മലേഷ്യന്‍ മുന്‍പ്രധാനമന്ത്രി നജീബിന്റെ വസതിയില്‍ പോലീസ് റെയ്ഡ്; പിടിച്ചെടുത്തത് പെട്ടിക്കണക്കിന് പണവും ആഭരണങ്ങളും

Posted on: May 18, 2018 1:56 pm | Last updated: May 18, 2018 at 3:13 pm

കോലാലംപൂര്‍: മലേഷ്യന്‍ മുന്‍പ്രാധനമന്ത്രി നജീബ് റസാക്കിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസ് പെട്ടിക്കണക്കിന് പണവും ആഭരണങ്ങളും പിടിച്ചെടുത്തു. പോലീസ് റെയ്ഡ് രണ്ടാം ദിവസവും തുടരവെയാണ് കോലാലംപൂരിലെ റസാക്കിന്റെ അപ്പാര്‍ട്ടമെന്റ് സമുച്ഛയത്തില്‍നിന്നും ഇവ പിടികൂടിയത്. നജീബിന്റെ അപ്പാര്‍ട്ട്‌മെന്റില്‍നിന്നും ആഢംബര വസ്തുക്കള്‍ നിറച്ച 284 പെട്ടികള്‍ കണ്ടെടുത്തുവെന്ന് മലേഷ്യയിലെ സ്റ്റാര്‍ ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

നജീബിനെതിരായ അഴിമതി ആരോപണത്തില്‍ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദ് ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് പോലീസ് റെയ്ഡ്. ഇതുവരെ നജീബിന്റെ ഏഴ് ഇടങ്ങളില്‍ റെയ്ഡ് നടന്നു കഴിഞ്ഞു. നജീബിന്റെ ഒരു സേഫ് ലോക്കര്‍ തുറക്കാനുള്ള ശ്രമത്തിലാണ് പോലീസ് . ഇതിന്റെ താക്കോല്‍ കളഞ്ഞുപോയെന്നാണ് അറിയുന്നത്. റെയ്ഡിനിടെ കണ്ടെത്തിയ ആഢംബര ബാഗുകള്‍ അഞ്ച് പോലീസ് വാഹനങ്ങളിലായാണ് കൊണ്ടുപോയത്. രണ്ട് ലക്ഷം ഡോളര്‍ വിലവരുന്നവയാണിത്. സ്വര്‍ണവും വാച്ചുകളും പണവുമടങ്ങിയ 72 ബാഗുകളാണ് പോലീസ് ഇതുവരെ കണ്ടെടുത്തിരിക്കുന്നത്. അഴിമതി ആരോപണം നേരിടുന്ന നജീബിന് രാജ്യം വിടാന്‍ വിലക്കുണ്ട്. പൊതുപണം കൊള്ളയടിച്ചുവെന്ന ആരോപണമാണ് നബീബിന് മേലുള്ളത്.