രണ്ട് എം എല്‍ എമാരെ ബി ജെ പി ഹൈജാക്ക് ചെയ്തതെന്നാരോപിച്ച് കുമാരസ്വാമി

Posted on: May 18, 2018 10:09 pm | Last updated: May 19, 2018 at 1:04 pm

ബെംഗളൂരു: രണ്ട് എം എല്‍ എ മാരെ ബി ജെ പി ഹൈജാക്ക് ചെയ്‌തെന്നാരോപിച്ച് ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി രംഗത്ത്. ഇവര്‍ ബെംഗളൂരുവിലുണ്ടെന്നാണ് വിവരമെന്നും നാളെ വിശ്വാസ വോട്ടെടുപ്പില്‍ ഇവര്‍ പാര്‍ട്ടിയോടൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും കുമാരസ്വാമി പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസ് എം എല്‍ എക്ക് സ്വത്തിന്റെ നൂറിരട്ടിയും മന്ത്രിസ്ഥാനവും ബി ജെ പി വാഗ്ദാനം ചെയ്‌തെന്നാരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. എം എല്‍ എക്ക് വാഗ്ദാനങ്ങള്‍ നല്‍കുന്ന ടെലിഫോണ്‍ ഓഡിയോ സെന്ദേശവും കോണ്‍ഗ്രസ് ഹാജരാക്കിയിരുന്നു. റായ്ചൂര്‍ റൂറലില്‍ നിന്നു ജയിച്ച ബസവന ഗൗഡ എം എല്‍ എക്ക് പണവും സ്വത്തും വാഗ്ദാനം ചെയ്തതെന്നാണ് ആരോപണം. തങ്ങളുടെ കൂടെ വന്നാല്‍ ഇപ്പോഴുള്ള സ്വത്തിന്റെ നൂറിരട്ടി തരാമെന്നാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. സ്വത്തിനൊപ്പം മന്ത്രിസ്ഥാനവും വാഗ്ദാനത്തിലുണ്ട്. അമിത്ഷായുമായി നേരിട്ട് സംസാരിക്കാന്‍ അവസരം ലഭ്യമാക്കാമെന്നും റെഡ്ഡി വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതേസമയം ശനിയാഴ്ച്ച തന്നെ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ സമയം നല്‍കണമെന്ന ബി ജെ പിയുടെ ആവശ്യം തള്ളിയാണ് നാളെ നാല് മണിക്ക് മുമ്പ് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കോടിതി നിര്‍ദ്ദേശിച്ചത്. വോട്ടെടുപ്പിന് രഹസ്യബാലറ്റ് വേണമെന്ന ആവശ്യവും കോടതി തള്ളി.

ഇനി ഇരുപത്തിനാല് മണിക്കൂറില്‍ താഴെ മാത്രമേ വിശ്വാസ വോട്ടെടുപ്പിനു സമയമുള്ളൂ എന്നിരിക്കെ ചടുലമായ നീക്കങ്ങളാണ് ബി ജെ പിയുടേയും കോണ്‍ഗ്രസ്‌ജെ ഡി(എസ്) സഖ്യത്തിന്റേയും ഭാഗത്ത് നടക്കുന്നത് എന്നതിനുള്ള തെളിവാണ് പുതിയ സംഭവ വികാസങ്ങള്‍.