പശ്ചിമേഷ്യന്‍ വാര്‍ത്തകള്‍ അഗാധ ദുഃഖമുണ്ടാക്കുന്നു: പോപ്പ്

Posted on: May 17, 2018 6:18 am | Last updated: May 17, 2018 at 1:21 am

വത്തിക്കാന്‍ സിറ്റി: ഇസ്‌റാഈല്‍ സൈന്യം 62 ഫലസ്തീനികളെ വെടിവെച്ചു കൊന്നതുള്‍പ്പടെയുള്ള പശ്ചിമേഷ്യയില്‍ നിന്നുള്ള വാര്‍ത്തകളില്‍ അഗാധ വേദനയുണ്ടെന്ന് പോപ്പ് ഫ്രാന്‍സിസ്. വിശുദ്ധ ഭൂമിയിലും പശ്ചിമേഷ്യയിലും വര്‍ധിച്ചുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളില്‍ വേദന തോന്നുന്നു. ഇത്തരം സംഘര്‍ഷങ്ങള്‍ നമ്മെ വീണ്ടും സമാധാനത്തില്‍ നിന്ന് അകറ്റുകയേ ഉള്ളൂ. പരസ്പര സമാധാനത്തിന് ചര്‍ച്ചകളും സംവാദങ്ങളും മാത്രമേ പരിഹാരമാകൂവെന്നും വത്തിക്കാനില്‍ ആഴ്ചയില്‍ നടത്തുന്ന പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

മരിച്ചവരുടെ കുടുംബാംഗങ്ങളോട് അഗാധ ദുഖം അറിയിക്കുന്നു. സംഘര്‍ഷം ഒരിക്കലും സമാധാനത്തിലേക്ക് നയിക്കുന്നില്ല. യുദ്ധം വീണ്ടും യുദ്ധത്തിന് കോപ്പ് കൂട്ടുന്നു. സംഘര്‍ഷം വീണ്ടും സംഘര്‍ഷത്തിന് തിരികൊളുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 62 ഫലസ്തീനികളെ വെടിവെച്ചു കൊന്നതിന്റെ പേരില്‍ ഇസ്‌റാഈല്‍ അന്താരാഷ്ട്ര തലത്തില്‍ കടുത്ത വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ്.