ട്വിറ്ററില്‍ നിറഞ്ഞത് 30 ലക്ഷം പോസ്റ്റുകള്‍

Posted on: May 17, 2018 6:05 am | Last updated: May 17, 2018 at 1:08 am

ന്യൂഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കഴിഞ്ഞ മൂന്നാഴ്ചക്കുള്ളില്‍ വിനിമയം ചെയ്യപ്പെട്ടത് 30 ലക്ഷം ട്വിറ്റര്‍ സന്ദേശങ്ങള്‍. ഇതില്‍ പകുതിയില്‍ അധികവും ബി ജെ പി കേന്ദ്രങ്ങളില്‍ നിന്ന് ഉള്ളവയായിരുന്നുവെന്നും ട്വിറ്റര്‍ അധികൃതര്‍ വ്യക്തമാക്കി. 30 ലക്ഷത്തില്‍ 42 ശതമാനം സന്ദേശങ്ങളാണ് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് പോസ്റ്റ് ചെയ്യപ്പെട്ടത്. ജെ ഡി എസ് കേവലം ഏഴ് ശതമാനം സന്ദേശങ്ങള്‍ മാത്രമേ ട്വിറ്റര്‍ വഴി പുറത്തുവിട്ടിരുന്നുള്ളൂ.

ഏപ്രില്‍ 25നും മെയ് 15നും ഇടയിലുള്ള കണക്കുകളാണിത്. ഈ കാലയളവില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട സ്ഥാ നാര്‍ഥി സിദ്ധരാമയ്യ ആയിരുന്നുവെന്നും ട്വിറ്റര്‍ ഇന്ത്യ മേധാവി മഹിമ കൗള്‍ വെളിപ്പെടുത്തി.

കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക ഇമോജി തന്നെ ട്വിറ്റര്‍ തയ്യാറാക്കിയിരുന്നു. #ഇലക്ഷന്‍സ്ഓണ്‍ട്വിറ്റര്‍ എന്ന പേരില്‍ പ്രത്യേത ഈവന്റും ട്വിറ്റര്‍ ഒരുക്കിയിരുന്നു. മാധ്യമങ്ങളുടെയും സാമൂഹിക സംഘടനകളുടെയും സഹായത്തോടെയായിരുന്നു ഇത്.