National
യദിയൂരപ്പ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബംഗളൂരു: സുപ്രീം കോടതി വരെ നീണ്ട നിയമപോരാട്ടത്തിനും രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും ഒടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിഎസ് യദിയൂരപ്പ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ഒന്‍പതിനാണ് ചടങ്ങ്. സത്യപ്രതിജ്ഞ തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ പുലരുവോളം നീണ്ട വാദത്തിനൊടുവില്‍ യദിയൂരപ്പക്ക് സത്യപ്രതിജ്ഞ ചെയ്യാമെന്ന് സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു.
ആശങ്കകള്‍ പരിപൂര്‍ണമായും ഒഴിയാത്ത സാഹചര്യത്തില്‍ യദിയൂരപ്പ മാത്രമാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. വെള്ളിയാഴ്ച പത്തരക്കകം ഗവര്‍ണര്‍ക്ക് നല്‍കിയ പിന്തുണക്കത്തിന്റെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കണമെന്ന് സുപ്രീം കോടതി യദിയൂരപ്പക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിന്തുണക്കത്തില്‍ വേണ്ടത്ര ഭൂരിപക്ഷം തെളിയിക്കാന്‍ യെദിയൂരപ്പക്ക് സാധിച്ചില്ലെങ്കില്‍ ഒരു ദിവസം കൊണ്ട് അദ്ദേഹത്തിന് മുഖ്യമന്ത്രി പദം നഷ്ടപെടാനുള്ള സാഹചര്യമൊരുങ്ങാനും സാധ്യതയുണ്ട്.