കര്‍ണാടകയെ ‘പിന്തുടര്‍ന്ന് ‘ മൂന്നിടത്ത് ഒറ്റക്കക്ഷി നീക്കം

ഗോവയിലും ബിഹാറിലും മണിപ്പൂരിലും വലിയ ഒറ്റക്കക്ഷികള്‍ അവകാശവാദവുമായി ഗവര്‍ണര്‍മാരെ കണ്ടു
Posted on: May 19, 2018 6:14 am | Last updated: May 18, 2018 at 11:44 pm
ബിഹാര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിനും ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹക്കും പ്രതിപക്ഷ എം എല്‍ എമാര്‍ കത്ത് നല്‍കുന്നു

പാറ്റ്‌ന/ പനാജി/ ഇംഫാല്‍: ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കര്‍ണാടക ഗവര്‍ണര്‍ ക്ഷണിച്ച പശ്ചാത്തലത്തില്‍ രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ സമാന നീക്കവുമായി കോണ്‍ഗ്രസും മറ്റ് കക്ഷികളും. ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസും ബിഹാറില്‍ ആര്‍ ജെ ഡിയും ഇക്കാര്യം ഉന്നയിച്ച് ഗവര്‍ണറെ കണ്ടു.

ബിഹാറില്‍ മന്ത്രിസഭാ രൂപീകരണത്തിന് അനുമതി തേടി പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷം ഗവര്‍ണര്‍ സത്യപാല്‍ മാലികിനെ കണ്ടത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. കോണ്‍ഗ്രസ്, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച, സി പി ഐ (എം എല്‍) അംഗങ്ങളും തേജസ്വിക്ക് ഒപ്പമുണ്ടായിരുന്നു. ബിഹാറില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ആര്‍ ജെ ഡിയാണെങ്കിലും 70 അംഗങ്ങളുള്ള ജെ ഡി(യു)വും 53 അംഗങ്ങളുള്ള ബി ജെ പിയും ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപവത്കരിച്ചത്. ആര്‍ ജെ ഡിക്ക് 80ഉം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്കെല്ലാം കൂടി 31ഉം അംഗങ്ങളാണുള്ളത്. 122 എം എല്‍ എമാരുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപവത്കരണത്തിന് വേണ്ടത്. ജെ ഡി യുവിലെ നിരവധി അതൃപ്ത എം എല്‍ എമാര്‍ തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ രൂപവത്കരണത്തിന് ഗവര്‍ണറുടെ ക്ഷണം ലഭിച്ചാല്‍ സഭയില്‍ വിശ്വാസം തെളിയിക്കാന്‍ ആകുമെന്നും തേജസ്വി പറഞ്ഞു.

ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം എല്‍ എമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ മൃദുല സിന്‍ഹക്ക് നിവേദനം നല്‍കി. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവേല്‍ക്കര്‍ അടക്കമുള്ള 13 എം എല്‍ എമാരാണ് ഗവര്‍ണറെ കണ്ടത്. കോണ്‍ഗ്രസിന് 16 എം എല്‍ എമാരാണുള്ളത്. ഇവരില്‍ രണ്ട് പേര്‍ സംസ്ഥാനത്തില്ലായിരുന്നു. ഒരാള്‍ ചികിത്സയിലുമാണ്. കഴിഞ്ഞ ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പില്‍ 13 സീറ്റുകളാണ് ബി ജെ പിക്ക് ലഭിച്ചത്. സര്‍ക്കാറുണ്ടാക്കാന്‍ ബി ജെ പിയെ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു. സ്വതന്ത്ര, ചെറുകക്ഷി എം എല്‍ എമാരുടെ പിന്‍ബലത്തിലാണ് ബി ജെ പി സര്‍ക്കാര്‍ രൂപവത്കരിച്ചത്.

പ്രതിപക്ഷ നേതാവ് ഒക്രാം ഇബോബി സിംഗിന്റെ നേതൃത്വത്തിലാണ് മണിപ്പൂര്‍ ആക്ടിംഗ് ഗവര്‍ണര്‍ ജഗദീഷ് മുഖിയെ കോണ്‍ഗ്രസ് എം എല്‍ എമാര്‍ കണ്ടത്. കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ 60 അംഗ സഭയില്‍ കോണ്‍ഗ്രസ് 28 സീറ്റുകള്‍ നേടിയെങ്കിലും 21 സീറ്റ് നേടിയ ബി ജെ പി, പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ച് ഭരണത്തിലേറി. അന്നത്തെ ഗവര്‍ണര്‍ നജ്മ ഹിപ്തുല്ല ബി ജെ പിയെയാണ് ക്ഷണിച്ചത്.