കോണ്‍ഗ്രസ് സര്‍വശക്തിയും സമാഹരിച്ചു പൊരുതി; മാളത്തിലേക്ക് പിന്‍വലിഞ്ഞത് യദ്യൂരപ്പയല്ല, മോദിയും ഷായും: തോമസ് ഐസക്

Posted on: May 20, 2018 12:59 pm | Last updated: May 20, 2018 at 12:59 pm

തിരുവനന്തപുരം: കര്‍ണാടകയില്‍ പരാജയപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഗോവയിലും മണിപ്പൂരിലും മേഘാലയത്തിലും ബിജെപിയുടെ പണക്കൊഴുപ്പിനു മുന്നില്‍ ചെറുത്തു നില്‍ക്കാതെ കീഴടങ്ങിയ കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ സര്‍വശക്തിയും സമാഹരിച്ചു പൊരുതി. കേവലഭൂരിപക്ഷം നേടുന്നതില്‍ പരാജയപ്പെടുന്ന മോദിപ്രഭാവത്തെ പണമെറിഞ്ഞ് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന അമിത് ഷാ തന്ത്രമാണ് കര്‍ണാടകത്തില്‍ പരാജയപ്പെട്ടത്. സൂര്യനു കീഴിലുള്ള എന്തും വിലയ്ക്ക് വാങ്ങാമെന്ന ബിജെപിയുടെ ഹുങ്കും. അവരിങ്ങനെ പത്തി മടക്കി മാളത്തിലേക്ക് പിന്‍വലിയുന്ന കാഴ്ച ജനാധിപത്യവിശ്വാസികള്‍ക്കു പകരുന്ന ആവേശം ചെറുതല്ലെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

തോമസ് ഐസക്കിന്റേ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

ഖനി മാഫിയയുടെ ഖജനാവിനെ ജനാധിപത്യം അതിജീവിച്ചു. വിശ്വാസപ്രമേയത്തെ അഭിമുഖീകരിക്കാനാവാതെ, പരാജിതനായി മാളത്തിലേയ്ക്ക് പിന്‍വലിഞ്ഞത് യദ്യൂരപ്പയല്ല, സാക്ഷാല്‍ നരേന്ദ്ര മോദിയും അമിത്ഷായുമാണ്. പൊലിഞ്ഞത്, സൂര്യനു കീഴിലുള്ള എന്തും വിലയ്ക്കു വാങ്ങാമെന്ന ബിജെപിയുടെ ഹുങ്കും. അവരിങ്ങനെ പത്തി മടക്കി മാളത്തിലേയ്ക്കു പിന്‍വലിയുന്ന കാഴ്ച ജനാധിപത്യവിശ്വാസികള്‍ക്കു പകരുന്ന ആവേശം ചെറുതല്ല.

കേവലഭൂരിപക്ഷം നേടുന്നതില്‍ പരാജയപ്പെടുന്ന മോദിപ്രഭാവത്തെ പണമെറിഞ്ഞ് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന അമിത് ഷാ തന്ത്രമാണ് കര്‍ണാടകത്തില്‍ തല്‍ക്കാലത്തേയ്‌ക്കെങ്കിലും പരാജയപ്പെട്ടത്. അഭ്യാസം പലതു കാണിച്ചിട്ടും കര്‍ണാടകത്തില്‍ ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം നേടാനായില്ല. അതു മോദിയുടെ പരാജയമാണ്. ഗോവയിലും മണിപ്പൂരിലും മേഘാലയയിലും ഇതു തന്നെയായിരുന്നു സ്ഥിതി. അവിടെയൊക്കെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മോദിയെ അമിത് ഷായുടെ കുതിരക്കച്ചവടം രക്ഷിച്ചു. മേഘാലയയില്‍ കേവലം രണ്ടു സീറ്റു നേടിയ ബിജെപിയാണ് ഇന്ന് ഭരണകക്ഷി. എംഎല്‍എമാരെ പണം കൊടുത്ത് വശത്താക്കി അധികാരം കൈക്കലാക്കുന്ന അഭ്യാസത്തിന് ചാണക്യതന്ത്രം എന്ന പേരും വീണു.

പ്രതിപക്ഷം ഒരുമിച്ചു നിന്നാല്‍ ചെറുക്കാവുന്ന ശക്തിയേ ബിജെപിയ്ക്കുള്ളൂ എന്ന സന്ദേശമാണ് കര്‍ണാടകം നല്‍കുന്നത്. ഗോവയിലും മണിപ്പൂരിലും മേഘാലയത്തിലും ബിജെപിയുടെ പണക്കൊഴുപ്പിനു മുന്നില്‍ ചെറുത്തു നില്‍ക്കാതെ കീഴടങ്ങിയ കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ സര്‍വശക്തിയും സമാഹരിച്ചു പൊരുതി. സുപ്രീം കോടതിയും നിയമസഭയും പോര്‍ക്കളങ്ങളായി. ഗവര്‍ണറെയും പ്രോടൈം സ്പീക്കറെയുമൊക്കെ ഉപയോഗിച്ച് ജനവിധി അട്ടിമറിക്കാമെന്ന ബിജെപിയുടെ പ്രതീക്ഷ അങ്ങനെയാണ് പരാജയപ്പെട്ടത്. തല്‍ക്കാലത്തേയ്‌ക്കെങ്കിലും.

വെല്ലുവിളികള്‍ അവസാനിക്കുന്നില്ല. കുതിരക്കച്ചവടത്തിന് പച്ചക്കൊടി കാട്ടിയ ഗവര്‍ണര്‍ ഇപ്പോഴും കസേരയിലുണ്ട്. ഖനി മാഫിയ ഇനിയും പ്രലോഭിപ്പിക്കും. എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും വഴിയുള്ള ഭീഷണി തുടര്‍ന്നുകൊണ്ടേയിരിക്കും. അതൊക്കെ അതിജീവിച്ച് ഈ ഐക്യവും യോജിപ്പും നിലനിര്‍ത്തണം. ?