Connect with us

Kerala

അഹ്‌ലന്‍ യാ ശഹ്‌റല്‍ ഖുര്‍ആന്‍

Published

|

Last Updated

Holy quran

വിജയ വിളംബരവുമായി വീണ്ടും വിശുദ്ധ റമസാന്‍ വിരുന്നു വന്നു. വിശ്വാസി ലോകം വിളവെടുപ്പിന് വിരുന്നൊരുക്കി കാത്തിരിക്കുകയായിരുന്നു. നീണ്ട രണ്ട് മാസത്തെ നിരന്തരമായ പ്രാര്‍ഥനകള്‍ക്കും പ്രതീക്ഷകള്‍ക്കുമൊടുവില്‍ പുണ്യമാസത്തെ സത്യവിശ്വാസികള്‍ നെഞ്ചോട് ചേര്‍ത്തുകഴിഞ്ഞു.

നമുക്ക് വിശുദ്ധ മാസത്തെ ഊഷ്മളമായി സ്വീകരിക്കാം. ആത്മഹര്‍ഷത്തോടെ ആരാധനാനിരതരാകാന്‍ ശ്രമിക്കാം. തിന്മകളില്‍ നിന്ന് അകലം പാലിക്കാനും നന്മകളില്‍ സജീവമാകാനും പ്രതിജ്ഞ പുതുക്കാം. ജീവിതത്തിന്റെ അബദ്ധ നിമിഷങ്ങളില്‍ സംഭവിച്ചു പോയ പാപങ്ങളില്‍ നിന്നും മനോമാലിന്യങ്ങളില്‍ നിന്നും ശുദ്ധികലശം വരുത്താം. അത്തരം അനിവാര്യമായ ഒട്ടേറെ സംഗതികള്‍ക്ക് കൂടിയുള്ള അനര്‍ഘ അവസരമാണ് റമസാന്‍.

റമസാന്‍ ആകസ്മികമായി കടന്നുവരുന്ന അതിഥിയല്ല. നിരന്തരം ക്ഷണിച്ച് വരുത്തിയ മാന്യനായ അതിഥിയാണ്. ഗംഭീരമായി സ്വീകരിക്കേണ്ട വി ഐ പി വിരുന്നുകാരന്‍. ഏറ്റവും ഊഷ്മളമാകണം വരവേല്‍പ്പ്. തിരുനബി (സ്വ) റമസാന്റെ ആഗമനം സന്തോഷപൂര്‍വം സ്വഹാബികളെ അറിയിക്കുമായിരുന്നു. ഈ മാസം അനുഗ്രഹീതമാക്കട്ടെ എന്ന് ആശംസിക്കുകയും മറ്റുള്ളവര്‍ക്ക് റമസാന്റെ സുവിശേഷം പങ്കുവെക്കുകയുമുണ്ടായിരുന്നുവെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. “അബ്ശിര്‍ ബിശഹ്‌റിന്‍ മുബാറകിന്‍ അലയ്‌നാ വഅലയ്ക്കും” എന്നായിരുന്നു തിരുവചനം.

പുണ്യമാസത്തെ സന്തോഷപൂര്‍വം സ്വീകരിക്കുന്നതിന്റെ ഭാഗമായി സുപ്രധാനമായ നാല് കാര്യങ്ങള്‍ ജാഗ്രതയോടെ ശ്രദ്ധിക്കേണ്ടതുണ്ട്. 1. റമസാന്‍ സമാഗതമാകുന്നതില്‍ നിറഞ്ഞ സന്തോഷത്തോടെ പ്രാര്‍ത്ഥനാപൂര്‍വം അല്ലാഹുവിലേക്ക് മുന്നിടുക. സത്യവിശ്വാസികള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് റമസാന്‍ മാസം. അനുഗ്രഹത്തില്‍ സന്തോഷം പ്രകടിപ്പിച്ച് അല്ലാഹുവിലേക്ക് മനസ്സ് തിരിക്കാന്‍ ഖുര്‍ആനിലൂടെ ആവശ്യപ്പെടുന്നുണ്ട്. (യൂനുസ് 58). 2. സത്യസന്ധവും നിഷ്‌കളങ്കവുമായ പശ്ചാതാപത്തിന്റെ മനസ്സ് രൂപപ്പെടുത്താന്‍ പരിശ്രമിക്കുക. മാലിന്യമുക്തമായ മനസ്സിന്റെ ഉടമകള്‍ക്ക് മാത്രമേ റമസാന്‍ ഗുണകരമായി ഭവിക്കുകയുള്ളൂ. 3. സകലമാന നന്മകളുടെയും വിളവെടുപ്പ് സീസണായ റമസാനിലെ ആരാധനകളെയും പുണ്യ കര്‍മങ്ങളെയും സംബന്ധിച്ച അറിവുകള്‍ നേടിയെടുക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയും അവ ഉപയോഗപ്പെടുത്തുകയും ചെയ്യുക. ശരിയായ അറിവുകളില്ലാതെയുള്ള ആരാധനകള്‍ നിഷ്ഫലമോ അസ്വീകാര്യമോ ആകും. 4. റമസാന്‍ മാസത്തിന്റെ പരിശുദ്ധിയും പവിത്രതയും പരിരക്ഷിക്കുകയും അതിനോടുള്ള അതിരറ്റ ആദരവും ബഹുമാനവും ആദ്യാവസാനം നിലനിര്‍ത്തുകയും ചെയ്യുക. പരിഗണനയാണ് പരമപ്രധാനം. അവഗണന അത്യന്തം അപകടകരവും അപചയത്തിന് നിമിത്തവുമാണ്.

ഒരു ജീവിതത്തെ തന്നെ അടിമുടി മാറ്റം വരുത്തുന്ന പുണ്യ റമസാനെ സ്വീകരിക്കേണ്ട വിധം വരെവേല്‍ക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ, ആമീന്‍.

Latest