ഹൈസ്‌കൂള്‍- പ്ലസ്ടു ലയനം ഉടന്‍

ഒന്ന് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകള്‍ക്ക് ഏകീകൃത ഭരണസംവിധാനം
Posted on: May 17, 2018 6:10 am | Last updated: May 17, 2018 at 12:14 am

തിരുവനന്തപുരം: സ്‌കൂള്‍ വിഭാഗവും പ്ലസ്ടുവും ലയിപ്പിച്ച് ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകള്‍ക്ക് ഏകീകൃത ഭരണസംവിധാനം നടപ്പാക്കുന്നു. 200 അധ്യയന ദിവസം ഉറപ്പ് വരുത്താന്‍ സാധ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്.

അധ്യയന ദിവസങ്ങള്‍ 200 ആക്കാന്‍ കൂട്ടായ പരിശ്രമം വേണം. പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കൂടുമ്പോള്‍ ആവശ്യമായ സൗകര്യമൊരുക്കാന്‍ തദ്ദേശസ്ഥാപനങ്ങളോട് കൂടി ആവശ്യപ്പെടും. വിദ്യാഭ്യാസ മാസ്റ്റര്‍ പ്ലാന്‍ പ്രാവര്‍ത്തികമാക്കാന്‍ ഓരോ സ്‌കൂളിലും കര്‍മപദ്ധതി ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കലാ, കായിക അധ്യാപകരുടെ കാര്യത്തില്‍ മെച്ചപ്പെട്ട സാഹചര്യം ഉണ്ടാക്കും. സര്‍ക്കാര്‍ തലത്തില്‍ പ്രീ പ്രൈമറി മേഖല വ്യാപകമാക്കും.

എയ്ഡഡ് മേഖലക്ക് സര്‍ക്കാര്‍ എയ്ഡഡ് എന്ന പേര് നല്‍കണമെന്ന അധ്യാപരുടെ നിര്‍ദേശം പരിഗണിക്കും. അക്കാദമിക് കാര്യങ്ങളില്‍ എയ്ഡഡ് മേഖലയെ മാറ്റി നിര്‍ത്തില്ല. അധ്യാപക സമൂഹത്തോട് സര്‍ക്കാര്‍ രാഷ്ട്രീയപ്രേരിതമായ നടപടികള്‍ സ്വീകരിക്കില്ല. അധ്യാപകരുടെ ക്ഷാമബത്ത കുടിശ്ശിക സംബന്ധിച്ച പരാതികള്‍ പരിശോധിക്കും. പ്രീ പ്രൈമറി കുട്ടികള്‍ക്കുളള ആക്ടിവിറ്റി പുസ്തകങ്ങളും കളിപ്പാട്ടങ്ങളും ഉടന്‍ വിതരണം ചെയ്യും. ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റ നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താനും നിലവാരം ഉയര്‍ത്താനും സര്‍ക്കാര്‍ എടുത്ത നടപടികളെ അധ്യാപക സംഘടനകള്‍ അഭിനന്ദിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ഉറപ്പു നല്‍കി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സ്വാഗതം പറഞ്ഞു. പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍, ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍, ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ജയശ്രീ സംബന്ധിച്ചു.