യു എ ഇ വിസാ നിയമങ്ങള്‍ ഉദാരമാക്കുന്നു

Posted on: May 18, 2018 9:14 pm | Last updated: May 28, 2018 at 9:29 pm

അബുദാബി: രാജ്യത്തെ വിസ നിയമങ്ങള്‍ ഉദാരമാക്കുന്നു. ഇത് സംബന്ധിച്ച് അബുദാബി എക്‌സി. കൗണ്‍സിലും യു എ ഇ മന്ത്രിസഭയും ധാരണയിലെത്തി. അബുദാബിയില്‍ വിദേശ കമ്പനികളെ വന്‍ തോതില്‍ ആകര്‍ഷിക്കാനാണ് ഉദാരമാക്കുന്നത്. എല്ലാ മേഖലയിലും വിദേശികള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ലഭ്യമാകും.

ഇതിനിടെ ഗാര്‍ഹിക തൊഴിലാളികളുടെ ആവശ്യത്തിന് മനുഷ്യവിഭവശേഷി, സ്വദേശി വല്‍കരണ മന്ത്രാലയം 11 തദ്ബീര്‍ സെന്ററുകള്‍ ആരംഭിച്ചു. കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും തൊഴിലാളികളുടെ സേവനം കുറഞ്ഞ നിരക്കില്‍ ലഭിക്കും.

അബുദാബിയില്‍ രണ്ട്, ദുബൈയില്‍ നാല്, ഷാര്‍ജയിലും ഫുജൈറയിലും ഒന്നുവീതം, അജ്മാനില്‍ മൂന്ന് എന്നിങ്ങനെയാണു പുതിയ സെന്ററുകള്‍ ആരംഭിച്ചത്. ഈ വര്‍ഷം അവസാനത്തോടെ 14 സെന്ററുകള്‍കൂടി ആരംഭിക്കും. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികളെ ലഭ്യമാക്കാനുള്ള നിരക്കുകളും കുറച്ചു. ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതു സംബന്ധിച്ചു മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ തദ്ബീര്‍ സെന്ററുകള്‍ മികച്ച സേവനം നല്‍കുമെന്നു മനുഷ്യവിഭവശേഷി, സ്വദേശിവല്‍കരണ മന്ത്രി നാസ്സര്‍ ബിന്‍ താനി അല്‍ ഹമേലി പറഞ്ഞു.

ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളുമായി മികച്ച ബന്ധം സാധ്യമാക്കുമെന്ന പരിഷ്‌കരിച്ചതെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സൈഫ് അഹ്മദ് അല്‍ സുവൈദി അറിയിച്ചു. കുടുംബങ്ങളും സ്ഥാപനങ്ങളുമായുള്ള കരാറുകള്‍ ഉള്‍പെടെയുള്ള കാര്യങ്ങളില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നെന്ന് റിക്രൂട്‌മെന്റ് ഏജന്‍സികളെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു. സ്വരാജ്യത്തുനിന്നു വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്കു യോജിച്ച തൊഴില്‍ സാഹചര്യങ്ങളും ലഭ്യമാകുന്നില്ലെന്നും പരാതി ലഭിച്ചു.

ഗാര്‍ഹികത്തൊഴിലാളി നിയമനം സംബന്ധിച്ച് ഇന്ത്യ, ശ്രീലങ്ക, കെനിയ തുടങ്ങിയ രാജ്യങ്ങളുമായി മന്ത്രാലയം ധാരണപത്രത്തില്‍ ഒപ്പിട്ടു. ഫിലിപ്പീന്‍സ് തൊഴിലാളിയെ യുഎഇയില്‍കൊണ്ടുവരാന്‍ ചെലവ് 20,000 ദിര്‍ഹത്തില്‍നിന്ന് 12,000 ദിര്‍ഹമായി കുറച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഗാര്‍ഹിക തൊഴിലാളികളുടെ നിയമനം സംബന്ധിച്ച് കൃത്യമായ വ്യവസ്ഥകളും മേല്‍നോട്ടവും ഇതുവഴി സാധ്യമാകുന്നു. തദ്ബീര്‍ സെന്ററുകളുടെ വ്യവസ്ഥകളില്‍നിന്നു വ്യത്യസ്തമായി ഗാര്‍ഹിക തൊഴിലാളികളുടെ നിയമനം നടത്തുന്ന ഏജന്‍സികളുടെ ലൈസന്‍സ് പുതുക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു. സെന്ററില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇന്ത്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഗാര്‍ഹികത്തൊഴിലാളിയെ നിയമിക്കണമെങ്കില്‍ ആറായിരം ദിര്‍ഹം ഫീസ് നല്‍കണം.

ഫിലിപ്പീന്‍സ്, ഇന്തൊനീഷ്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നുള്ള ഗാര്‍ഹിക തൊഴിലാളിക്കു 8000 ദിര്‍ഹവും ബംഗ്ലാദേശില്‍നിന്നുള്ള തൊഴിലാളിക്ക് 4500 ദിര്‍ഹവും ഇത്യോപ്യ, കെനിയ, യുഗാണ്ട എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് 3500 ദിര്‍ഹവും ഫീസ് നല്‍കണം. ഇന്ത്യ, ബംഗ്ലാദേശ്, കെനിയ, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് മാസം 2500 ദിര്‍ഹവും ഫിലിപ്പീന്‍സ്, ഇന്തൊനീഷ്യ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് 2200 ദിര്‍ഹവും ഇത്യോപ്യ, യുഗാണ്ട എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളിക്ക് 2300 ദിര്‍ഹവും നല്‍കണം.