ഇന്ത്യക്കാരനായ കമ്പനി മേധാവി എത്യോപ്യയില്‍ കൊല്ലപ്പെട്ടു

Posted on: May 18, 2018 6:26 am | Last updated: May 18, 2018 at 12:28 am

അഡിസ് അബാബ: നൈജീരിയയിലെ പ്രമുഖ സിമന്റ് കമ്പനി മാനേജരായ ഇന്ത്യക്കാരന്‍ എത്യോപ്യയില്‍ ആയുധധാരികളായ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഡംഗോട്ട് ഇന്‍സ്ട്രീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മേധാവിയായ ദീപ് കമ്രയാണ് കൊല്ലപ്പെട്ടത്. എത്യോപ്യയില്‍ അടുത്തിടെ ആരംഭിച്ച ഫാക്ടറിയില്‍ നിന്ന് അഡിസ് അബാബയിലെ വീട്ടിലേക്ക് മടങ്ങും വഴിയാണ് കമ്ര ആക്രമിക്കപ്പെട്ടത്. കമ്രയെ കൂടാതെ അദ്ദേഹത്തിന്റെ എത്യോപ്യക്കാരായ സുരക്ഷാ ഉദ്യോഗസ്ഥനും ഡ്രൈവറും കൊല്ലപ്പെട്ടു.

ആഫ്രിക്കയിലെ ഏറ്റവും വലിയ സിമന്റ് നിര്‍മാതാക്കളാണ് ഡംഗോട്ട് ഇന്‍സ്ട്രീസ് ലിമിറ്റഡ്. സാമ്പത്തികമായും സാമൂഹികമായും അസ്ഥിരത അഭിമുഖീകരിക്കുന്ന എത്യോപ്യയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സംഘര്‍ഷം രൂക്ഷമാണ്.