രാഷ്ട്രപതിയുടെ ശിപാര്‍ശയില്‍ 100 പേര്‍ക്ക് ഹജ്ജിന് അവസരം

Posted on: May 21, 2018 6:04 am | Last updated: May 21, 2018 at 12:07 am

കൊണ്ടോട്ടി: രാഷ്ട്രപതിയുടെ ശിപാര്‍ശ പ്രകാരം 100 ഹജ്ജ് സീറ്റുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കായി വിട്ടുകൊടുത്തു. സഊദി അറേബ്യന്‍ സര്‍ക്കാര്‍ രാഷ്ട്രപതിക്ക് പ്രത്യേകമായി അനുവദിച്ച സീറ്റുകളാണിത്. നറുക്കെടുപ്പില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് രാഷ്ട്രപതിക്കുള്ള സീറ്റില്‍ നിന്ന് അവസരം നല്‍കാന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് ഇവ ലഭിക്കുക. കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്ന് ആര്‍ക്കും അവസരം ലഭിച്ചിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്ന് രണ്ട് പേര്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. അവസരം ലഭിച്ചവര്‍ ഈ മാസം 25നകം മുഴുവന്‍ യാത്രാ രേഖകളും അതത് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കൈമാറണം.

ഉപരാഷ്ട്രപതി കഴിഞ്ഞ ദിവസം 75 സീറ്റുകള്‍ വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് വിട്ടുകൊടുത്തിരുന്നു. അടുത്ത ദിവസങ്ങളിലായി പ്രധാനമന്ത്രി, വിദേശകാര്യ മന്തി എന്നിവരും തങ്ങളുടെ പ്രത്യേക സീറ്റുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിട്ടുകൊടുക്കും.