Kerala
വേദനിക്കുന്നവര്‍ക്ക് സാന്ത്വനവുമായി എസ് വൈ എസ് റിലീഫ്‌ഡേ 25ന്

കോഴിക്കോട്: അഭയവും ആലംബവുമില്ലാതെ കൊടും വേദനയിലും ദാരിദ്ര്യത്തിലുമായി കഴിയുന്നവര്‍ക്ക് കോടിക്കണക്കിന് രൂപയുടെ വിവിധ സഹായങ്ങളും സേവനങ്ങളും ചെയ്യുന്ന എസ് വൈ എസ് ഈമാസം 25ന് (റമസാന്‍ 9) റിലീഫ് ഡേ ആയി ആചരിക്കും. കേരളത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ സംരംഭമായ എസ് വൈ എസ് സാന്ത്വനം ഒരു വര്‍ഷത്തെ വിവിധ ക്ഷേമപദ്ധതികള്‍ക്ക് മുഖ്യമായും ധനസമാഹരണം നടത്തുന്നത് റമസാനിലെ രണ്ടാം വെള്ളിയാഴ്ചയിലെ റിലീഫ് ഡേയിലൂടെയാണ്. അന്നേദിവസം യൂനിറ്റുകളില്‍ പ്രവര്‍ത്തകര്‍ പള്ളിയിലും കവലകളിലും ബക്കറ്റുമായി പൊതുജനങ്ങളെ സമീപിക്കും.
ആതുര സേവന മേഖലയിലാണ് എസ് വൈ എസ് ഏറ്റവും കൂടുതല്‍ സാന്ത്വന നിധി ഉപയോഗിക്കുന്നത്. മാരക രോഗങ്ങളാല്‍ പ്രയാസപ്പെടുന്ന പാവപ്പെട്ട ആയിരക്കണക്കിന് രോഗികള്‍ക്ക് എ, ബി, സി കാറ്റഗറികളിലായി 10000, 5000, 3000 രൂപയുടെ മെഡിക്കല്‍ കാര്‍ഡുകളാണ് ഓരോ വര്‍ഷവും നല്‍കുന്നത്. ഒരു കോടിയിലധികം രൂപ മെഡിക്ക ല്‍ കാര്‍ഡുകള്‍ക്ക് മാത്രം ചെലവഴിക്കുന്നു. അന്തിയുറങ്ങാന്‍ വീടില്ലാത്ത പാവങ്ങള്‍ക്ക് ദാറുല്‍ ഖൈര്‍ പാര്‍പ്പിട പദ്ധതിയിലൂടെ വീടുകള്‍ നിര്‍മിച്ചുനല്‍കുന്നു. പുതിയ ആയിരം വീടുകള്‍ പ്രഖ്യാപിച്ചതില്‍ 350 വീടുകളുടെ പണി പൂര്‍ത്തിയായി. പ്രകൃതിക്ഷോഭങ്ങളില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തര സഹായങ്ങള്‍ ചെയ്യുന്നു. ഓഖി ദുരന്തത്തില്‍ എസ് വൈ എസ് സാന്ത്വനം ന ല്‍കിയ സഹായം എല്ലാം നഷ്ടപ്പെട്ട ഒരുകൂട്ടം കുടുംബങ്ങള്‍ക്ക് വലിയ താങ്ങായി. സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് സൗജന്യ വളണ്ടിയര്‍ സേവനവും മരുന്ന് വിതരണവും നടക്കുന്നു. മെഡിക്കല്‍ കോളജുകളും മറ്റും കേന്ദ്രീകരിച്ചുള്ള സൗജന്യ ഭക്ഷണ വിതരണം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഏറെ അനുഗ്രഹമാകുന്നുണ്ട്.
സൗജന്യ കുടിവെള്ള പദ്ധതി, ഡയാലിസിസ് സെന്ററുകള്‍, കിടപ്പിലായ രോഗികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കല്‍ തുടങ്ങിയവ എസ് വൈ എസ് സാന്ത്വനത്തിന് കീഴില്‍ ചെയ്തുവരുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ക്യാന്‍സര്‍ ചികിത്സാലയമായ തിരുവനന്തപുരം ആര്‍ സി സിക്കരികില്‍ എസ് വൈ എസ് സാന്ത്വന കേന്ദ്രം പണിപൂര്‍ത്തിയായിവരുന്നു. 300ഓളം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സാന്ത്വനകേന്ദ്രം അഭയമാകും.
റമസാന്‍ ഒമ്പതിലെ റിലീഫ്‌ഡേ വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങളിലാണ് യൂനിറ്റ്, സര്‍ക്കി ള്‍, സോണ്‍ ജില്ലാ ഘടകങ്ങള്‍. യൂനിറ്റുകളിലെ പ്രവര്‍ത്തകര്‍ സ്‌ക്വാഡുകളായി തിരിഞ്ഞ് വീടുകള്‍ കയറി സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ബോധ്യപ്പെടുത്തുകയും നിധി സമാഹരിക്കുകയും ചെയ്യും. അനാഥരെയും അശരണരെയും സഹായിക്കാനുള്ള എസ് വൈ എസിന്റെ സാന്ത്വന പദ്ധതികളില്‍ സജീവമായ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും റിലീഫ് ഡേ വന്‍ വിജയമാക്കണമെന്നും പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയും ജനറല്‍ സെക്രട്ടറി മജീദ് കക്കാടും അഭ്യര്‍ഥിച്ചു.