “വെളുത്ത താടി”യുടെയും പങ്കിനെക്കുറിച്ച് സംശയങ്ങളുന്നയിക്കപ്പെട്ടപ്പോള്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കാനുള്ള ഇച്ഛാശക്തി കാട്ടിയതുമില്ല കോണ്‍ഗ്രസ്. സ്വയംകൃതാനര്‍ഥങ്ങളുടെ ഈ ചരിത്രം കൂടിയാണ് തിരുത്തപ്പെടേണ്ടത്. ജനഹിതം പ്രകടിപ്പിക്കും വിധത്തിലുള്ള രാഷ്ട്രീയത്തെ ഇല്ലാതാക്കാന്‍ പ്രേരകമാകുന്ന സാമ്പത്തികനയങ്ങളില്‍ പുനപ്പരിശോധനയും വേണ്ടിവരും. അതിലേക്ക് കൂടി വളരുന്നതാകണം കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം രൂപപ്പെടുന്ന മതനിരപേക്ഷ രാഷ്ട്രീയവും അതിനെ ആധാരമാക്കുന്ന ഐക്യനിരയും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest