ആല്‍ബര്‍ട്ട് ബെംഗളുരു എഫ് സി വിടുന്നു

Posted on: May 18, 2018 6:17 am | Last updated: May 18, 2018 at 12:52 am

ബെംഗളുരു: സീസണോടെ ബെംഗളുരു എഫ് സിയുടെ പരിശീലക സ്ഥാനത്ത് നിന്ന് ആല്‍ബര്‍ട്ട് റോച പടിയിറങ്ങും. വ്യക്തിപരമായ കാരണങ്ങളാല്‍ കരാര്‍ പുതുക്കാന്‍ സ്പാനിഷ് കോച്ച് തയ്യാറായില്ലെന്ന് ക്ലബ്ബ് അറിയിച്ചു. ബെംഗളുരുവിനെ എ എഫ് സി കപ്പ് ഫൈനലിലെത്തിച്ചതാണ് ആല്‍ബര്‍ട്ട് റോചയെ ശ്രദ്ധേയനാക്കിയത്.

2017 ഫെഡറേഷന്‍ കപ്പ്, 2018 സൂപ്പര്‍ കപ്പ് എന്നിവയും റോചക്ക് കീഴില്‍ ബെംഗളുരു സ്വന്തമാക്കി. 2013 ലാണ് റോച ഇന്ത്യന്‍ ക്ലബ്ബിന്റെ ചുമതലയേറ്റത്. അതിന് ശേഷം എല്ലാ സീസണിലും ഒരു കിരീടമെങ്കിലും ബെംഗളുരു നേടിയിട്ടുണ്ട്.

ഇന്ത്യന്‍ ഫുട്‌ബോളില്‍ ബെംഗളുരു എഫ് സിക്ക് ചുരുങ്ങിയ കാലത്തിനുള്ളില്‍ വലിയ സിംഹാസനമാണ് റോച നിര്‍മിച്ച് നല്‍കിയത്.
അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ ഫിലോസഫിയും ഗെയിം ബ്രാന്‍ഡും ലോക നിലവാരത്തിലാണ്. ആ ഗുണങ്ങള്‍ ബെംഗളുരു എഫ് സിക്കും പകര്‍ന്നു കിട്ടി. കോച്ചിംഗ് കരിയറില്‍ റോചക്ക് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെയെന്ന് ബെംഗളുരു എഫ് സിയുടെ സി ഇ ഒ പാര്‍ഥ് ജിന്‍ഡാല്‍ ആശംസിച്ചു.

ബെംഗളുരുവിന്റെ പരിശീലക കുപ്പായം ഏറ്റെടുത്തത് ഏറെ ചിന്തിച്ചിട്ടാണ്. മറ്റ് വലിയ ഓഫറുകള്‍ വന്നെങ്കിലും ഇന്ത്യയിലേക്ക് വരാനായിരുന്നു മനസ് പറഞ്ഞത്.

ക്ലബ്ബ് ഉടമകള്‍, മാനേജ്‌മെന്റ്, സ്റ്റാഫുകള്‍, കളിക്കാര്‍, എന്തിനേറെ ക്ലബ്ബ് ആരാധകര്‍ വരെ തന്നെ സ്‌നേഹിച്ചു. ഈ കാലഘട്ടം മറക്കാന്‍ സാധിക്കില്ല – റോച പറഞ്ഞു.

2018 സീസണില്‍ പരാജയമറിയാതെ പതിനഞ്ച് മത്സരങ്ങള്‍ ബെംഗളുരു കളിച്ചു. മൂന്ന് ഘട്ടങ്ങളിലായി ആറ് തുടര്‍ വിജയങ്ങളും ബെംഗളുരു ഇക്കാലയളവില്‍ സ്വന്തമാക്കിയിരുന്നു. റോചക്ക് കീഴില്‍ ബെംഗളുരുവിന്റെ വിജയശതമാനം 60ന് മുകളിലാണ്.