Connect with us

Articles

കര്‍ണാടക സഖ്യം 2019ലേക്കുള്ള ഒരു ചുവടാണ്

Published

|

Last Updated

കുതിരക്കച്ചവടത്തിനും രാഷ്ട്രീയ അസ്ഥിരതക്കുമാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വഴി തുറന്നിരിക്കുന്നത്. അത്തരമൊരു ജനവിധിയിലേക്ക് കാര്യങ്ങളെ എത്തിച്ചതില്‍ ഇപ്പോള്‍ സര്‍ക്കാറുണ്ടാക്കാന്‍ കൈ കോര്‍ത്തിരിക്കുന്ന കോണ്‍ഗ്രസിനും ജനതാദളിനും (സെക്യുലര്‍) തുല്യ ഉത്തരവാദിത്തമുണ്ട്. ഭരണവിരുദ്ധവികാരമില്ലെന്ന മുന്‍വിധി, സിദ്ധരാമയ്യയുടെ നേതൃത്വത്തോട് കന്നഡപ്രജകള്‍ക്ക് വലിയ പ്രീതിയുണ്ടെന്ന തെറ്റിദ്ധാരണ, ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവിയും സംവരണവും ശിപാര്‍ശ ചെയ്തതു വഴി ബി ജെ പിയുടെ വോട്ടുബേങ്കില്‍ വിള്ളലുണ്ടാക്കിയെന്ന ആത്മവിശ്വാസം ഒക്കെയാണ് കോണ്‍ഗ്രസിനെ ചതിച്ചത്.

ജനതാദളില്‍ നിന്ന് ഏഴ് എം എല്‍ എമാരെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് അടര്‍ത്തിയെടുത്ത്, ആ പാര്‍ട്ടിയെ പ്രകോപിപ്പിക്കാനും കോണ്‍ഗ്രസ് തയ്യാറായി. ഏതുവിധേനയും കോണ്‍ഗ്രസിനെ തോല്‍പ്പിച്ച്, കര്‍ണാടക രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി മാറുക എന്ന അജന്‍ഡയിലേക്ക് ജനതാദളിനെയും രാഷ്ട്രീമായി ഉറച്ച നിലപാടുകളില്ലാത്ത അതിന്റെ നേതാവ് എച്ച് ഡി കുമാരസ്വാമിയെയും എത്തിക്കാന്‍ ഇത് കാരണമാകുകയും ചെയ്തു. വര്‍ഗീയ ധ്രുവീകരണത്തിലൂടെ കോണ്‍ഗ്രസിന്റെ വോട്ട് ബേങ്കിനെ പിളര്‍ത്താന്‍ യത്‌നിച്ചിരുന്ന ബി ജെ പിക്ക് കുമാരസ്വാമിയുടെ കടുത്ത നിലപാട് സഹായകമായി. അണിയറയില്‍ ജെ ഡി എസുമായി അവരുണ്ടാക്കിയ ധാരണ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ പരമാവധി കുറക്കുക എന്നതായിരുന്നു. കോണ്‍ഗ്രസുമായി ജനതാദള്‍ നേരിട്ട് ഏറ്റുമുട്ടിയ സീറ്റുകള്‍ പലതിലും ബി ജെ പിയുടെ വോട്ടുകള്‍ കുറയുകയും ജനതാദള്‍ വിജയം കാണുകയും ചെയ്തു. തിരിച്ച് പല മണ്ഡലങ്ങളിലും ജനതാദളിന്റെ വോട്ടുകള്‍ ബി ജെ പിയിലേക്ക് പോയെന്ന് വിവിധ മണ്ഡലങ്ങളിലെ വോട്ട് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാണ്. ജനതാദളിന്റെ സഖ്യകക്ഷിയായിരുന്ന ബഹുജന്‍ സമാജ് പാര്‍ട്ടി (ബി എസ് പി) മത്സരിച്ച സീറ്റുകളില്‍ പലതിലും ലഭിച്ചത് അയ്യായിരത്തോളം വോട്ടുകള്‍ മാത്രമാണ്.

രഹസ്യക്കച്ചവടം ഗുണം ചെയ്തില്ലെന്ന് കുമാരസ്വാമിക്ക് ബോധ്യപ്പെട്ടത് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മാത്രമാണ്. 2013ലെ തിരഞ്ഞെടുപ്പില്‍ 40 സീറ്റില്‍ ഒപ്പം നിന്ന ബി ജെ പി 104 സീറ്റിലേക്ക് കുതിച്ചപ്പോള്‍ ജെ ഡി (എസ്) 37 സീറ്റില്‍ ഒതുങ്ങി. സഖ്യകക്ഷിയായ ബി എസ് പിക്ക് ഒരു സീറ്റും. ബി ജെ പിയോടൊപ്പം സീറ്റുകള്‍ നേടി, അവരുമായി സഖ്യമുണ്ടാക്കി മുഖ്യമന്ത്രിയാകുക എന്ന മോഹം, സംഘ്പരിവാര തന്ത്രത്തില്‍ ഇല്ലാതായെന്ന് കുമാരസ്വാമി തിരിച്ചറിഞ്ഞു. തന്റെ പാര്‍ട്ടിയെ നെടുകെ പിളര്‍ത്തി അധികാരമുറപ്പിക്കാന്‍, അധികാരത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്ത ബി ജെ പി ശ്രമിക്കുമെന്നും മനസ്സിലാക്കി. സഖ്യമുണ്ടാക്കാമെന്ന കോണ്‍ഗ്രസ് സന്ദേശം ഒരു മടിയുമില്ലാതെ സ്വീകരിച്ചത് അതുകൊണ്ടാണ്. കര്‍ണാടകയില്‍ കൂടി അധികാരം ബി ജെ പിക്ക് അടിയറവെക്കേണ്ടി വന്നാല്‍, ദേശീയ രാഷ്ട്രീയത്തിലുണ്ടാകുന്ന ആഘാതം വലുതായിരിക്കുമെന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞ കോണ്‍ഗ്രസ്, കുമാരസ്വാമിക്ക് നിരസിക്കാന്‍ സാധിക്കാത്ത മുഖ്യമന്ത്രി പദം തന്നെ വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഇതുകൊണ്ടൊക്കെ ബി ജെ പിയെ തടയാനാകുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ആദായനികുതി വകുപ്പിന്റെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും പരിശോധനകളും അതേത്തുടര്‍ന്നുണ്ടാകാനിടയുള്ള കേസുകളും ചൂണ്ടിക്കാട്ടി അവര്‍ നടത്തുന്ന ഭീഷണിക്ക് വഴങ്ങാതിരിക്കാന്‍ ജെ ഡി എസ്സിലെയും കോണ്‍ഗ്രസിലെയും ചില ജനപ്രതിനിധികള്‍ക്കെങ്കിലും സാധിക്കില്ല. ഭീഷണിക്ക് പുറമെയാണ് കോടികളുടെ കിലുക്കം. മന്ത്രിസ്ഥാനവും 100 കോടി രൂപയും തെരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ പ്രതിനിധികള്‍ക്ക് ബി ജെ പി വാഗ്ദാനം ചെയ്‌തെന്ന കുമാരസ്വാമിയുടെ അവകാശവാദത്തിന് മുന്നില്‍ 100 കോടിയോ എന്ന ആശ്ചര്യചിഹ്നമിടേണ്ടതില്ല. മക്കളുടെ വിവാഹത്തിന് 500 കോടി മുടക്കാന്‍ സാധിക്കുന്ന ജനാര്‍ദന, കരുണാകര, സോമശേഖര റെഡ്ഢിമാരുണ്ട് ബി ജെ പിയില്‍. അവരില്‍ കരുണാകരയും സോമശേഖരയും എം എല്‍ എമാരാണ്. ബി ജെ പി അധികാരത്തില്‍ വന്നാല്‍ മന്ത്രിമാരും. വെറും കോടീശ്വരന്‍മാര്‍ മാത്രമല്ല ഇവര്‍, ബെല്ലാരിയിലെ ഖനനമാഫിയയെ നിയന്ത്രിക്കുന്ന “നാട്ടു രാജാക്കന്‍മാര്‍” കൂടിയാണ്. വാഗ്ദാനം ചെയ്യുന്ന കിഴി വാങ്ങി, കാലു മാറുക എന്ന നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ ഗളച്ഛേദത്തിന് മടിക്കാത്തവരുമാണ്. അധികാരമുറപ്പിക്കാനും കേസുകളില്‍ നിന്ന് രക്ഷപ്പെടാനും സ്വന്തം പക്ഷത്തുള്ളവരുടെ ജീവനെടുത്ത സമകാലിക ചരിത്രമുള്ള സംഘ്പരിവാരം, എതിരാളികളോട് ദയ കാണിക്കുമെന്ന് കരുതുക വയ്യ. ആകയാല്‍ ജെ ഡി (എസ്) – കോണ്‍ഗ്രസ് സഖ്യത്തിന് കാലുമാറ്റം തടഞ്ഞ് അധികാരം ഉറപ്പിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ്.

2008ല്‍ യെദ്യൂരപ്പ സര്‍ക്കാര്‍, ന്യൂനപക്ഷമായി തുടങ്ങി ഭൂരിപക്ഷമാര്‍ജിച്ചത്, പ്രതിപക്ഷത്തുനിന്ന് അംഗങ്ങളെ കൂറുമാറ്റുകയും അംഗത്വം റദ്ദാക്കപ്പെടുമ്പോള്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വിജയം നേടുകയും ചെയ്താണ്. ഇക്കുറി ഇതേ തന്ത്രം പയറ്റാന്‍ യെദ്യൂരപ്പ തയ്യാറായേക്കും. പക്ഷേ, ഇക്കുറി ഉപ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് – ജെ ഡി (എസ്) സഖ്യത്തെ പരാജയപ്പെടുത്തുക ബി ജെ പിക്ക് എളുപ്പമാകില്ല. അതുകൊണ്ടുതന്നെ അധികാരം ഉറപ്പിച്ച ശേഷം ജെ ഡി (എസ്) നെ നെടുകെ പിളര്‍ത്തുക എന്നതായിരിക്കും അമിത് ഷാ ആലോചിക്കുന്ന തന്ത്രം. ആ സാഹചര്യമൊക്കെ ഒഴിവാക്കണമെങ്കില്‍ സ്വന്തം പക്ഷത്തുള്ളവരെ ഉറപ്പിച്ചുനിര്‍ത്തുക എന്ന ഭഗീരഥയത്‌നമാണ് കോണ്‍ഗ്രസിനും ദളിനും മുന്നിലുള്ളത്.

അധികാരം ലക്ഷ്യമിട്ട് ബി ജെ പി ആവിഷ്‌കരിക്കുന്ന (കു)തന്ത്രങ്ങള്‍ അരങ്ങേറുമ്പോള്‍ സര്‍ക്കാറിനെ നിശ്ചയിക്കുന്നതില്‍ സുപ്രധാന പങ്കുള്ള ഗവര്‍ണര്‍ ചെയ്തതെന്താണ്? കര്‍ണാടകയിലെ രാജ്ഭവനില്‍ ഇരുന്ന് “എന്റെ സര്‍ക്കാര്‍” എന്ന് പറയേണ്ട വാജുഭായ് വാലക്ക് “എന്റെ” എന്നാല്‍ ബി ജെ പിയുടെ എന്ന് മാത്രമാണ് അര്‍ഥം. ഗുജറാത്തില്‍ നിന്നുള്ള രാഷ്ട്രീയ സ്വയം സേവക് പ്രവര്‍ത്തകന്‍, നരേന്ദ്ര മോദി അവിടെ മുഖ്യമന്ത്രിയായിരിക്കെ സ്പീക്കറും മന്ത്രിയുമായിരുന്നയാള്‍. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന പഴമൊഴിക്ക് അര്‍ഥമേറും. അങ്ങനെയൊരാള്‍ക്ക് വിവേചനാധികാരം കൂടിയുള്ളപ്പോള്‍ അദ്ദേഹം നരേന്ദ്ര മോദിയും അമിത് ഷായും തീരുമാനിക്കുന്ന വഴിക്ക് വന്നതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല.
ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവെന്ന ന്യായത്തില്‍ യെദ്യൂരപ്പയെ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചിരിക്കുന്നു. സഭക്കുള്ളില്‍ വിശ്വാസം തെളിയിക്കാന്‍ രണ്ടാഴ്ചത്തെ സമയവും കൊടുത്തിരിക്കുന്നു. ഇനി ഒരു കോടതിയിലും ചോദ്യംചെയ്തിട്ട് കാര്യമില്ല. ആകയാല്‍ ജനാധിപത്യമെന്നത്, കര്‍ണാടകയില്‍ പ്രഹസനമായി ശേഷിക്കുക തന്നെ ചെയ്യും. ഇങ്ങനെയൊരു ഗവര്‍ണര്‍ ഉള്ളപ്പോള്‍ എം എല്‍ എമാരെ ഹാജരാക്കിയിട്ടും കാര്യമുണ്ടായിരുന്നില്ല.

ഈ അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചതില്‍ കോണ്‍ഗ്രസിന്റെയും ജെ ഡി (എസ്)ന്റെയും പാളിച്ചകള്‍ക്കൊപ്പം ആര്‍ എസ് എസ്സിന്റെ മുന്‍കൈയില്‍ നടന്ന തീവ്രമായ വര്‍ഗീയ പ്രചാരണവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതിനൊപ്പം പ്രധാനമന്ത്രി മുതല്‍ താഴേക്കോ മുകളിലേക്കോ ഉള്ള നേതാക്കള്‍ ലജ്ജകൂടാതെ പ്രചരിപ്പിച്ച കല്ലുവെച്ച നുണകളും. അത്തരം നുണകള്‍ വസ്തുതകള്‍ നിരത്തി എതിര്‍ക്കപ്പെട്ടുവെങ്കിലും തീവ്രമായ വര്‍ഗീയ ധ്രുവീകരണശ്രമങ്ങളും അത് സൃഷ്ടിച്ച വൈകാരികമായ അന്തരീക്ഷവും നുണകള്‍ തഴച്ചുവളരാന്‍ കാരണമായി. അതിന്റെ ഫലമാണ് 104 സീറ്റിലേക്കുള്ള ബി ജെ പിയുടെ കയറ്റം. വ്യവസായം, കൃഷി, കച്ചവടം, തൊഴില്‍ തുടങ്ങി ഏതാണ്ടെല്ലാ മേഖലകളിലുമുള്ള മുരടിപ്പ്, പൗരാവകാശങ്ങളെ ഭരണമുപയോഗിച്ചും സംഘടിതമായ അക്രമം വഴിയും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍, റിലയന്‍സിെനയം എസ്സാറിനെയും സഹായിക്കാന്‍ ഇന്ധന വില കൂട്ടി ജനങ്ങളെ ദ്രോഹിക്കുന്നത് തുടരുന്നത്, കത്വയിലെ പിഞ്ചുപെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയതിനെ ന്യായീകരിച്ചത് എന്നിങ്ങനെ സംഘ്പരിവാരത്തെയും നരേന്ദ്ര മോദി സര്‍ക്കാറിനെയും പ്രതിരോധത്തില്‍ നിര്‍ത്തുന്ന നിരവധി ഘടകങ്ങള്‍ക്കിടെയായിരുന്നു കര്‍ണാകയിലെ തിരഞ്ഞെടുപ്പ്. അതിനിടയിലും വര്‍ഗീയ ധ്രുവീകരണം ഉറപ്പാക്കി, സിദ്ധരാമയ്യയുടെ ദളിത് – പിന്നാക്ക – ന്യൂനപക്ഷ സംയുക്തത്തെ (അഹിന്ദ) വിഭജിക്കാനും ഇതിലേക്ക് ലിംഗായത്തുകളെ കൂടി കൂട്ടാനുള്ള ശ്രമത്തെ തടയാനും സാധിച്ചുവെങ്കില്‍ എത്രമാത്രം വിഷം കുത്തിവെക്കപ്പെട്ടിട്ടുണ്ടാകും!

ഈ വിഷത്തിനൊപ്പം മറ്റു ചില വസ്തുതകള്‍ കൂടിയുണ്ട്. തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചാല്‍ കോണ്‍ഗ്രസിന് 2013നെ അപേക്ഷിച്ച് ഒരു സീറ്റ് അധികം ലഭിച്ചത് ബെംഗളുരൂ മേഖലയില്‍ മാത്രമാണ്. ഭരണവിരുദ്ധ വികാരമില്ലാതിരുന്ന ഏക മേഖല. ഗ്രാമീണ മേലയില്‍ വോട്ട് ശതമാനത്തില്‍ 2013ലേത് നിലനിര്‍ത്താന്‍ സാധിച്ചുവെങ്കിലും അവിടങ്ങളില്‍ കോണ്‍ഗ്രസിന് സീറ്റ് വല്ലാതെ കുറഞ്ഞു. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരും സിദ്ധരാമയ്യ സര്‍ക്കാറിനോട് അത്ര പ്രീതിയുള്ളവരായിരുന്നില്ല എന്ന് ചുരുക്കം. വരള്‍ച്ചയില്‍ കൃഷി നശിച്ചത്, കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായ വില കിട്ടാതിരുന്നത്, കടക്കെണിയില്‍ വലഞ്ഞ കര്‍ഷകര്‍ക്ക് ആശ്വാസമെത്താതിരുന്നത് ഒക്കെ കോണ്‍ഗ്രസിന്റെ പരാജയത്തിന് വഴിമരുന്നിട്ടു. ജെ ഡി (എസ്) ന് സ്വാധീനമുള്ള പഴയ മൈസൂര്‍ മേഖലയിലെ മാണ്ഡ്യ, ചാമരാജ്‌നഗര്‍ തുടങ്ങിയ മേഖലകളില്‍ അവര്‍ നേടിയ വിജയം കര്‍ഷകരുടെ രോഷത്തിന്റെ കൂടി ഫലമാണ്.

ഈ നാടകത്തിന്റെ അവസാനം എന്തായാലും, ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള വലിയ സന്ദേശം നല്‍കാന്‍ കോണ്‍ഗ്രസിന് സാധിച്ചുവെന്നത് പ്രധാനമാണ്. എണ്ണത്തില്‍ കുറവുള്ള ദളിനെ ഉപാധികളില്ലാതെ പിന്തുണക്കാന്‍ തീരുമാനിക്കുമ്പോള്‍ മുന്‍കാലത്തൊക്കെ അവര്‍ ധരിച്ചിരുന്ന ദേശീയ പാര്‍ട്ടിയുടെ വലിയ കുപ്പായം ഉപേക്ഷിക്കുകയാണ് കോണ്‍ഗ്രസ്. അത് പ്രതിപക്ഷ ഐക്യമെന്ന ആശയത്തോട് യോജിക്കുന്ന രാജ്യത്തെ ഇതര പാര്‍ട്ടികള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കത്തില്‍ സുപ്രധാന ചുവടാകുകയാണ് കര്‍ണാടക, കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായിട്ടും. കുതിരക്കച്ചവടമോ ഭരണത്തിലെ അസ്ഥിരതയോ റിസോര്‍ട്ട് രാഷ്ട്രീയമോ ഇനിയുണ്ടാകാന്‍ ഇടയുള്ള അട്ടിമറികളോ അതിന്റെ പ്രാധാന്യം കുറക്കില്ല.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest