ഹൃദയത്തിലെ കറകള്‍ മായ്ച്ചുകളയാം

ഹൃദയത്തിന്റെ കറകള്‍ മായ്ച്ചുകളഞ്ഞ് ഇലാഹീ വിചാരങ്ങള്‍ ശക്തമാക്കി യഥാര്‍ഥമായ ജീവിതത്തിന്റെ വിജയത്തിനായി അനേകമനേകം നന്മകള്‍ സംഭരിക്കാനുള്ള ദിനരാത്രങ്ങളാണ് റമസാനിന്റേത്. സമ്പൂര്‍ണമായ ഭക്തി ഹൃദയത്തിലും ജീവിതത്തിലും കൊണ്ടുവന്ന്, വിശുദ്ധ ഖുര്‍ആന്‍ ആവശ്യപ്പെട്ടതു പോലെ ഭക്തിമാര്‍ഗത്തില്‍ സജീവമാകാം. അതിനു ധാരാളം ഖുര്‍ആന്‍ പാരായണം ചെയ്യണം. രാത്രി നിസ്‌കാരങ്ങള്‍ വര്‍ധിപ്പിക്കണം. സ്വദഖ ചെയ്യണം. അല്ലാഹുവിന്റെ ഭവനത്തില്‍ ഇരുന്ന് അവനെ ഓര്‍ക്കണം. കണ്ണീരൊഴുക്കി ദുആ ചെയ്യണം.
Posted on: May 17, 2018 6:00 am | Last updated: May 19, 2018 at 8:28 pm

റമസാന്‍ കടന്നുവരുമ്പോള്‍ വിശ്വാസികള്‍ക്ക് ഉണ്ടാകുന്ന ആനന്ദം തീവ്രമാണ്. കാരണം അത്രമേല്‍ വിശിഷ്ടമായിട്ടാണ് ഈ മാസത്തെ അല്ലാഹുവും റസൂലും പരിചയപ്പെടുത്തിയത്. ഹൃദയത്തിന്റെ കറകള്‍ മായ്ച്ചുകളഞ്ഞ് ഇലാഹീ വിചാരങ്ങള്‍ ശക്തമാക്കി യഥാര്‍ഥമായ ജീവിതത്തിന്റെ വിജയത്തിനായി അനേകമനേകം നന്മകള്‍ സംഭരിക്കാനുള്ള ദിനരാത്രങ്ങളാണ് റമസാനിന്റേത്. 12 മാസങ്ങളുണ്ട് ഒരു വര്‍ഷത്തില്‍. എന്നാല്‍ മറ്റൊരു മാസത്തെയും റമസാന്‍ പോലെ വിശിഷ്ടമായി പരിചയപ്പെടുത്തപ്പെട്ടിട്ടില്ല. വിശുദ്ധ ഖുര്‍ആന്‍ തന്നെ എത്രയോ സ്ഥലങ്ങളില്‍ റമസാനിന്റെ മഹത്വങ്ങള്‍ എടുത്തുപറയുന്നുണ്ട്.

സൂറത്തുല്‍ ബഖറയില്‍ അല്ലാഹു റമസാനിനെ പറ്റി പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: ‘വിശ്വാസികളേ, നിങ്ങള്‍ക്ക് നോമ്പിനെ നിര്‍ബന്ധമാക്കിയത് പോലെ മുന്‍കാല ജനതക്കും നിര്‍ബന്ധമാക്കിയിരുന്നു. ഹൃദയത്തില്‍ ഭക്തിയുള്ളവരാവുക എന്നതാണ് വ്രതം അനിവാര്യമാക്കിയതിന്റെ കാരണം.’ മറ്റു മാസങ്ങളില്‍ നിന്ന് വ്യതിരിക്തമായി വിശ്വാസികള്‍ കൂടുതല്‍ ഭക്തിയോടെയും സൂക്ഷ്മതയോടെയും ഈ മാസത്തെ സജീവമാക്കേണ്ടതുണ്ട് എന്ന അല്ലാഹുവിന്റെ കൃത്യമായ സന്ദേശം ഈ ആയത്ത് ഉള്‍വഹിക്കുന്നുണ്ട്.

തുടര്‍ന്ന് റമസാനിനു വൈശിഷ്ട്യം ലഭിക്കാന്‍ പ്രധാന നിമിത്തമായത് ഖുര്‍ആന്‍ അവതീര്‍ണമായ കാലം ആയതിനാലാണ് എന്നതിലേക്ക് വചനം വെളിച്ചം വീശുന്നു. ‘ഖുര്‍ആന്‍ ഇറക്കപ്പെട്ടത് റമസാനിലാണ്. സത്യാസത്യങ്ങളെ വേര്‍തിരിച്ച്, ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി ഖുര്‍ആന്‍. അതിനാല്‍ ഈ മാസത്തിന്റെ വരവില്‍ സാന്നിധ്യമുള്ളവരൊക്കെ നോമ്പനുഷ്ഠിക്കുവിന്‍’ ഖുര്‍ആനിന്റെ അവതീര്‍ണം കൊണ്ട് അനുഗൃഹീതമാക്കപ്പെട്ട റമസാന്‍ മാസത്തില്‍ ജീവിക്കാന്‍ ഭാഗ്യം കിട്ടിയ വിശ്വാസികള്‍ക്ക് അമലുകള്‍ വര്‍ധിപ്പിച്ച്, ഒട്ടനേകം സുകൃതങ്ങളുടെ ഉടമകളാകാന്‍ അസുലഭമായ അവസരം ഒരുക്കിയിരിക്കുകയാണ് അല്ലാഹു.

ശരീരത്തിന്റെയും മനസ്സിന്റെയും ആസക്തികളില്‍ നിന്നകലുക എന്നതാണ് മനുഷ്യര്‍ തഖ്വയുള്ളവര്‍ ആയിത്തീരാന്‍ അടിസ്ഥാനപരമായി വേണ്ടത്. പൈശാചികമായ ചിന്തകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നുമുള്ള വിമോചനം എന്നും പറയാം.

റമസാന്‍ മാസത്തില്‍ തന്നെയാണ് പൂര്‍വവേദങ്ങളും അവതരിപ്പിക്കപ്പെട്ടതെന്നു കാണാം. റമസാനിലെ ആദ്യരാത്രിയില്‍ ഇബ്‌റാഹീം നബി(അ)ന് ഏടുകള്‍ ഇറക്കപ്പെട്ടു. റമസാനിലെ ആറ് ദിവസം കഴിഞ്ഞ് മൂസാനബി(അ)ന് തൗറാത്തും പതിമൂന്ന് ദിവസം കഴിഞ്ഞ് ഈസാ നബി(അ)ന് ഇഞ്ചീലും പതിനെട്ടാമത്തെ ദിവസം കഴിഞ്ഞ് ദാവൂദ് നബി(അ)ന് സബൂറും ഇറക്കപ്പെട്ടു എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. പൂര്‍വഗ്രന്ഥങ്ങള്‍ അവതരിപ്പിക്കപ്പെട്ടത് തന്നെ ഈ മാസത്തിന്റെ സവിശേഷതയാണെങ്കില്‍ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചതോടെ ഈ മാസത്തിന്റെ പ്രത്യേകത പരകോടിയിലെത്തി.

ഹിജ്‌റ കലണ്ടറിലെ ഒമ്പതാം മാസമാണ് റമസാന്‍. ഖുര്‍ആനില്‍ ശഹ്‌റു റമസാന്‍ എന്നാണ് ഈ മാസത്തെ വിശേഷിപ്പിക്കുന്നത്. എന്തുകൊണ്ട് അത്തരത്തില്‍ റമസാനിനെ അല്ലാഹു പ്രയോഗിച്ചു എന്നതിന് ഇമാം റാസി(റ) നല്‍കുന്ന വിശദീകരണമിങ്ങനെയാണ്: റംളാഅ് എന്നതില്‍ നിന്നാണ് റമളാന്‍ ഉത്ഭവിച്ചത്. റംളാഅ് എന്നാല്‍ ശരത്കാലത്തിനു മുമ്പ് വര്‍ഷിക്കുന്ന മഴ എന്നാണര്‍ഥം. ഈ മഴയുടെ പെയ്ത്തു ഭൂമിയെ കഴുകി വൃത്തിയാക്കുന്നു. ഇതുപോലെ റമസാന്‍ മനുഷ്യന്റെ ശരീരവും മനസ്സും പാപങ്ങളില്‍ നിന്ന് വിമോചിപ്പിക്കുന്നു.

റമസാനിലെ നിര്‍ബന്ധമായ ആരാധനയാണ് വ്രതം. അനിവാര്യമായി ഒരു മുസ്‌ലിം അനുഷ്ഠിക്കേണ്ട പഞ്ചകര്‍മങ്ങളില്‍ ഒന്നാണിത്. അല്ലാഹു പറയുന്നു: നോമ്പ് എനിക്കുള്ളതാണ്, ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത് (ബുഖാരി, മുസ്‌ലിം). നോമ്പുകാര്‍ പരലോകത്തുനിന്ന് റയ്യാന്‍ എന്ന വാതിലിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കും (ബുഖാരി). അത്രമേല്‍ പരിഗണനയോടെ നോമ്പനുഷ്ഠിക്കുന്ന വിശ്വാസികളെ അല്ലാഹു കാണുന്നു എന്ന് ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നു.

കേവല ഭക്ഷണ പാനീയങ്ങളില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍ മാത്രമല്ല നോമ്പ്. സമ്പൂര്‍ണമായ ഭക്തി ഹൃദയത്തിലും ജീവിതത്തിലും കൊണ്ടുവന്ന്, വിശുദ്ധ ഖുര്‍ആന്‍ ആവശ്യപ്പെട്ടത് പോലെ ഭക്തിമാര്‍ഗത്തില്‍ സജീവമാകലാണ്. അതിനു ധാരാളം ഖുര്‍ആന്‍ പാരായണം ചെയ്യണം. രാത്രി നിസ്‌കാരങ്ങള്‍ വര്‍ധിപ്പിക്കണം. സ്വദഖ ചെയ്യണം. അല്ലാഹുവിന്റെ ഭവനത്തില്‍ ഇരുന്ന് അവനെ ഓര്‍ക്കണം. ഈ ലോകത്തെ നൈമിഷിക ജീവിതത്തിന്റെ പരിമിതികളെ പറ്റി ബോധ്യമുണ്ടാകണം. കണ്ണീരൊഴുക്കി ദുആ ചെയ്യണം. ബദ്‌രീങ്ങള്‍ പോലുള്ള മഹാന്മാരെ സ്മരിക്കണം. റമസാനിലെ ഓരോ പത്തിനും കല്‍പ്പിച്ച സവിശേഷതക്ക് അനുസരിച്ചു പ്രാര്‍ഥനാ നിരതരാകണം.

സ്വര്‍ഗത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നുവെച്ച, പിശാചിനെ ബന്ധിച്ചുവെച്ച മാസമാണിതെന്നു റസൂല്‍(സ) പഠിപ്പിച്ചിട്ടുണ്ട്. ഓരോ അമലിനും ഇരട്ടിയിരട്ടി പ്രതിഫലം കിട്ടുന്ന സമയങ്ങള്‍. സുന്നത്തുകള്‍ക്ക് ഫര്‍ളുകളുടെ പ്രതിഫലവും ഫര്‍ളുകള്‍ക്ക് പലമടങ്ങ് പുണ്യങ്ങളും ലഭിക്കുന്ന ഈ മാസത്തെ വിശ്വാസികള്‍ പരമാവധി ഉപയോഗപ്പെടുത്തണം. കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും നരകത്തില്‍ നിന്നുള്ള രക്ഷയുടെയും മൂന്ന് പത്തുകളിലും ബദ്ര്‍ ശുഹദാക്കളുടെ മഹത്തായ ജീവിതം ഓര്‍മിക്കുന്ന ദിവസങ്ങളിലും ഖദ്‌റിന്റെ സാധ്യതാ രാവുകളിലും കൈകള്‍ അല്ലാഹുവിലേക്കുയര്‍ത്തി ഭൗതിക താത്പര്യങ്ങളൊന്നുമില്ലാത്ത പ്രാര്‍ഥനകള്‍ ഉണ്ടാകണം വിശ്വാസികളില്‍.

എത്ര ഭാഗ്യവാന്മാരാണ് നമ്മള്‍. റമസാനിനെ വീണ്ടും സ്വീകരിക്കാനുള്ള ആയുസ്സ് അല്ലാഹു കനിഞ്ഞേകി തന്നിരിക്കുന്നു. പല മഹാന്മാരുടെയും പ്രാര്‍ഥനകള്‍, ധാരാളം റമസാനിനെ ജീവിതത്തില്‍ അഭിമുഖീകരിക്കാനുള്ള ഭാഗ്യം തേടിയായിരുന്നു. അനേകം റമസാനുകള്‍ ലഭിക്കുന്ന വിശ്വാസിക്ക് മുമ്പില്‍ പുണ്യം ജീവിതത്തിലേക്ക് ചേര്‍ത്തുവെക്കാനുള്ള എത്രയോ അവസരങ്ങള്‍ ആണല്ലോ ലഭിക്കുന്നത്. പാരത്രിക ജീവിതത്തെ സമ്പന്നവും സുഖകരവും ആക്കാനുള്ള എത്രയെത്ര രാവുകള്‍. അതുകൊണ്ടു റമസാനിലെ ഓരോ നിമിഷവും ഉപയോഗപ്പെടുത്തണം. നാഥനില്‍ മനസ്സും ശരീരവും സമര്‍പ്പിക്കണം.

അതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ ജാഗ്രതയുണ്ടാകണം നമ്മുടെ ഓരോരുത്തരുടെ ഓരോ സമയങ്ങളിലും. അല്ലാഹുവും റസൂലും ഇഷ്ടപ്പെട്ടവിധമാകണം നമ്മുടെ നടപ്പും ഇരിപ്പും. നിര്‍ബന്ധ കര്‍മങ്ങള്‍ക്കൊപ്പം സുന്നത്തുകള്‍ ധാരാളമായി അനുഷ്ഠിക്കണം. അത്തരത്തില്‍ സുകൃതങ്ങള്‍ കൊണ്ട് ധന്യമാക്കാന്‍ അല്ലാഹു വിശ്വാസികള്‍ക്ക് അനുഗ്രഹം ചൊരിയട്ടെ.