Kerala
പേരാമ്പ്രയിലെ പനി മരണം അപൂര്‍വ്വയിനം വൈറസ് മൂലമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: പേരാമ്പ്രയിലുണ്ടായ പനി മരണങ്ങള്‍ക്ക് കാരണം അപൂര്‍വ്വയിനം വൈറസെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളത്തില്‍ ഇത്തരം വൈറസ് ആദ്യമായിട്ടാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എന്നാല്‍ ആശങ്കപ്പെടാനില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈറസ് ബാധിച്ച് മൂന്ന് പേര്‍ മരിച്ച പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജില്‍ ഐസോലേഷന്‍ വാര്‍ഡ് തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സ്വകാര്യ ആശുപത്രിയുമായി സഹകരണം തേടിയിട്ടുണ്ടെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു.
മരിച്ചവരുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ വൈറോളജി ലാബില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. അവിടെ നിന്നു കള്‍ചര്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ രോഗം തിരിച്ചറിയാന്‍ കഴിയൂ എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. മൃഗങ്ങളില്‍ നിന്നുമാണ് ഈ വൈറസ് പകരുന്നതെന്നാണ് സൂചന. വവ്വാലുകളും മറ്റും കടിച്ച പഴങ്ങള്‍ കഴിക്കരുതെന്നും നിര്‍ദേശമുണ്ട്.
അതേസമയം, ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയില്‍ പനിബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീയും മരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പനിബാധിച്ച് മരണമടഞ്ഞ സാബിത്തിന്റയും സ്വാലിഹിന്റെയും പിതൃസഹോദരന്‍ വളച്ചുകെട്ടി മൊയ്തീന്‍ ഹാജിയുടെ ഭാര്യ മറിയം (51) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഇതോടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.