Connect with us

Gulf

രൂപ 16 മാസത്തെ താഴ്ന്ന നിലവാരത്തില്‍; ഒരു ദിര്‍ഹമിന് 18.43 രൂപ

Published

|

Last Updated

ദുബൈ: രൂപയുടെ മൂല്യം 16 മാസത്തെ താഴ്ന്ന നിലവാരത്തില്‍ എത്തി. ഒരു ദിര്‍ഹം നല്‍കിയാല്‍ 18 രൂപ 43 പൈസ ലഭ്യമായി. ഇന്നലെ മാത്രം 86 പൈസയുടെ ഇടിവു നേരിട്ട രൂപ ഡോളറിനെതിരെ 68 രൂപ 16 പൈസയിലെത്തി. ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറന്‍സി എന്ന ചീത്തപ്പേരു കൂടി രൂപ സ്വന്തമാക്കി. ഡോളര്‍ ശക്തിപ്രാപിക്കുന്നതും ആഭ്യന്തര കാരണങ്ങളും രാജ്യാന്തര വിപണിയിലെ എണ്ണവിലയുടെ കുതിപ്പും രൂപയുടെ മൂല്യം തകര്‍ക്കുകയാണ്. ഡോളര്‍ ശക്തിപ്രാപിക്കുമ്പോഴും നേട്ടമുണ്ടാക്കുന്ന ഏഷ്യന്‍ കറന്‍സികളുണ്ടെന്നു സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഈ വര്‍ഷം 6.2 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം, തൊട്ടുമുന്‍പത്തെ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യത്തില്‍ ആറു ശതമാനം നേട്ടമുണ്ടായിരുന്നു.

കര്‍ണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും രൂപയുടെ മൂല്യം തകരാന്‍ കാരണമാകുന്നുണ്ട്. എണ്ണവില തുടര്‍ച്ചയായി ഉയരുന്ന സാഹചര്യത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച രാജ്യത്തിന്റെ സാമ്പത്തിക നിലയെ സാരമായി ബാധിക്കും.

ചൈനീസ് യുവാനാണ് ഏഷ്യന്‍ കറന്‍സികളില്‍ മികച്ച പ്രകടനം നടത്തുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു ചൈന മൂല്യം ഇടിച്ചെങ്കിലും ഇപ്പോള്‍ ഡോളറിനെതിരെയുള്ള മൂല്യത്തില്‍ രണ്ടര ശതമാനത്തോളം യുവാന്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്.

രൂപ കഴിഞ്ഞാല്‍ ഫിലിപ്പീന്‍സ് കറന്‍സിയായ പെസോയ്ക്കാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ വലിയ മൂല്യത്തകര്‍ച്ച നേരിടുന്നത്. നാലര ശതമാനമാണു ഡോളറിനെതിരെയുള്ള മൂല്യനഷ്ടം.