പാറ ലഭിക്കാതെ വിഴിഞ്ഞം തുറമുഖ നിര്‍മാണം വീണ്ടും പ്രതിസന്ധിയില്‍

Posted on: May 18, 2018 6:14 am | Last updated: May 17, 2018 at 11:44 pm

തിരുവനന്തപുരം: പുലിമുട്ടിനായി പാറ ലഭിക്കാതായതോടെ വിഴിഞ്ഞം തുറമുഖ നിര്‍മാണം വീണ്ടും പ്രതിസന്ധിയില്‍. പാറക്ഷാമം മൂലം പുലിമുട്ടിന്റെ നിര്‍മാണം നിര്‍ത്തിവെച്ചതുള്‍പ്പടെയുള്ള നിലവിലെ പ്രതിസന്ധി അദാനി കമ്പനി അധികൃതര്‍ തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ നേരില്‍ക്കണ്ട് ബോധ്യപ്പെടുത്തി. എന്നാല്‍, പാറക്ഷാമത്തിന്റെ പേരില്‍ പദ്ധതി തടസ്സപ്പെടില്ലെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
വിഷയത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പ്രശ്‌നപരിഹാരത്തിനുശേഷം മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പുലിമുട്ട് നിര്‍മാണത്തിനായി സര്‍ക്കാര്‍ കിളിമാനൂര്‍ ആയിരവല്ലി പാറമട കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് ഖനനം നടത്താന്‍ തുറമുഖത്തിന്റെ നിര്‍മാണ കരാറേറ്റെടുത്ത അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, പരിസ്ഥിതി പ്രശ്‌നം ഉന്നയിച്ച് പാറമടക്കു സമീപത്തെ നാട്ടുകാര്‍ നടത്തുന്ന സമരമാണ് വിഴിഞ്ഞത്തിന് തടസമായി മാറിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് അദാനി കമ്പനി അധികൃതര്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. പാറക്ഷാമം പരിഹരിക്കാനുള്ള ശ്രമം തുടര്‍ച്ചയായി തടസപ്പെടുന്നതു മൂലം പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്നാണ് ഇന്നലെ അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ മന്ത്രിയെ അറിയിച്ചത്.

ആയിരവല്ലി പാറമട ഖനനത്തിനുള്ള അനുമതി അദാനിക്കു നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പരിസ്ഥിതിപ്രശ്‌നം ഉന്നയിച്ചുള്ള പ്രദേശവാസികളുടെ സമരത്തിന് സി പി എം ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ട്. വിഷയത്തില്‍ ചിറയിന്‍കീഴ് തഹസീല്‍ദാര്‍ വിളിച്ച ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തദ്ദേശവാസികളെന്ന പേരിലും സാമൂഹിക പ്രവര്‍ത്തകരെന്ന പേരിലും ചിലര്‍ സമരത്തിന് പിന്തുണ നല്‍കി പാറഖനനം തടസപ്പെടുത്തുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പാറ ഖനനത്തിന് മുമ്പ് അപേക്ഷിച്ചിട്ട് അനുമതി ലഭിക്കാത്തവരും സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടെന്നാണ് വിവരം. കലക്ടര്‍ ഉടന്‍ സ്ഥലം സന്ദര്‍ശിച്ച് സമരക്കാരുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന.

പാറക്ഷാമം രൂക്ഷമായതോടെ റവന്യു വകുപ്പും കൂടി മുന്‍കൈയെടുത്താണ് നഗരൂരുള്ള പാറമട കണ്ടെത്തുകയും അനുമതി നല്‍കുകയും ചെയ്തത്. തുറമുഖ മന്ത്രിക്ക് പുറമേ വ്യവസായ മന്ത്രി എ സി മൊയ്തീനെയും അദാനി പ്രതിനിധികള്‍ കണ്ട് പ്രതിസന്ധി അറിയിച്ചു.