മിന്നല്‍ പണിമുടക്കിന് വിലക്ക്; ചെയ്യുന്ന ജോലിക്ക് മാത്രം കൂലി

തൊഴില്‍ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം
Posted on: May 17, 2018 6:01 am | Last updated: May 17, 2018 at 12:02 am

തിരുവനന്തപുരം: തൊഴില്‍ മേഖലയിലെ അനാരോഗ്യ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി ശിപാര്‍ ചെയ്യുന്ന പുതിയ തൊഴില്‍ നയത്തിന് സംസ്ഥാന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പൊതുജനത്തെ ദുരിതത്തിലാക്കുന്ന മിന്നല്‍ പണിമുടക്ക് വിലക്കുന്ന തൊഴില്‍ നയം, നോക്കുകൂലിയെന്ന മോശം പ്രവണത അവസാനിപ്പിക്കുന്നതിന് ചെയ്യുന്ന ജോലിക്ക് മാത്രം കൂലി നല്‍കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കേരളം തൊഴില്‍, നിക്ഷേപക സൗഹൃദ സംസ്ഥാനമായി മാറുകയാണെന്നും തൊഴിലും തൊഴിലവകാശങ്ങളും സംരക്ഷിച്ചും സാമൂഹിക സുരക്ഷ ഉറപ്പുവരുത്തിയുമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇക്കാര്യം വിശദീകരിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

തൊഴിലാളികളുടെയും തൊഴിലുടമകളുടെയും യോജിച്ച പ്രവര്‍ത്തനത്തിലൂടെയും തൊഴില്‍ സൗഹൃദാന്തരീക്ഷം ശക്തിപ്പെടുത്തിയും കേരളത്തിന്റെ സമഗ്രവും സ്ഥായിയുമായ വികസനത്തില്‍ തൊഴില്‍ മേഖലയുടെ പങ്ക് ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തൊഴില്‍ നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയത്. തൊഴിലാളിവര്‍ഗ താത്പര്യങ്ങള്‍ സംരക്ഷിക്കാനും സംസ്ഥാനത്തിന്റെ സമഗ്രവികസനം സാധ്യമാക്കുന്നതിനും തൊഴില്‍ നയം ഊന്നല്‍ നല്‍കും.

തൊഴില്‍ തര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് നല്ല തൊഴിലാളി- തൊഴിലുടമ ബന്ധം ഉറപ്പാക്കുക, ചുമട്ടുതൊഴിലാളി ക്ഷേമപദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക, ഗാര്‍ഹിക തൊഴിലാളികളുടെ ജോലിക്കും സംരക്ഷണത്തിനുമായി പ്രത്യേക ലേബര്‍ ബേങ്ക് രൂപവത്കരിക്കുക, ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്ന പ്രവണത അവസാനിപ്പിക്കുക, മിന്നല്‍ പണിമുടക്കുകള്‍ നിരുത്സാഹപ്പെടുത്തുക, കടകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ തൊഴില്‍ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റിന്റെ ഇടപെടല്‍ ഉറപ്പുവരുത്തുക, സ്ത്രീ തൊഴിലാളികള്‍ക്ക് നിയമപ്രകാരമുളള ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുക, തുടങ്ങിയവയാണ് നയത്തിലെ പ്രധാന നിര്‍ദേശങ്ങള്‍.

തൊഴിലാളികള്‍ക്ക് സേവനകാലയളവിലും തുടര്‍ന്നും ന്യായമായ വേതനവും ആരോഗ്യ സുരക്ഷയും ലഭ്യമാക്കും. ഉത്പാദനക്ഷമതയും പ്രൊഫഷണലിസവും പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ തൊഴില്‍ മേഖലകളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കായി തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് ഏര്‍പ്പെടുത്തും. ലിംഗസമത്വം ഉറപ്പാക്കി സ്ത്രീതൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും സ്ത്രീസൗഹൃദ തൊഴിലന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. ഗാര്‍ഹിക തൊഴിലാളികള്‍ക്കായി പ്രത്യേക ലേബര്‍ ബേങ്ക് രൂപവത്കരിക്കും. കാര്‍ഷികം, ഐ ടി, മത്സ്യസംസ്‌കരണം, നിര്‍മാണം, കച്ചവടം തുടങ്ങി കൂടുതല്‍ മേഖലകളില്‍ വ്യവസായബന്ധസമിതി രൂപവത്കരിക്കും.

ബാലവേല നിര്‍മാര്‍ജനത്തിനും പുനരധിവാസത്തിനും നടപടി സ്വീകരിക്കും. സംസ്ഥാനത്തെ ബാലവേല വിമുക്തമാക്കി മാറ്റും. ഇന്റര്‍നെറ്റ് അധിഷ്ഠിത സൗകര്യങ്ങളിലൂടെ ഫാക്ടറികളിലെ അപകടസാധ്യത നിരീക്ഷിക്കുന്നതിന് സംവിധാനം തുടങ്ങി നിരവധി കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതാണ് തൊഴില്‍ നയം.