സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ വിശ്വാസം തെളിയിക്കും: കുമാരസ്വാമി

Posted on: May 20, 2018 12:46 pm | Last updated: May 20, 2018 at 2:52 pm

ബെംഗളൂരു: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. നാളെ രാവിലെ ഡല്‍ഹിക്ക് പോയി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡിഎസ്- കോണ്‍ഗ്രസ് മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷിക ദിനമായതിനാല്‍ ചടങ്ങ് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് ചടങ്ങ്.

രാഹുലിനേയും സോണിയയേയും കൂടാതെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, മായാവതി, തേജസ്വി യാദവ്, എംകെ സ്റ്റാലിന്‍, അഖിലേഷ് യാദവ് തുടങ്ങി പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.