ലൈംഗിക വിവാദം; ചിലിയിലെ കത്തോലിക്ക ബിഷപ്പുമാരെല്ലാം രാജിവെക്കുന്നു

Posted on: May 19, 2018 6:13 am | Last updated: May 18, 2018 at 9:49 pm

സാന്റിയാഗോ: ലൈംഗികാരോപണ വിവാദങ്ങളെ തുടര്‍ന്ന് ചിലിയിലെ കത്തോലിക്കാ ചര്‍ച്ച് ബിഷപ്പുമാര്‍ മുഴുവന്‍ രാജിവെക്കാനൊരുങ്ങുന്നു. വെള്ളിയാഴ്ച പോപ്പ് ഫ്രാന്‍സിസുമായി നടത്തിയ അടിയന്തര യോഗത്തിന് ശേഷമാണ് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. ഇപ്പോള്‍ അധികാരത്തിലുള്ള 31 ബിഷപ്പുമാരും മൂന്ന് വിരമിച്ച ബിഷപ്പുമാരും രാജിവെക്കാന്‍ തയ്യാറാണെന്ന രേഖയില്‍ ഒപ്പുവെച്ചു. ഇനി ഇവരുടെ ഭാവി തീരുമാനിക്കുക പോപ്പ് ഫ്രാന്‍സിസായിരിക്കും. ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയില്‍ അരങ്ങേറിയ വിവാദ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ നേരത്തെ പോപ്പ് ഫ്രാന്‍സിസ് ബിഷപ്പുമാരെ റോമിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

ഇതാദ്യമായാണ് ഒരു രാജ്യത്തെ മുഴുവന്‍ ബിഷപ്പുമാരും രാജിവെക്കാന്‍ നിര്‍ബന്ധിതരാകുന്നത്. ക്രിസ്ത്യന്‍ പുരോഹിതന്മാരില്‍ നിന്ന് നേരിടേണ്ടിവരുന്ന ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തുന്നതില്‍ കാണിച്ച അലംഭാവം, ആരോപണങ്ങള്‍ ചെറുതായി കാണുക, ലൈംഗികാക്രമണ കേസുകളിലെ തെളിവുകള്‍ നശിപ്പിക്കുക എന്നീ വിഷയങ്ങളില്‍ പോപ്പ് ബിഷപ്പുമാരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.