വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കി

Posted on: May 17, 2018 1:27 pm | Last updated: May 17, 2018 at 8:49 pm

കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖിലക്ക് സര്‍ക്കാര്‍ ജോലി നല്‍കി. വടക്കന്‍ പറവൂര്‍ താലൂക്ക് ഓഫീസില്‍ ക്‌ളാസ് മൂന്ന് തസ്തികയില്‍ ക്ലര്‍ക്കായാണ് നിയമനം. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള ശ്രീജിത്തിന്റെ വീട്ടില്‍ നേരിട്ടെത്തി നിയമന ഉത്തരവ് കൈമാറി. 15 ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കാമെന്ന് കലക്ടര്‍ അറിയിച്ചു.

നഷ്ടപരിഹാരമായി അനുവദിച്ച പത്ത് ലക്ഷം രൂപയുടെ ചെക്കും ഇതോടൊപ്പം കൈമാറി. ശ്രീജിത്തിന്റെ അമ്മ ശ്യാമള, ഭാര്യ അഖില എന്നിവരുടെ പേരില്‍ 3.33 ലക്ഷം രൂപയുടെ രണ്ടു ചെക്കും മകള്‍ ആര്യനന്ദക്ക് 3.34 ലക്ഷം രൂപയുടെ ചെക്കുമാണ് നല്‍കിയത്. ശ്രീജിത്തിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായവും നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.