Connect with us

Kerala

ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഈ വര്‍ഷം

Published

|

Last Updated

തിരുവനന്തപുരം: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകാരം റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം ക്ലാസുകള്‍ ആരംഭിക്കാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ ആരംഭിച്ചു. 2018-2019 അധ്യായന വര്‍ഷത്തില്‍ ക്ലാസുകള്‍ ആരംഭിക്കും വിധം മെഡിക്കല്‍ കോളജ് പ്രവര്‍ത്തന സജ്ജമാക്കും. ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട പാരിസ്ഥിതിക അനുമതിക്കുള്ള തടസ്സങ്ങള്‍ നീക്കാനാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായി.

മെഡിക്കല്‍ കോളജില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. ക്ലാസുകള്‍ തുടങ്ങുന്നതിനാവശ്യമായ തസ്തികകള്‍ ഉടന്‍ സൃഷ്ടിക്കും. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 40 ഏക്കര്‍ സ്ഥലം മെഡിക്കല്‍ കോളജിന് കൈമാറുന്നത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജോയ്‌സ് ജോര്‍ജ് എം പി, ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ റംലാ ബീവി, ജോ. ഡി എം ഇ ഡോ. ശ്രീകുമാരി, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അജയകുമാര്‍, ഇടുക്കി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി പി മോഹനന്‍ യോഗത്തില്‍ പങ്കെടുത്തു.

മെഡിക്കല്‍ കോളജ് പുനരാരംഭിക്കുന്നതിന് ആവശ്യമായ ജീവനക്കാരുടെ കണക്കുകള്‍ ലഭ്യമാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. മെഡിക്കല്‍ കോളജിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്ന ചുമതല കിറ്റ്‌കോക്ക് നല്‍കുകയും ഈ ഉപകരണങ്ങളുടെ ലിസ്റ്റ് നല്‍കാന്‍ സ്‌പെഷ്യല്‍ ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു.

നിലവില്‍ ഒന്നാം വര്‍ഷ എം ബി ബി എസ് ക്ലാസ് തുടങ്ങുന്നതിനാവശ്യമായ പ്രീ ക്ലിനിക്കല്‍ സൗകര്യങ്ങള്‍ ഇവിടെയുണ്ട്. 60 കോടി രൂപ ചെലവില്‍ ക്ലിനിക്കല്‍ പോസ്റ്റിംഗിന് ആവശ്യമായ ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഒന്നാമത്തെ ബ്ലോക്കിന്റെ ഘടന പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാമത്തെ ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പത്തോളജി, മൈക്രോ ബയോളജി, ഫോറന്‍സിക് മെഡിസിന്‍, കമ്മ്യൂനിറ്റി മെഡിസിന്‍ എന്നിവയുള്‍ക്കൊള്ളുന്ന 10 കോടിയുടെ അക്കാദമിക് ബ്ലോക്ക് ഒരു മാസത്തിനകം പൂര്‍ത്തിയാകും.
ഇതിന് പുറമെ മെഡിക്കല്‍ കൗണ്‍സില്‍ അപര്യാപ്തതയായി എണ്ണിയ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിന്റെയും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന്റേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 92.14 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ തറക്കല്ലിടല്‍ ഈ മാസം 21ന് മന്ത്രി നിര്‍വഹിക്കും. ഇതോടൊപ്പം പഴയ കെട്ടിടത്തിന്റെ ലിഫ്റ്റ്, റാംപ് എന്നിവയും ഉടന്‍ പൂര്‍ത്തീകരിക്കും. എം സി എ അനുശാസിക്കുന്ന പരീക്ഷാഹാള്‍, ഓഡിറ്റോറിയം എന്നിവ ആദ്യഘട്ടത്തില്‍ താത്കാലിക കെട്ടിടത്തില്‍ സജ്ജമാക്കും. ഇതിനായി ഇടുക്കി ഡാമിനോട് ചേര്‍ന്നുള്ള കളിസ്ഥലം ഉപയോഗിക്കും.
യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് 2014 സെപ്തംബര്‍ ഒന്നിന് ആരംഭിച്ച മെഡിക്കല്‍ കോളജ് അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിന്റെ അംഗീകാരം പിന്നീട് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റദ്ദാക്കുകയായിരുന്നു. മതിയായ എണ്ണം കിടക്കകളുള്ള ആശുപത്രിയില്ലാത്തതാണ് അംഗീകാരം റദ്ദാക്കാനുള്ള പ്രധാന കാരണമായി മെഡിക്കല്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

2014ലും 2015ലുമായി നൂറ് എം ബി ബി എസ് വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നല്‍കിയിരുന്നത്. കോളജിന്റെ അംഗീകാരം നഷ്ടമായതോടെ വിദ്യാര്‍ഥികനെ മറ്റുമെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിക്കുകയും ജീവനക്കാരെ പുനര്‍വിന്യസിക്കുകയുമായിരുന്നു. അതേസമയം മലയോര മേഖലയായ ഇടുക്കിയില്‍ മെഡിക്കല്‍ കോളജ് നിലനിര്‍ത്തുന്നതിന്റെ ആവശ്യകത പരിഗണിച്ചാണ് പ്രശ്‌ന പരിഹാരത്തിന് ആരോഗ്യമന്ത്രി നേരിട്ട് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തത്.

Latest