സൗഊദിയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

Posted on: May 19, 2018 6:06 am | Last updated: May 19, 2018 at 12:14 am

റിയാദ്/ കൊല്ലം: സൗഊദിയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു. കൊല്ലം ഓയൂര്‍ റോഡുവിള ചേരൂര്‍ പൊയ്കയില്‍ നെജിമ മന്‍സില്‍ സൈനുദ്ദീന്‍ (56), മകന്‍ നാജി (23), ചങ്ങരംകുളം കോക്കൂര്‍ സ്വദേശി സഹീര്‍ കോട്ടിരിഞ്ഞാലി (42) എന്നിവരാണ് മരിച്ച മലയാളികള്‍. റിയാദില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ സാദിഖില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിലാണ് റോഡുവിള സ്വദേശികളായ സൈനുദ്ദീനും മകന്‍ നാജിയും മരിച്ചത്. രണ്ടാമത്തെ വാഹനാപകടം ജിദ്ദ ലൈത്ത് റോഡ് ചെക്ക് പോസ്റ്റിന് സമീപത്തായിരുന്നു. ഇവിടെ നിര്‍ത്തിയിട്ട ട്രെയിലറിനു പിന്നില്‍ വാന്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് ചങ്ങരംകുളം കോക്കൂര്‍ സ്വദേശി സഹീര്‍ കോട്ടിരിഞ്ഞാലി മരിച്ചത്.

സാദിഖില്‍ ഉണ്ടായ അപകടത്തില്‍ ബസിലുണ്ടായിരുന്ന അമ്പത് പേരില്‍ ഒരു ബംഗ്ലാദേശി ഉള്‍പ്പെടെ മറ്റു നാല് പേര്‍ കൂടി മരിച്ചിട്ടുണ്ട്. ഏതാനും പേര്‍ക്ക് പരുക്കുണ്ട്. കിഴക്കന്‍ പ്രവിശൃയിലെ ഖരിയ അല്‍ ഉലയയില്‍ നിന്ന് ബുധനാഴ്ച രാത്രി പുറപ്പെട്ട ഉംറ തീര്‍ഥാടകരുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലത്ത് നിന്നുള്ള ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കാന്‍ കഴിഞ്ഞ ദിവസം മക്കയില്‍ എത്തിയ സൈനുദ്ദീന്റെ ഭാര്യ നൂര്‍ജഹാനെയും മകളെയും കാണുന്നതിനും ഉംറ ചെയ്യുന്നതിനുമാണ് മകനുമൊത്ത് സൈനുദ്ദീന്‍ ജോലി സ്ഥലത്ത് നിന്ന് പുറപ്പെട്ടത്.

ഖരിയ അല്‍ ഉലയ്യയില്‍ പതിനഞ്ച് വര്‍ഷത്തിലേറെയായി ബൂഫിയ നടത്തിവരികയായിരുന്നു സൈനുദ്ദീന്‍. ഒരു വര്‍ഷം മുമ്പാണ് സൈനുദ്ദിന്റെ മകന്‍ നാജി സൗഊദിയിലെത്തിയത്. ഷാമി ട്രേഡിംഗ് കമ്പനിയുടെ സെയില്‍സ്മാനാണ് മരിച്ച മലപ്പുറം സ്വദേശി സഹീര്‍. തലക്ക് ഗുരുതരമായി മുറിവേറ്റ സഹീറിനെ ഹൈവേ പോലീസ് ജിദ്ദ മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടിരിഞ്ഞാലില്‍ കുഞ്ഞാപ്പു- ഖദീജ ദമ്പതികളുടെ മകനാണ് സഹീര്‍.