Connect with us

Editorial

ഇനി പ്രതീക്ഷ കോടതിയില്‍

Published

|

Last Updated

വിചിത്രമായ കാര്യങ്ങളാണ് കര്‍ണാടകയില്‍ നടന്നുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തള്ളി ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയായിതീര്‍ന്നപ്പോള്‍ തന്നെ അവിടെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഊഹിച്ചതാണ്. നേരത്തെ ഗുജറാത്തിലെ പ്രമുഖ ബി ജെ പി നേതാവായിരുന്നു കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല. മോദി അവിടെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന വാജുഭായ് 2002ല്‍ മോദിക്ക് മത്സരിക്കാനായി സ്വന്തം സീറ്റ് വിട്ടുകൊടുത്ത മോദി ഭക്തനുമാണ്. കര്‍ണാടകയില്‍ അദ്ദേഹത്തിന്റെ തീരുമാനം ഏകപക്ഷീയവും ബിജെ പിക്ക് അനുകൂലവുമായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

ഭരിക്കാന്‍ 112 അംഗങ്ങളുടെ പിന്തുണ ആവശ്യമായ കര്‍ണാടക നിയമസഭയില്‍ 117 അംഗങ്ങളുടെ പിന്തുണയുള്ള കോണ്‍ഗ്രസ്, ജെ ഡി എസ് സഖ്യത്തെ മാറ്റി നിര്‍ത്തി 105 പേരുടെ മാത്രം പിന്തുണയുള്ള ബി ജെ പിയെയാണ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ വാജുവായ് ക്ഷണിച്ചത്. സര്‍ക്കാര്‍ രൂപവത്കരണത്തിന് ജെ ഡി എസിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയും, തന്നെ പിന്തുണക്കുന്ന 117 എം എല്‍ എമാരുടെ ലിസ്റ്റ് അവരുടെ ഒപ്പ് സഹിതം കുരമാരസ്വാമി ബുധനാഴ്ച വൈകീട്ട് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തിരിക്കെ തീര്‍ത്തും ഭരണഘടനാ വിരുദ്ധമാണ് ഗവര്‍ണരുടെ ഈ നടപടി. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഘട്ടത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെങ്കിലും “മറ്റു രാഷ്ട്രീയ കക്ഷിയുടെയോ എം എല്‍ എ മാരുടെയോ പിന്തുണയോടെ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയുമെന്ന് ഒരു രാഷ്ട്രീയപ്പാര്‍ട്ടി ബോധ്യപ്പെടുത്തുന്ന പക്ഷം, പ്രസ്തുത അവകാശവാദം ഗവര്‍ണര്‍ നിരാകരിക്കരുതെ”ന്നാണ് 2006 ജനുവരി 24ന് സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ച് പുറപ്പെടുവിച്ച വിധി.

ഈ ഉത്തരവിന്റെ അന്തസ്സത്തയെ നിരാകരിക്കുന്നതും ബി ജെ പിക്ക് രാഷ്ട്രീയ കുതിരക്കച്ചവടത്തിന് അവസരമൊരുക്കുന്നതുമാണ് മന്ത്രിസഭാ രൂപവത്കരണത്തിന് അനുമതി നല്‍കിയ ഗവര്‍ണറുടെ തീരുമാനം. നിയമവിരുദ്ധവും അധാര്‍മികവുമായ മാര്‍ഗങ്ങളിലൂടെയല്ലാതെ യെദ്യൂരപ്പക്ക് ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് നന്നായറിയാം. അതുകൊണ്ടായിരിക്കണം ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസത്തെ സമയം അനുവദിച്ചത്. പെട്രോള്‍ ഉത്പന്നങ്ങള്‍ക്ക് അടിക്കടി നികുതി വര്‍ധന വരുത്തുക വഴി ലക്ഷക്കണക്കിന് കോടികളുടെ അധിക വരുമാനമുണ്ടാക്കിയ മോദി സര്‍ക്കാറിന് പണമെറിഞ്ഞു ആളെ പിടിക്കാന്‍ യാതൊരു പ്രയാസവുമില്ല. കോണ്‍ഗ്രസ്, ജെ ഡി എസ് പക്ഷത്ത് നിന്ന് ബി ജെ പി ക്യമ്പിലേക്ക് കൂറുമാറുന്ന ഓരോ എം എല്‍ക്കും നൂറു കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതായി വാര്‍ത്ത വന്നിട്ടുമുണ്ട്.
നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ സംജാതമാകുകയും ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാവുകയും ചെയ്യുമ്പോള്‍, അത് കേന്ദ്രം ഭരിക്കുന്ന കക്ഷിക്കനുകൂലമാകാറുണ്ട്. അതിന് പക്ഷേ, ചില “ഒളിയും മറിയും” ഉണ്ടായിരുന്നു. എന്നാല്‍, മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അങ്ങനെ ഒന്നുമില്ല. ഗോവയിലും മണിപ്പൂരിലും മേഘാലയയിലുമെല്ലാം ഇത് കണ്ടതാണ്. മോദി ഭരണത്തില്‍ ആര്‍ എസ് എസ് കാര്യാലയങ്ങളെ പോലെയാണ് രാജ്ഭവനുകളെല്ലാം പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ ആര്‍ എസ് എസുകാരാണെന്ന് പറയുന്നതില്‍ രാഷ്ട്രപതിയടക്കം ഊറ്റം കൊള്ളുകയും ചെയ്യുന്നു. രാഷ്ട്രീയാതീതമായി പ്രവര്‍ത്തിക്കേണ്ട ഈ ഭരണഘടനാ സംവിധാനത്തിന് വന്നുപെട്ട അധഃപതനം!

പരമോന്നത കോടതിയെയാണ് രാജ്യം ഇനി ഉറ്റുനോക്കുന്നത്. ഫെഡറല്‍ വ്യവസ്ഥകളെ പിച്ചിച്ചീന്തുകയും ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്തു ജനവിധി പോലും അട്ടമറിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാറിന്റെ സ്വേഛാധിപത്യത്തിനെതിരെ വിരല്‍ ചൂണ്ടാന്‍ സുപ്രീംകോടതിക്ക് ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. അത് പക്ഷേ, തലപ്പത്തിരിക്കുന്നവരുടെ മനോഗതിയെ ആശ്രയിച്ചായിരിക്കുമെന്നു മാത്രം. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞാ ചടങ്ങ് തടയണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തോട്, ഭരണഘടനയുടെ 361 ാം വകുപ്പ് പ്രകാരം ഗവര്‍ണര്‍ ഇത്തരം ഘട്ടങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ കോടതി ഇടപെടുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി വിസമ്മതം പ്രകടിപ്പിച്ചെങ്കിലും കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജി രാവേറെ വൈകി സ്വീകരിച്ചതും യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞക്ക് ശേഷം ഹരജിയില്‍ വാദം തുടരാന്‍ സമ്മതിച്ചതും പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്. മാത്രമല്ല, സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് നല്‍കുമ്പോള്‍ യെദ്യൂരപ്പക്ക് 105 അംഗങ്ങളുടെ പിന്തുണ മാത്രമാണുണ്ടായിരുന്നത്. അത് 112-ലെത്തിക്കണമെങ്കില്‍ കത്തില്‍ കൃത്രിമം കാണിക്കേണ്ടി വരും. ഗവര്‍ണറുടെ പിന്തുണയുള്ളത് കൊണ്ട് കത്തില്‍ തിരിമറി പ്രയാസമില്ലെങ്കിലും കോടതി അതിനോട് എങ്ങനെ പ്രതികരിക്കുെമന്ന് കണ്ടറിയണം. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളുടെ സംരക്ഷണത്തിലുളള നീതിപീഠത്തിന്റെ ബാധ്യതയും കടമയും നിര്‍വഹിക്കാന്‍ സുപ്രീം കോടതി കൂടി മുന്നോട്ട് വരുന്നില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി അത്ര ശുഭകരമായിരിക്കില്ല.