Connect with us

Kerala

മരണ സംഖ്യ ഉയരുന്നു; നിപ്പയെന്ന് സ്ഥിരീകരണം

Published

|

Last Updated

കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കട ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പനി ബാധിച്ച് മരിച്ച സംഭവത്തില്‍ ആശങ്കയൊഴിയാതെ സംസ്ഥാനം. പനി മരണങ്ങള്‍ക്ക് കാരണം നിപ്പാ വൈറസാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ച മൂന്ന് പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ച പൂനെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കിയ റിപ്പോര്‍ട്ടിലാണ് സ്ഥിരീകരണം. അതേസമയം, സമാന ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേര്‍ കൂടി ഇന്നലെ മരിച്ചു. കൂട്ടാലിട സ്വദേശി ഇസ്മാഈല്‍, കുളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണ് മരിച്ചത്. തലച്ചോറില്‍ അണുബാധ വര്‍ധിച്ചതാണ് മരണകാരണമെന്നാണ് വിവരം.

ആദ്യ മരണങ്ങള്‍ നടന്ന പ്രദേശങ്ങളില്‍ നിന്ന് വളരെ ദൂരെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ഇവര്‍. വവ്വാലുകളില്‍ നിന്നാണ് രോഗം പകരുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ഏത് തരം വൈറസാണെന്ന് ഇതുവരെയും സ്ഥിരീകരിച്ചിരുന്നില്ല. ഇന്നലെ പ്രദേശത്ത് പരിശോധന നടത്തിയ വിദഗ്ധ സംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വവ്വാലുകളില്‍ നിന്നാണ് വൈറസ് പകരുന്നതെന്ന് സൂചന ലഭിച്ച സാഹചര്യത്തില്‍ ചങ്ങരോത്ത് പ്രദേശത്ത് കള്ളുചെത്ത് നിരോധിച്ചു. അതിനിടെ പനി പ്രതിരോധത്തിന് ജില്ലാതല ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ തീരുമാനിച്ചു. സംസ്ഥാനതലത്തില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.

മൂന്ന് പേരുടെ മരണത്തിന് പിന്നാലെ എട്ട് പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. നിലവില്‍ മെഡിക്കല്‍ കോളജില്‍ ആറ് പേരും കോഴിക്കോട്ടെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികളില്‍ രണ്ട് പേരുമാണ് ചികിത്സയിലുള്ളത്. ഇവരില്‍ അഞ്ച് പേര്‍ ഒരേ പ്രദേശത്ത് നിന്നുള്ളവരാണ്. ഇവരില്‍ നാല് പേരിലാണ് പ്രത്യേക വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്. മൂന്ന് മരണവും വൈറസ് ബാധയിലൂടെയെന്ന് സ്ഥിരീകരിച്ചതോടെ 25 പേര്‍ നിരീക്ഷണത്തിലാണ്. ഇതിനിടെ മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ചങ്ങോരത്ത് പരിശോധന നടത്തുകയും രക്ത സാമ്പിളുകളുകളും കിണറിലെ വെള്ളവും ശേഖരിക്കുകയും ചെയ്തു. ഇന്നലെ 510 പേരെ പിരശോധന നടത്തിയതില്‍ പതിനാറ് പേര്‍ക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്്. മരിച്ചവരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ച വിദഗ്ധ സംഘം, ഇവരെ മെഡിക്കല്‍ ക്യാമ്പില്‍ പരിശോധന നടത്തുകയും ചെയ്തു. പനി ബാധിച്ചവരുടെ രക്ത സാമ്പിളുകള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്കും മണിപ്പാലിലേക്കും അയച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മരണം നടന്ന വീട്ടില്‍ അല്ലാതെ മറ്റെവിടെയും വൈറസ് ബാധ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പരിശോധനക്ക് നേതൃത്വം നല്‍കിയ പ്രൊഫ. ജി അരുണ്‍കുമാര്‍ പറഞ്ഞു. മരിച്ചവരുടെ വീട്ടില്‍ വളര്‍ത്തു മുയലുകള്‍ ചത്തത് നാട്ടുകാര്‍ വിദഗ്ധ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഈ മുയലുകള്‍ വീടിനകത്ത് കയറാറുണ്ടെന്നും സമീപവാസികള്‍ സംഘത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുയലുകളുടെ രക്തസാമ്പിളുകളും സംഘം ശേഖരിച്ചിട്ടുണ്ട്. വളര്‍ത്തുമുയല്‍ ചത്തത് വവ്വാലുകള്‍ കടിച്ചിട്ട ഭക്ഷ്യവസ്തുക്കള്‍ കഴിച്ചതിനാലാകാമെന്നാണ് വിദഗ്ധ സംഘത്തിന്റെ നിഗമനം. മുയലിനെ പരിചരിക്കുന്നയാളാണ് ആദ്യം മരിച്ചതെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

അതേസമയം, മരിച്ചയാളെ പരിചരിച്ച നഴ്‌സിനും മരിച്ചയാളെ കുളിപ്പിച്ച ഒരാളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. നഴ്‌സിന്റെ മാതാവിനെയും ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരം വൈറസ് ബാധ കണ്ടെത്തിയത്.

കേന്ദ്ര സംഘം എത്തും

പനി ബാധിച്ച് കൂടുതല്‍ പേര്‍ മരിച്ച സാഹചര്യത്തില്‍ ആരോഗ്യ വിദഗ്ധരുടെ സംഘത്തെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അഭ്യര്‍ഥന പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയാണ് മെഡിക്കല്‍ സംഘത്തെ അയക്കാന്‍ തീരുമാനിച്ചത്. ഇവര്‍ ഇന്ന് കോഴിക്കോട് എത്തും.

പനി മരണങ്ങള്‍ പഠിക്കുവാനും ചികിത്സ, പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതപ്പെടുത്തുവാന്‍ ഐ എം എ വിദഗ്ധ സമിതിയെ നിയോഗിച്ചു. റിപ്പോര്‍ട്ട് 72 മണിക്കൂറിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് സമിതിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രോഗം ബാധിച്ച് മൂന്ന് പേര്‍ മരിച്ച സാഹചര്യത്തില്‍ പ്രദേശത്ത് പതിനഞ്ചോളം കുടുംബങ്ങള്‍ വീടൊഴിഞ്ഞു പോയി. ഇവരെ ബോധവത്കരണം നടത്തി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്. സാമൂഹിക മാധ്യമങ്ങള്‍ വഴി വന്‍തോതില്‍ വ്യാജപ്രചാരണങ്ങള്‍ നടക്കുന്നതായും ഇതില്‍ വഞ്ചിതരാകരുതെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വവ്വാലുകള്‍ തെങ്ങില്‍ നിന്ന് കള്ള് കുടിക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് മേഖലയില്‍ കള്ളുചെത്ത് നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയത്.