വെജ്‌റ്റേറിയന്‍ ഡേ ആചരിക്കാന്‍ റെയില്‍വേ

ഗാന്ധിയുടെ പേരില്‍ പൗരാവകാശ ലംഘനം
Posted on: May 21, 2018 6:19 am | Last updated: May 21, 2018 at 12:21 am

ന്യൂഡല്‍ഹി: സസ്യാഹാര ഭക്ഷണങ്ങള്‍ ഒഴിവാക്കി ഗാന്ധി ജയന്തി ആഘോഷിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുന്നു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് വെജിറ്റേറിയന്‍ ഡേ എന്ന പേരില്‍ ആഘോഷിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് റെയില്‍വേ മന്ത്രാലയം. പദ്ധതിക്ക് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ അംഗീകാരം ലഭിച്ചാല്‍ അടുത്ത ഒക്‌ടോബര്‍ രണ്ട് സസ്യാഹാര ദിനമായി ആചരിക്കുമെന്നും ഇത് മഹാത്മാഗാന്ധിയോടുള്ള ആദര സൂചകമായിട്ടാണെന്നും റെയില്‍വേയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം, ബി ജെ പിയുടേയും ആര്‍ എസ് എസിന്റെയും ബ്രഹ്മണിക്കല്‍ അജന്‍ഡയുടെ ഭാഗമായിട്ടാണ് റെയില്‍വേയില്‍ ഓക്‌ടോബര്‍ രണ്ടിന് നോണ്‍ വെജ് ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നത് തടായാനുള്ള തീരുമാനമെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഗാന്ധിജിയുടെ പേര് ഉപയോഗിച്ച് രാജ്യത്തെ ജനങ്ങളെ വേര്‍തിരിക്കുന്നതിനുള്ള പുതിയ ശ്രമമാണ് നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. റെയില്‍വേ പൊതു സ്വത്താണ്. ഇത്തരം സ്ഥലങ്ങളില്‍ പൗരന്റെ ഭക്ഷിക്കാനുള്ള അവകാശത്തെ സര്‍ക്കാറിന് നിയന്ത്രിക്കാനകില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിന ആഘോഷത്തിന്റെ ഭാഗമായാണ് പദ്ധതിയെന്നും അവര്‍ വ്യക്തമാക്കി. റെയില്‍വേ കാറ്ററിംഗ് സര്‍വീസുകള്‍ക്ക് പുറമെ റെയില്‍ വേ സ്റ്റേഷന്‍ പരിസരങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലും ഒക്‌ടോബര്‍ രണ്ടിന് നോണ്‍വെജ് ഭക്ഷണങ്ങള്‍ വിതരണചെയ്യേണ്ടതില്ലെന്ന നിര്‍ദേശമാണ് റെയില്‍ വേ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ മാസം തന്നെ എല്ലാ റെയില്‍വേ സോണുകളിലേക്കും റെയില്‍വേ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

2018, 2019, 2020 വര്‍ഷങ്ങളിലെ ഒക്‌ടോബര്‍ രണ്ട് പൂര്‍ണമായും വെജ്റ്ററിയന്‍ ദിനമായി ആചരിക്കുമെന്നും ആ ദിവസം റെയില്‍വേയുടെ പരിസരങ്ങളില്‍ നോണ്‍വെജ് ഭക്ഷണങ്ങള്‍ വിതരണം ചെയ്യരുതെന്നും വ്യക്തമാക്കിയിരുന്നു. ഗാന്ധിജിയുടെ 150 ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി മറ്റ് പല പദ്ധതികളും റെയില്‍വേ ഇതോടപ്പം ആലോചിക്കുന്നുണ്ട്. ഗാന്ധി ജയന്തി ദിനത്തില്‍ റെയില്‍വേ ടിക്കറ്റുകളില്‍ ഗാന്ധിയുടെ ഛായാ ചിത്രം നല്‍കുന്നതുള്‍പ്പെടയുള്ള പദ്ധതികളും റെയില്‍വേ മുന്നോട്ടുവെച്ച പദ്ധതിയിലുണ്ട്. പദ്ധതി നടപ്പാകണമെങ്കില്‍ സാസ്‌കാരിക വകുപ്പിന്റെതുള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. 2019ലാണ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിന വാര്‍ഷികം. എന്നാല്‍ 2018, 2019, 2020 വര്‍ഷങ്ങളെ മഹാത്മാ ഗാന്ധി 150ാം ജന്മദിന വാര്‍ഷികമായി ആചരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.