അവര്‍ മറ്റെന്ത് ചെയ്യാനാണ്?

Posted on: May 19, 2018 11:05 pm | Last updated: May 19, 2018 at 11:05 pm

ലണ്ടന്‍ കിംഗ്‌സ് കോളജിലെ മനുഷ്യാവകാശ നിയമ വിഭാഗം പ്രൊഫസര്‍ റോബര്‍ട്ട് വിന്റ്മ്യൂട്ട് അല്‍ ജസീറയില്‍ എഴുതിയ ലേഖനം തുടങ്ങുന്നത് ദക്ഷിണാഫ്രിക്കയിലെ സൊവേതോയെയും ഗാസയെയും തുല്യപ്പെടുത്തിക്കൊണ്ടാണ്. 1976ല്‍ സൊവേതോയില്‍ വര്‍ണ വിവേചനത്തിനെതിരെ പോരാടിയ വിദ്യാര്‍ഥികളും വനിതകളും അടങ്ങിയ പ്രക്ഷോഭകരെ സൈന്യം കൂട്ടക്കൊല ചെയ്തു. ലോകത്താകെ ദക്ഷിണാഫ്രിക്കന്‍ അപ്പാര്‍തീഡ് ഭരണകൂടത്തിനെതിരെ സമരജ്വാല പടരുന്നതിന് സൊവേതോ കൂട്ടക്കുരുതി വഴിവെച്ചു. വര്‍ണവിവേചന ഭരണ സംവിധാനം തകര്‍ന്നടിയുന്നതിന് കാരണമായത് ആ ചോരയില്‍ നിന്ന് ഉയിര്‍കൊണ്ട സമരാവേശമായിരുന്നു. നിരായുധരായ മനുഷ്യര്‍ക്ക് മേല്‍ ഭരണകൂടത്തിന്റെ പീരങ്കികള്‍ തീതുപ്പുക. സ്വാതന്ത്ര്യത്തിനും മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിനുമായി തെരുവിലിറങ്ങിയവര്‍ തത്ക്ഷണം കൊല്ലപ്പെടുക. ഇതാണ് ദക്ഷിണാഫ്രിക്കയില്‍ അന്ന് നടന്നത്. ഗാസയില്‍ അത് തന്നെ ആവര്‍ത്തിക്കുന്നു.

ഗാസയില്‍ ആട്ടിയോടിക്കപ്പെട്ട മനുഷ്യര്‍ക്ക് തിരിച്ചുവരാന്‍ അവസരമൊരുക്കണമെന്നാവശ്യപ്പെട്ടും എല്ലാ അന്താരാഷ്ട്ര കരാറുകളും കാറ്റില്‍ പറത്തി ജറൂസലമില്‍ യു എസ് എംബസി സ്ഥാപിക്കുന്നത് അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചും അതിര്‍ത്തിയില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ ഇസ്‌റാഈല്‍ സേന നടത്തിയ വെടിവെപ്പില്‍ 52 പേരാണ് മരിച്ചു വീണത്. അതില്‍ പിഞ്ചു കുഞ്ഞുങ്ങളുണ്ട്. ഇരു കാലുകളും നഷ്ടപ്പെട്ട് വീല്‍ചെയറില്‍ മാത്രം ചലിക്കാന്‍ കഴിയുന്ന യുവാവുണ്ട്. സ്ത്രീകളുണ്ട്. വൃദ്ധരുണ്ട്. തുല്യര്‍ തമ്മിലുള്ള പോരല്ല, സംഘര്‍ഷമല്ല, ഏറ്റുമുട്ടലുമല്ല നടക്കുന്നത്. കൂട്ടക്കുരുതി മാത്രം. ഫലസ്തീനികള്‍ എന്ത് ചെയ്യും? വഞ്ചിക്കപ്പെട്ടതിന്റെ ചരിത്രം മാത്രമാണ് അവര്‍ക്ക് പറയാനുള്ളത്. തങ്ങളുടെ ഭൂമിയും മാനവും കവര്‍ന്നെടുക്കുന്നവര്‍ക്കെതിരെ കല്ലെടുത്തെറിയാനുള്ള ശേഷിയേ അവര്‍ക്കുള്ളൂ. അമേരിക്കയെപ്പോലുള്ള വന്‍ ശക്തികള്‍ ഇസ്‌റാഈലിന്റെ നിലനില്‍പ്പിനെ കുറിച്ചാണ് സംസാരിക്കുന്നത്. യു എന്‍ പ്രമേയങ്ങള്‍ക്ക് കടലാസിന്റെ വിലയില്ലെന്ന് അവര്‍ മനസ്സിലാക്കുന്നു. സര്‍വായുധ വിഭൂഷിതരായ അക്രമി രാഷ്ട്രത്തിനെതിരെ ഈയാം പാറ്റകളെപ്പോലെ അവര്‍ പാഞ്ഞടുക്കുമ്പോള്‍ നമുക്ക് ചോദിക്കാന്‍ തോന്നും, ഇതു തന്നെയാണോ യഥാര്‍ഥ വഴിയെന്ന്. പക്ഷേ അവര്‍ തിരിച്ചു ചോദിക്കുന്നു: മറ്റെന്ത് ചെയ്യും?

രാഷ്ട്രമില്ലാത്ത ജനതക്ക് ജനതയില്ലാത്ത രാഷ്ട്രമെന്ന നുണ ആവര്‍ത്തിച്ച് ടെല്‍ അവീവ് തലസ്ഥാനമായി ഇസ്‌റാഈല്‍ രാഷ്ട്രം അടിച്ചേല്‍പ്പിക്കാന്‍ സാധിച്ചുവെങ്കില്‍ കൃത്യമായ പ്രതിരോധത്തിന്റെ അഭാവത്തില്‍ ജൂതരാഷ്ട്രീയത്തിന് എങ്ങോട്ടു വേണമെങ്കിലും അതിക്രമിച്ച് കയറാനാകുമെന്ന് നാള്‍ക്കു നാള്‍ തെളിയുകയാണ്. മൂന്ന് കാര്യങ്ങളായിരുന്നുവല്ലോ ഇസ്‌റാഈല്‍ എന്ന സങ്കല്‍പ്പത്തിന് അക്ഷര രൂപം നല്‍കിയ തിയോഡര്‍ ഹെര്‍സല്‍ തന്റെ ‘ജ്യൂയിഷ് സ്റ്റേറ്റി’ലും 1897ലെ ബേസില്‍ സയണിസ്റ്റ് കോണ്‍ഗ്രസിലും അവതരിപ്പിച്ചത്. ഒന്ന്, ജൂതന്‍മാര്‍ എവിടെയായിരുന്നാലും ഒരേയൊരു ജനതയാണ്. രണ്ട്, ജൂതന്‍മാര്‍ എല്ലായിടത്തും പീഡനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു. മൂന്ന്, അവര്‍ ജീവിക്കുന്ന ഒരു പ്രദേശത്തിനും അവരെ പൂര്‍ണമായി സ്വാംശീകരിക്കാന്‍ സാധിച്ചിട്ടില്ല. നൂറ്റാണ്ടിലധികം പിന്നിട്ടിട്ടും ഇസ്‌റാഈല്‍ രാഷ്ട്രം പടച്ചു കഴിഞ്ഞിട്ടും ആ രാഷ്ട്രം ലോകത്തെ ഏറ്റവും ശക്തമായ ഒന്നായി മാറിക്കഴിഞ്ഞിട്ടും അതിന് വന്‍ ശക്തികളെയെല്ലാം വരുതിയിലാക്കാനുള്ള ബന്ധുബലവും കൗശലവും കൈവന്നിട്ടും ഇതേ വാദം സയണിസം ആവര്‍ത്തിക്കുന്നു. ഇസ്‌റാഈലിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രിയും പറയുന്നത് ജൂതരാഷ്ട്രം ഭീഷണി നേരിടുന്നുവെന്നാണ്. രാഷ്ട്രമോ വ്യവസ്ഥാപിതമായ സൈന്യമോ ഇല്ലാതെ വളയപ്പെട്ട് കഴിഞ്ഞ ഫലസ്തീന്‍ ജനതയെ ചൂണ്ടിയാണ് നെതന്യാഹു ഇത് പറയുന്നത്.
ഇസ്‌റാഈലിന്റെ ആദ്യത്തെ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ഗൂറിയന്‍ 1936 ഒക്‌ടോബര്‍ 13ന് നടന്ന സയണിസ്റ്റ് യോഗത്തില്‍ പറഞ്ഞു: ‘ഭാഗികമായ ജൂത രാഷ്ട്രം ഒരവസാനമല്ല. അത് ഒരു തുടക്കം മാത്രമാണ്. രാജ്യത്തിന്റെ പരിസര ഭാഗങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുന്നതില്‍ നിന്ന് നമ്മെ തടയാന്‍ ആര്‍ക്കും സാധിക്കില്ല. 1938ല്‍ അദ്ദേഹം കുറച്ച് കൂടി വ്യക്തമായി ഇക്കാര്യം പറഞ്ഞു: ‘സയണിസ്റ്റുകള്‍ ആഗ്രഹിക്കുന്ന അതിരുകള്‍ തെക്കന്‍ ലബനാനും തെക്കന്‍ സിറിയയും ഇപ്പോഴത്തെ ജോര്‍ദാനും പടിഞ്ഞാറന്‍ തീരം മുഴുവനായും സിനായും ഉള്‍പ്പെടുന്നതാണ്’. ബെന്‍ഗൂറിയന്‍ സിദ്ധാന്തത്തിന്റെ നടത്തിപ്പിലാണ് ഇന്നുവരെയുള്ള എല്ലാ ഇസ്‌റാഈല്‍ ഭരണാധികാരികളും ഏര്‍പ്പെട്ടത്.
ഐക്യരാഷ്ട്ര സഭ ഫലസ്തീന്‍ പ്രദേശത്തെ രണ്ടായി വിഭജിച്ചത് 1947 നവംബര്‍ 29നാണ്. ഇസ്‌റാഈല്‍ രാഷ്ട്രം ഔദ്യോഗികമായി നിലവില്‍ വന്നത് 1948 മെയ് 15നും. ഇതിനിടക്കുള്ള സമയത്ത് സയണിസ്റ്റ് സായുധ ഗ്രൂപ്പുകളും സൈന്യവും ഫലസ്തീന്റെ 75 ശതമാനവും കൈയടക്കി കഴിഞ്ഞിരുന്നുവെന്നാണ് റാല്‍ഫ് ഷൂമാന്‍ ചൂണ്ടിക്കാണിക്കുന്നത്. 7,80,000 ഫലസ്തീനികളെയാണ് ആട്ടിയോടിച്ചത്. ഈ ആട്ടിപ്പായിക്കലിന്റെ ഏറ്റവും ഭീകരമായ ആവിഷ്‌കാരമായിരുന്നു ദേര്‍ യാസിനില്‍ 1948ല്‍ നടന്നത്. സയണിസ്റ്റ് സായുധ ഗ്രുപ്പുകള്‍ ദേര്‍ യാസീന്‍ ഗ്രാമത്തില്‍ കടന്ന് കയറി മുന്നൂറ് ഫലസ്തീനികളെ കൊന്നു തള്ളി. സ്ത്രീകളെയും കുട്ടികളെയും പോലും വെറുതെ വിട്ടില്ല. പരിഭ്രാന്തരായ ഫലസ്തീനികള്‍ ജീവഭയത്തില്‍ ചിതറിയോടി. നഖ്ബ എന്ന് വിളിക്കപ്പെട്ട ഈ പരക്കം പാച്ചില്‍ ജൂതന്‍മാര്‍ ആഘോഷിക്കുകയായിരുന്നു. ഗാസയിലും ഇത് തന്നെ നടന്നു. അറബ് ജനതയെ അയല്‍രാജ്യങ്ങളിലേക്ക് ഒന്നാകെ ഒഴിഞ്ഞു പോകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു ഈ അതിക്രമങ്ങളുടെ യഥാര്‍ഥ ലക്ഷ്യം. അതിലവര്‍ വിജയിച്ചു.

പതിനായിരക്കണക്കിന് മനുഷ്യര്‍ പലായനം ചെയ്തു.
ഫലസ്തീന്‍ രാഷ്ട്ര സ്വപ്‌നങ്ങളെ എന്നേക്കും കുഴിച്ചു മൂടിയ 1967ലെ ആറ് ദിന യുദ്ധത്തിന്റെ അര്‍ധ ശതാബ്ദിയിലൂടെ കഴിഞ്ഞ വര്‍ഷമാണ് ലോകം കടന്ന് പോയത്. പൊടുന്നനെ ഉണ്ടായ ഒന്നായിരുന്നില്ല ആ യുദ്ധം. 1956ലെ യുദ്ധത്തില്‍ ഗാസാ മുനമ്പും സിനായും ഇസ്‌റാഈല്‍ പിടിച്ചടക്കി. രക്ഷാ സമിതി പ്രമേയം 242ന്റെയും 338 ന്റെയും ബലത്തില്‍ യു എന്‍ സേനയെ വിന്യസിച്ചതോടെ 1957ല്‍ സിനായിക്ക് മേലുള്ള അധികാരം ഇസ്‌റാഈല്‍ ഉപേക്ഷിച്ചു. 1960കളില്‍ അറബ് ദേശീയത അതിന്റെ ഏറ്റവും വിപ്ലവകരമായ നിലയിലേക്ക് വളര്‍ന്നു. ഫലസ്തീന്‍ വിമോചനത്തിനായി സംസാരിച്ച ഈജിപ്ഷ്യന്‍ നേതാവ് അബ്ദുല്‍ നാസറിന് വലിയ പിന്തുണ ലഭിച്ച ഘട്ടമായിരുന്നു അത്. ഫലസ്തീന്‍ പോരാട്ട ഗ്രൂപ്പുകള്‍ക്ക് സിറിയയില്‍ നിന്നും ജോര്‍ദാനില്‍ നിന്നും പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സാധിക്കുകയും ചെയ്തു. വിയറ്റ്‌നാം യുദ്ധത്തിലായിരുന്ന അമേരിക്ക ഇസ്‌റായേലിന്റെ അധിനിവേശ നടപടികളെ പ്രത്യക്ഷത്തില്‍ സഹായിക്കുന്നതില്‍ നിന്ന് അല്‍പ്പം വിട്ടു നിന്ന ഘട്ടവുമായിരുന്നു അത്. സോവിയറ്റ് യൂനിയന്റെ സഹായം തനിക്കുണ്ടാകുമെന്ന് നാസര്‍ ഉറച്ച് വിശ്വസിക്കുകയും ചെയ്തു. ഇസ്‌റാഈല്‍ ആകട്ടേ നേരിട്ടുള്ള ആക്രമണത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കാത്തിരിക്കുകയുമായിരുന്നു. 1967 മെയില്‍ നാസര്‍ ശക്തമായ ചില ഉത്തരവുകള്‍ ഇറക്കി. സിനായിയില്‍ നിന്ന് യു എന്‍ സേന പിന്‍വാങ്ങണമെന്നായിരുന്നു ഒരു ഉത്തരവ്. ഇസ്‌റാഈല്‍ കപ്പലുകളെ അദ്ദേഹം തടയുകയും ചെയ്തു. ഇതോടെ ജൂണില്‍ ജൂതരാഷ്ട്രം ബോംബാക്രമണം തുടങ്ങി. നാസറിന്റെയും ജോര്‍ദാന്റെയും സൈന്യം ഛിന്നഭിന്നമായി. തികച്ചും അപ്രതീക്ഷിതമായ പരിണതി ആയിരുന്നു അത്. വെറും 132 മണിക്കൂറിനുള്ളില്‍ സിറിയയില്‍ നിന്ന് ജൂലാന്‍ കുന്നുകളും ജോര്‍ദാനില്‍ നിന്ന് വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറൂസലമും ഈജിപ്തില്‍ നിന്ന് ഗാസയും സിനായിയും ജൂതരാഷ്ട്രം പിടിച്ചടക്കി.

നിര്‍ദിഷ്ട ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമാകേണ്ട കിഴക്കന്‍ ജറൂസലമടക്കം പ്രദേശങ്ങളില്‍ അന്ന് ഇസ്‌റാഈല്‍ നടത്തിയ അധിനിവേശത്തെ എല്ലാ അന്താരാഷ്ട്ര സമിതികളും കഴിഞ്ഞ അമ്പത് വര്‍ഷമായി തള്ളിപ്പറയുകയാണ്. ഒരു കാര്യവുമില്ല. ജൂതരാഷ്ട്രത്തെ നിലക്ക് നിര്‍ത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല. ബരാക് ഒബാമയുടെ ഒന്നാമൂഴത്തില്‍ അദ്ദേഹം നടത്തിയ അറബ് യാത്രക്കിടെ 1967ന് മുമ്പുള്ള അതിര്‍ത്തിയില്‍ ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് പറഞ്ഞതിനെ ജൂത ലോബി കൈകാര്യം ചെയ്തത് മാത്രം നോക്കിയാല്‍ മതി ലോകത്തിന്റെ നിസ്സംഗത വ്യക്തമാകാന്‍. ഒബാമ 1967 എന്ന് ഉച്ചരിച്ചത് മഹാപാതകമായാണ് അവതരിപ്പിക്കപ്പെട്ടത്. അമേരിക്ക ചരിത്രപരമായി ജൂതരാഷ്ട്രത്തിന് നല്‍കി വരുന്ന പിന്തുണയില്‍ നിന്ന് ഒബാമ പിന്നോട്ട് പോയെന്ന് പ്രചാരണമുണ്ടായി. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ കോലാഹലത്തിന് അത് വഴി വെച്ചു. ഒബാമക്ക് ആ പ്രസ്താവന ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. അത്രമേല്‍ 1967നെ ജൂത സംഘം പ്രധാനമായി കാണുന്നു. ഇനി ഏത് കരാര്‍ വന്നാലും ഈ അതിര്‍ത്തിയില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഇസ്‌റാഈല്‍ തയ്യാറാകില്ലെന്ന് തന്നെയാണ് വിലയിരുത്തേണ്ടത്.
ഈ യാഥാര്‍ഥ്യം മറ്റാരേക്കാളും നന്നായി ഫലസ്തീനികള്‍ക്ക് അറിയാം. പുതിയ തലമുറ, പഴയ തലമുറ എന്ന വ്യത്യാസം അവിടെയില്ല. ഓരോ കുഞ്ഞും ജനിച്ചു വീഴുന്നത് തൊട്ട് ഇസ്‌റാഈല്‍ നെറികേടിന്റെ ചരിത്രം സിരകളില്‍ സ്വീകരിക്കുന്നുണ്ട്. അതുകൊണ്ട് അവര്‍ക്കറിയാം ചെറുത്തു നില്‍പ്പല്ലാതെ വഴിയില്ലെന്ന്. ഡൊണാള്‍ഡ് ട്രംപിനെപ്പോലെയൊരാള്‍ അമേരിക്കയില്‍ പ്രസിഡന്റായിരിക്കുമ്പോള്‍ ജറൂസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി മാറ്റുമെന്നും അവര്‍ക്കറിയാം. അതിന്റെ മുന്നോടിയാണ് എംബസി മാറ്റം. അതിനര്‍ഥം 1967ന് മുമ്പുള്ള അതിര്‍ത്തിയില്‍ ഫലസ്തീന്‍ രാഷ്ട്രം ഒരിക്കലും സാധ്യമാകില്ല എന്നാണ്. ഇനി സാധ്യമാകാന്‍ പോകുന്ന ദ്വിരാഷ്ട്ര പരിഹാരം 1993ലെ ഓസ്‌ലോ കരാറിനേക്കാള്‍ വലിയ ചതി ആയിരിക്കും. ഈ യാഥാര്‍ഥ്യങ്ങളുടെ മുന്നില്‍ വെച്ചാണ് ഹമാസും ഫതഹും ചരിത്രത്തിലെ ഏറ്റവും വലിയ അനുരഞ്ജനത്തിന് തയ്യാറായിരിക്കുന്നത്. ഈ ഐക്യപ്പെടല്‍ ഇസ്‌റാഈലിനെ കൂടുതല്‍ അക്രമാസക്തമാക്കിയിരിക്കുന്നു.
ജീവന്‍ കൊടുത്ത് പ്രതിരോധിക്കാന്‍ മനുഷ്യര്‍ ഇറങ്ങുന്നത് ഈ സത്യം മനസ്സിലാക്കുന്നത് കൊണ്ടാണ്. തീര്‍ച്ചയായും ഇങ്ങനെ മരിക്കാന്‍ നിന്നു കൊടുക്കുന്നത് ബുദ്ധിശൂന്യതയാണ്. ഇരച്ച് വരുന്ന ടാങ്കുകളെ ഇത്തിരിപ്പോന്ന കല്ല് കൊണ്ട് എങ്ങനെ നേരിടും? പക്ഷേ, സംയമനം പാലിച്ച് കാത്തിരിക്കാമെന്ന് വെച്ചാല്‍ ഏത് ആഗോള സമൂഹമാണ് ഇസ്‌റാഈലിനെതിരെ വിരല്‍ ചൂണ്ടുക. ആരാണ് ആത്യന്തിക പരിഹാരത്തിന് മുന്നിട്ടിറങ്ങുക? ഫലസ്തീന്‍ പ്രതിസന്ധിയെ രാഷ്ട്രീയ പ്രശ്‌നമായി കാണാനേ സാധിക്കില്ല. അത് മനുഷ്യാവകാശ പ്രശ്‌നമാണ്. മാനവരാശിയോട് തന്നെയുള്ള യുദ്ധ പ്രഖ്യാപനമാണ്. ഒരു നിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്ന ധാര്‍ഷ്ട്യമാണല്ലോ ജൂത രാഷ്ട്രത്തിന്. വെസ്റ്റ്ബാങ്കില്‍ ഇപ്പോള്‍ നാലര ലക്ഷത്തിലധികം ജൂത കുടിയേറ്റക്കാര്‍ താമസിക്കുന്നുണ്ട്. പുതിയ കുടിയേറ്റ സമുച്ചയങ്ങള്‍ ഉയര്‍ന്നു കൊണ്ടേയിരിക്കുകയാണ്. നല്ല കൃഷിയിടങ്ങളെല്ലാം പിടിച്ചെടുത്തു കഴിഞ്ഞു. ഫലസ്തീന്‍ പൗരന്റെ ഏത് വീടും ഇസ്‌റാഈല്‍ സൈന്യത്തിന് ഇടിച്ചു നിരത്താം. ഏത് കിണറിലെ വെള്ളവും ഫലസ്തീന്‍കാര്‍ക്ക് നിഷേധിക്കാം. ഏത് പാതയും അവര്‍ക്ക് വിലക്കാം. ഇത്തരം അപ്പാര്‍ത്തീഡ് രാഷ്ട്രീയ ക്രമങ്ങള്‍ തകര്‍ന്നു വീണതിന്റെ ആവേശകരമായ ചരിത്രമാണ് ദക്ഷിണാഫ്രിക്കക്ക് പറയാനുള്ളത്. നിരായുധരായ മനുഷ്യരുടെ വലിയ വിജയങ്ങള്‍ കൊണ്ടാണ് ലോകചരിത്രം അലങ്കരിച്ചിരിക്കുന്നത്. ആ ചരിത്രമാണ് ഫലസ്തീനികളെ പ്രതിരോധിക്കാന്‍ പ്രാപ്തരാക്കുന്നത്.