ആ പതാക കാണിക്കരുത്, അടി പാര്‍സലായി കിട്ടും !

Posted on: May 17, 2018 6:14 am | Last updated: May 17, 2018 at 12:56 am

ലണ്ടന്‍: റഷ്യയില്‍ ലോകകപ്പിന് പോകുന്ന ഇംഗ്ലണ്ട് ഫുട്‌ബോള്‍ ആരാധകരോട് സ്റ്റേഡിയത്തിനകത്തോ പുറത്തോ ദേശീയ പതാകയുമായി നടക്കരുതെന്ന് ഇംഗ്ലണ്ട് പോലീസ് മേധാവി. സുരക്ഷാ പ്രശ്‌നങ്ങളാണ് ഇത്തരമൊരു കര്‍ക്കശ നിര്‍ദേശം നല്‍കാന്‍ പോലീസ് മേധാവി മാര്‍ക് റോബര്‍ട്‌സ് നിര്‍ബന്ധിതനായത്.

2016 ല്‍ മാഴ്‌സെയില്‍ നടന്ന റഷ്യ-ഇംഗ്ലണ്ട് മത്സരത്തിനിടെ ഇംഗ്ലീഷ് ആരാധകര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ് പതാക പിടിച്ചെടുത്ത ഫോട്ടോ സാമൂഹികമാധ്യമങ്ങളിലൂടെ റഷ്യന്‍ തെമ്മാടിക്കൂട്ടം പോസ്റ്റ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇംഗ്ലീഷ് കാണികളോട് പതാക വീശരുതെന്ന് നിര്‍ദേശം നല്‍കിയത്.

റഷ്യയൊരുക്കുന്ന സുരക്ഷക്ക് പുറമെ ഇംഗ്ലണ്ടില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ലോകകപ്പ് വേദികളിലുണ്ടാകും. പത്തായിരത്തോളം വരുന്ന ഇംഗ്ലീഷ് ആരാധകര്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടിയാണിത്.

ബ്രിട്ടനും റഷ്യക്കുമിടയിലെ രാഷ്ട്രീയ പ്രശ്‌നങ്ങളും ലോകകപ്പ് വേദികളില്‍ നിഴലിച്ചേക്കും.
റഷ്യയുടെ ചാരനായി ബ്രിട്ടനിലെത്തിയ യുറി സ്‌ക്രിപാലും അദ്ദേഹത്തിന്റെ മകളും ഇംഗ്ലണ്ടിലെ സാലിസ്ബറിയില്‍ കൊല്ലപ്പെട്ടിരുന്നു.
വിഷം അകത്ത് ചെന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചാരപ്പണിക്കിടെ പിടിക്കപ്പെട്ട യുറിയെ റഷ്യ രഹസ്യമായി കൊലപ്പെടുത്തിയതാണെന്ന് ബ്രിട്ടന്‍ ആരോപിക്കുന്നു. ഫുട്‌ബോളിന്റെ പേരില്‍ തെരുവില്‍ അഴിഞ്ഞാട്ടം നടത്തുന്ന റഷ്യന്‍ ഹൂളിഗനിസം കുപ്രസിദ്ധമാണ്. ലോകകപ്പിനെത്തുന്ന ഇംഗ്ലീഷുകാരെ എവിടെ കിട്ടിയാലും അവര്‍ പെരുമാറി വിട്ടേക്കാം.