Connect with us

National

ഭൂരിപക്ഷമല്ല, ബിജെപി നേതാവാകുക എന്നതാണ് പ്രധാനം: ഗവര്‍ണറെ പരിഹസിച്ച് ജയശങ്കര്‍

Published

|

Last Updated

തിരുവനന്തപുരം: നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടോയെന്നതല്ല, ബിജെപി നേതാവാകുക എന്നതാണ് പ്രധാനമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കര്‍ണാടകയില്‍ മന്ത്രിസഭ രൂപവത്കരിക്കാന്‍ യെദ്യൂരപ്പയെ ഗവര്‍ണര്‍ ക്ഷണിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. ഏഴ് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാമെന്ന് യെദ്യൂരപ്പ പറഞ്ഞെങ്കിലും വഴിപ്പെടാത്ത ഗവര്‍ണര്‍ 15 ദിവസം അനുവദിച്ചുവെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

മേയ് 17നും 18നും മുഹൂര്‍ത്തമുണ്ട്; പ്രധാനമന്ത്രിയുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞ ചെയ്യും: തെരഞ്ഞെടുപ്പിനു മുമ്പേ യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ ബിജെപിക്കു കേവല ഭൂരിപക്ഷം കിട്ടിയില്ല, കോണ്‍ഗ്രസ് മതേതര ജനതാദളിനു പിന്തുണ പ്രഖ്യാപിച്ചു, കുമാരസ്വാമി മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു. പക്ഷേ, ഭരണഘടനാ പാരംഗതനായ ഗവര്‍ണര്‍ വജുഭായ് വാല യെദ്യൂരപ്പയെ തന്നെ ക്ഷണിച്ചു. നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടോയെന്നതല്ല, ബിജെപി നേതാവാകുക എന്നതാണ് പ്രധാനമെന്നു കണ്ടെത്തി. ഏഴുദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാമെന്ന് യെദ്യൂരപ്പ പറഞ്ഞെങ്കിലും ഗവര്‍ണര്‍ജി വഴിപ്പെട്ടില്ല. 15 ദിവസം അനുവദിച്ചു.

കോണ്‍ഗ്രസ് പിന്തുണയോടെ കുമാരസ്വാമി സുപ്രീം കോടതിയെ സമീപിച്ചു. മൂന്നു ന്യായാധിപന്മാര്‍ പാതിരാത്രി ഉറക്കമൊഴിഞ്ഞു വാദംകേട്ടുവെങ്കിലും ഗുണം കിട്ടിയില്ല. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചു.

അങ്ങനെ ജ്യോതിഷികള്‍ കുറിച്ചുകൊടുത്ത സമയത്തുതന്നെ യെദ്യൂരപ്പജി സത്യവാചകം ചൊല്ലി അധികാരമേല്ക്കുകയാണ്.

സുപ്രീംകോടതി ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കുമോ, യെദ്യൂരപ്പയ്ക്ക് എത്ര എംഎല്‍എമാരെ ചാക്കില്‍ കയറ്റാന്‍ കഴിയും, കുമാരസ്വാമിയുടെ രാജയോഗം എപ്പോള്‍ ആരംഭിക്കും… ഈ ചോദ്യങ്ങള്‍ക്കുളള ഉത്തരം പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കര്‍ക്കേ പറയാന്‍ കഴിയൂ.

Latest